ചിത്രം വര, പല കാലങ്ങളായി ജീവിതത്തിന്റെ വര്‍ണ്ണങ്ങള്‍ കാന്‍വാസിലേക്ക് പകര്‍ത്തിയതിന്റെ അടയാളങ്ങളാണ്...
സംഭവിക്കാനിരിക്കുന്നതൊന്നും മുന്‍ നിശ്ചയപ്രകാരമല്ല... അതാണ് എന്റെ ഓരോ അനുഭവങ്ങളും...
എന്നെ പിറകോട്ട് വലിക്കുന്ന ചില നിസംഗതകളില്‍ ഒന്നുമല്ലാത്തിടത്തു നിന്നും ചിലതിലേക്ക് ചേര്‍ത്തുവെക്കാന്‍ അല്ലാഹു എനിക്ക് തന്ന അനുഗ്രഹങ്ങള്‍...
കഴിവുകളെല്ലാം ദൈവത്തിന്റെ അനുഗ്രഹങ്ങളാണ്.... അത് ചിലര്‍ക്ക് ജന്മനാല്‍ കിട്ടുന്നതാണ്... ചിലര്‍ക്ക് പാരമ്പര്യത്തിന്റെ ഭാഗമാണ്... ചിലരില്‍ മറ്റുള്ളവരുടെ പ്രേരണയാലോ പ്രോത്സാഹനത്തിലോ ഉയര്‍ന്ന് വരുന്ന കഴിവുകളാണ്...
എന്നാല്‍ ഇതിനെല്ലാം അപ്പുറം ആശുപത്രിയിലെ ഏകാന്തതയുടെ ഒറ്റപ്പെടലിന്റെ മുഷിപ്പില്‍ എപ്പോഴോ എന്തൊക്കെയോ കുത്തി വരക്കാന്‍ തുടങ്ങി... അതു ചിത്രങ്ങളായി രൂപപ്പെട്ടതും പിന്നീടെപ്പോഴോ ആയിരുന്നു.... ആദ്യം മഷിപ്പേനയില്‍ നിന്നും തുടങ്ങി, പിന്നെ കളര്‍ പെന്‍സിലിലും, സ്‌കെച്ചു പേനയിലുമായിരുന്നു വരകള്‍...
എങ്ങനെ വരക്കണമെന്നറിയാതെ വരക്കുന്നതിനെല്ലാം ഒരേ രൂപവും ഭാവവുമായിരുന്നു...
അതിലപ്പുറം വരക്കാന്‍ അറിയുകയില്ല... വരച്ചാല്‍ ശരിയാവുകയുമില്ല....
ഒരു ചിത്രം വരക്കാനുള്ള അടിസ്ഥാന വിവരം അറിയാനോ അതിനെ കുറിച്ച് എന്തെങ്കിലും പറഞ്ഞ് തരാനോ ആരില്‍ നിന്നും ഒരു മാര്‍ഗ്ഗവും ഉണ്ടായിരുന്നില്ല...
നന്നായാലും ഇല്ലെങ്കിലും ആവര്‍ത്തിച്ചു വരച്ചു കൊണ്ടിരുന്നു....
കാലങ്ങള്‍ കഴിഞ്ഞപ്പോള്‍ ആവര്‍ത്തനങ്ങളില്‍ പുതുമകളില്ലാത്ത വിരസതയില്‍ മടുപ്പു തോന്നി ഇടക്കെപ്പോഴോ നിലച്ചു പോയി, വരകള്‍....
കുട്ടിക്കാലത്ത് വായിച്ച ബാലസാഹിത്യ പുസ്തകങ്ങളിലെയും ആഴ്ചപതിപ്പുകളിലെയും ചിത്രങ്ങളായിരുന്നു വരക്കാനുണ്ടായ പ്രേരണകള്‍...
അതില്‍ കണ്ടതു പോലെ ചുരിദാറിട്ട, പട്ടുപാവുടയുടുത്ത, സാരിയുടുത്ത ജീവന്‍ തുടിക്കുന്ന പെണ്ണുങ്ങളുടെ വിവിധ വര്‍ണ്ണങ്ങള്‍ വരക്കാന്‍ ശ്രമിച്ചതൊക്കെയും യഥാര്‍ത്ഥ ചിത്രത്തിന്റെ ഒരു നേര്‍ പകര്‍പ്പുമില്ലാതെ വേറെ രൂപങ്ങളായി നോട്ട് പുസ്തകത്താളുകളില്‍ പതിഞ്ഞു...
ആരും കാണാതെ കീറിക്കളഞ്ഞ ചിത്രങ്ങള്‍ എത്രയോ...
മറ്റുള്ളവരെ കാണിക്കാന്‍ കൊള്ളില്ലെന്ന അപകര്‍ഷതയില്‍ നശിപ്പിക്കാനാവാതെ ഒളിപ്പിച്ചു വെച്ചവ അതിലുമെത്രയോ....
വരച്ച ചിത്രങ്ങള്‍ ഓരോന്നും ഓരോ കാലത്തിന്റെ ഓര്‍മ്മപ്പെടുത്തലുകളായിരുന്നു...
ആരെയും ആകര്‍ഷിപ്പിക്കാനും വിസ്മയിപ്പിക്കാനും തക്കതായൊന്നുമില്ലെങ്കിലും എന്റെ ചിത്രങ്ങള്‍ ചിലപ്പോഴൊക്കെ എന്നെ സന്തോഷിപ്പിച്ചു...
ചിലപ്പോഴൊക്കെ, കരഞ്ഞാലും തീരാത്ത കണ്ണീരില്‍ നിന്നും..., വിരസമായ ഏകാന്തതയില്‍ നിന്നും..., പരിഹരിക്കാനാവാത്ത നിരാശകളില്‍ നിന്നും..., ഒരു കൂട്ടും എത്തിനോക്കാത്ത ഒറ്റപ്പെടില്‍ നിന്നും എന്നെ രക്ഷിച്ചിട്ടുണ്ട്...
അപ്പോഴും നാം വരക്കുന്ന ജീവനുള്ള ചിത്രങ്ങള്‍ക്ക് ജീവന്‍ കൊടുക്കേണ്ടി വരും എന്ന മതനിബന്ധനകള്‍ കര്‍ശനമായി വിലക്കിയ ചിത്രംവര എനിക്ക് നിഷിദ്ധമായിരുന്നല്ലോ...
അക്കാരണത്താല്‍ തന്നെ വരക്കാനുള്ള ആഗ്രഹങ്ങള്‍ മനസ്സില്‍ പതഞ്ഞ് പൊങ്ങുമ്പോഴും പേരറിയാത്ത പേടിയുടെ തീക്കനല്‍ നെഞ്ചിലൊതുക്കി അതെല്ലാം അടക്കി വെക്കും....
പിന്നെയും ഇടക്ക് ആരും കാണാതെ വരച്ചും വരച്ചത് ഒളിപ്പിച്ചു വെച്ചും എത്രയോ നാളുകള്‍...
ചരിത്രം മാറ്റി എഴുതാന്‍ കാലം എല്ലാറ്റിനും സാക്ഷി...
യാദൃശ്ചികമെന്ന് പറയാമോ..?! ഒരു ചിത്രകാരിയായി കാലം എന്നെ അടയാളപ്പെടുത്തി... !
എത്ര ഒഴിവാക്കാന്‍ ശ്രമിച്ചിട്ടും, വരക്കാന്‍ അറിയില്ലെന്ന കാരണം പറഞ്ഞ് സ്വയം മാറി നിന്നിട്ടും കാലവും സമൂഹവും എന്നെ ഒരു ചിത്രകാരിയെന്ന് വിശേഷിപ്പിച്ചത് ദൈവത്തിന്റെ വലിയ അനുഗ്രഹം കൊണ്ടാണ് എന്ന് വിശ്വസിക്കാനാണ് എനിക്ക് ഏറെ ഇഷ്ടം...
പേനയും പെന്‍സിലും ബ്രഷുകളും ഉപയോഗിച്ച് വരക്കുന്നത് കടലാസുകളില്‍ മാത്രമല്ലാതെ, പിന്നെയത് ഗ്ലാസ് പെയിന്റിംങ് എന്ന രീതി പരീക്ഷിച്ചു...
പിന്നെ പതുക്കെ തുണികളില്‍ ഫാബ്രിക് ഡിസൈനുകളും ചെയ്യാന്‍ ശീലിച്ചു...
വര ഒരു തരത്തില്‍ ആസ്വാദനവും മറ്റൊരു വിധത്തില്‍ വരുമാനവും കിട്ടിത്തുടങ്ങിയപ്പോള്‍ അത് എന്റെ ജീവിതത്തിന്റെ ഒരു ഭാഗമായി മാറി...
ചിത്രം വര എന്റെ ജീവനല്ല... പക്ഷെ, ജീവന്റെ തുടിപ്പില്‍ പ്രാര്‍ത്ഥന പോലെ എനിക്ക് വരക്കണമായിരുന്നു...
ചിത്രം വര എന്റെ ജീവിതവുമല്ല... എന്നാല്‍ എന്നെ ജീവിതത്തിലേക്ക് ഇറക്കിയത് ഈ ചിത്രവര കൂടി ആയിരുന്നു....
ആശയിലും നിരാശയിലും വരയുണ്ടായിരുന്നു... അത് എന്നില്‍ സങ്കടവും സന്തോഷവും നിറച്ചിട്ടുണ്ട്...
അത് എന്റെ ജീവന്റെ ഉണര്‍വ്വിനും ഉയര്‍ച്ചക്കും കാരണമായിട്ടുണ്ട്... എന്നിട്ടും നന്നായി വരക്കാന്‍ കഴിയുന്നില്ല എന്നത് എന്റെ വിട്ടുമാറാത്ത നിരാശയായിരുന്നു.
വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളിലും ഓരോ ആഗ്രഹങ്ങള്‍ മനസ്സില്‍ മാനം മുട്ടെ ഉയര്‍ന്ന് പൊങ്ങുമ്പോഴും എനിക്ക് കിട്ടിയ അനുഗ്രഹങ്ങളില്‍ എടുത്തു പറയാനുണ്ടായിരുന്നത് ചെറുതായിട്ടാണെങ്കിലും ചിത്രം വരക്കാനുള്ള കഴിവ് മാത്രമായിരുന്നു...
എന്നെ കുറിച്ച് വന്ന എല്ലാ പത്ര- ദൃശ്യ മാധ്യമങ്ങളിലും അതിന് വലിയ പ്രാധാന്യമാണ് നല്‍കിയിരുന്നത്.
ഒരിക്കല്‍, ഒരു വലിയ സമ്മാനപ്പെട്ടി എന്റെ പേരില്‍ കൊറിയറായി വന്നു... 2007 ല്‍ എന്നെ കുറിച്ചുള്ള പത്രവാര്‍ത്ത കണ്ട അമന്‍ താരിഷ് എന്ന ആള്‍ സൗദിയില്‍ നിന്നും അയച്ചതായിരുന്നു അത്...
തുറന്നു നോക്കിയപ്പോള്‍, എന്നെ ശരിക്കും ഞെട്ടിച്ചു കൊണ്ട്, ഒരിക്കലും പ്രതീക്ഷിക്കാത്ത കാഴ്ച കണ്ട് മനസ്സും കണ്ണും നിറഞ്ഞു...
എന്നെ നേരില്‍ കണ്ടിട്ടില്ലാത്ത ഒരാളുടെ സ്‌നേഹ സമ്മാനം...!
അത് എന്റെ ചിത്രംവരക്ക് എനിക്ക് കിട്ടാവുന്നതില്‍ വെച്ച് ഏറ്റവും വലിയ സമ്മാനമായിരുന്നു...
അതുവരെ ഞാന്‍ കണ്ടിട്ടില്ലാത്ത വിധം, ഒരു ആര്‍ട്ടിസ്റ്റ് ഉപയോഗിക്കുന്ന എല്ലാ തരം കളറുകളും ബ്രഷുകളും പേനകളും പെന്‍സിലുകളും സ്‌കെച്ചും ക്രയോണ്‍സുകളും കാന്‍വാസും എനിക്ക് ഇരുന്ന് വരക്കാനുള്ള ചെറിയ സ്റ്റാന്റും ആ വലിയ പെട്ടിയിലുണ്ടായിരുന്നു...
വിവിധ തരത്തില്‍ ഉപയോഗിക്കുന്ന കളറുകള്‍ ഇത്രയധികം ഉണ്ടെന്ന കാര്യം പോലും അപ്പോഴാണ് ഞാന്‍ കാണുന്നതും അറിയുന്നതും...
വീണ്ടും വരയുടെ വിശാലമായ ലോകത്തേക്ക് വരുന്നതിന് അതൊരു കാരണമായി... പുതിയ ചിത്ര പരീക്ഷണങ്ങള്‍ക്ക് പറ്റിയ എല്ലാം അതിലുണ്ടായിരുന്നു...
എനിക്ക് 'വരക്കാന്‍ കഴിയും' എന്ന് ആത്മവിശ്വാസം നല്‍കി, വലിയ ഒരു കാന്‍വാസ് വാങ്ങിക്കൊണ്ട് വന്ന് അക്രിലിക് കളര്‍ കൊണ്ട് ചിത്രം വരക്കാന്‍ നിര്‍ബന്ധിച്ചു വരപ്പിച്ചത് സുധീറേട്ടന്‍ ആയിരുന്നു...
വരക്കാനിരുന്നപ്പോള്‍ എന്ത് വരക്കുമെന്ന് മണിക്കൂറുകളോളം തല പുകഞ്ഞു...
സംശയത്തോടെ വരച്ചും മായിച്ചും ആദ്യത്തെ അക്രിലിക് പെയിന്റിംങ്...!
വരച്ചു കഴിഞ്ഞപ്പോള്‍ സന്തോഷവും സങ്കടവും ഒരുമിച്ച് തിങ്ങിനിറഞ്ഞ നിമിഷങ്ങള്‍...
മൂന്നാല് ദിവസങ്ങള്‍ കൊണ്ട് കാന്‍വാസില്‍ പകര്‍ത്തിയ അമൂര്‍ത്ത ചിത്രം, പല കാരണങ്ങളാല്‍ വേട്ടയാടപ്പെടുന്ന ഒരു സ്ത്രീ ആയിരുന്നു...
ആദ്യത്തെ ചിത്രംവരയില്‍ വന്ന ഇത്തിരി ധൈര്യത്തില്‍ പിന്നെ കാന്‍വാസില്‍ നിന്നും കാന്‍വാസുകളിലേക്ക് വര്‍ണ്ണങ്ങള്‍ പല രൂപങ്ങളായി, ഭാവങ്ങളായി...
രാവും പകലും സമയം വേര്‍തിരിക്കുന്നതറിയാതെ...
ദിവസങ്ങളും തിയതികളും വന്നു പോവുന്നതറിയാതെ...
തുടര്‍ന്നുള്ള നീണ്ട നാളുകളില്‍ മനസ്സില്‍ തോന്നിയതെല്ലാം കാന്‍വാസിലേക്ക് പകര്‍ത്തുന്ന ധ്യാനം തന്നെയായിരുന്നു....
പിന്നീടുള്ള കാര്യങ്ങള്‍ സ്വപ്നങ്ങളില്‍ പോലും കാണാതിരുന്നത്...
ഒരു ദിവസം, തികച്ചും യാദൃശ്ചികമായിട്ടായിരുന്നു കെ.ജയകുമാര്‍ (ഐ.എ.എസ്) സാറിന്റെ സന്ദര്‍ശനം...
അത് ജീവിതത്തിലെ വലിയൊരു വഴിത്തിരവിന് കാരണമായി...
ഞാന്‍ വരച്ചു വെച്ച ചിത്രങ്ങള്‍ കണ്ടപ്പോള്‍ അദ്ദേഹത്തിന്റെ അടുത്തു നിന്നും പറഞ്ഞുകേട്ട അഭിപ്രായങ്ങളായിരുന്നു ഞാന്‍ കേട്ടതില്‍ വെച്ച് ഏറ്റവും മൂല്യമുള്ള വാക്കുകള്‍...
അദ്ദേഹത്തിന്റെ നിര്‍ബന്ധത്തില്‍ ഒരു ചിത്രപ്രദര്‍ശനം നടത്തണം എന്ന അഭിപ്രായങ്ങള്‍ക്കൊപ്പം അതിനൊരു അവസാന തീരുമാനമെടുക്കാന്‍ അദ്ദേഹത്തിന് നിമിഷങ്ങള്‍ മാത്രമേ വേണ്ടി വന്നുള്ളൂ...
ആ തീരുമാനം നടപ്പിലാക്കാന്‍ അധികം താമസമുണ്ടായില്ല...
അങ്ങനെ 2011 ഫെബ്രുവരി നാല് മുതല്‍ ഏഴ് വരെ മലപ്പുറം കോട്ടക്കുന്ന് ആര്‍ട്ട് ഗാലറിയില്‍ വെച്ച് കളേഴ്‌സ് ഓഫ് ഡ്രീംസ് എന്ന എന്റെ ഏറ്റവും വലിയ സ്വപ്നസാക്ഷാത്കാരമായ ചിത്രപ്രദര്‍ശനം നടന്നു...
അധികം വൈകാതെ 2012 മാര്‍ച്ചില്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ ജോലി കിട്ടി... ! കാലം, ജീവിതം പിന്നെയും മാറ്റി മറിച്ചു...
അതുവരെയല്ലാത്ത മറ്റൊരു ലോകത്തേക്ക് ജീവിതം പറിച്ചു നട്ടപ്പോള്‍, അതുവരെ ഉണ്ടായിരുന്നതും ഉണ്ടാക്കിയെടുത്തതും അല്ലാത്ത മറ്റൊരു അവസ്ഥയില്‍ പുതിയ ജീവിത രീതികള്‍ എന്നില്‍ മൊത്തമായ മാറ്റങ്ങളുണ്ടാക്കി...
പുതിയ ലോകവും അവിടുത്തെ രീതികളും എന്റെ അവസ്ഥക്കനുസരിച്ച് ഇണക്കിയെടുക്കുന്ന തിരക്കില്‍ എന്നെ എന്താണോ ആക്കിയെടുത്തത് അതും, എന്തായിരുന്നോ ആകാന്‍ ശ്രമിച്ചത് അതും മനഃപ്പൂര്‍വ്വമല്ലാതെ എന്നില്‍ നിന്നും ഇല്ലാതായി. പലപ്പോഴും അതെന്റെ മനസ്സില്‍ നീറിക്കൊണ്ടിരിക്കുമ്പോഴും, രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെയുള്ള ജോലി സമയത്തിനു ശേഷം മോശമായ ശാരീരിക ആസ്വാസ്ഥ്യത്തില്‍ പഴയ ആഗ്രഹങ്ങള്‍ വീണ്ടെടുക്കാന്‍ സാധിക്കാതെ, ഞാന്‍ ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന വായനയും എഴുത്തും വരയും എന്നൊരു ലോകം എന്നില്‍ നിന്നും മെല്ലെ മാഞ്ഞ് കൊണ്ടിരിക്കുന്നത് വേദനയോടെ തിരിച്ചറിഞ്ഞു....
വര്‍ഷങ്ങള്‍ക്കു ശേഷം ഒട്ടും പ്രതീക്ഷിക്കാതെ, ആ ആഗ്രഹങ്ങള്‍ പൊടിതട്ടിയെടുക്കാന്‍ മറ്റൊരു അസുലഭ അവസരം എന്നെ തേടി എത്തുകയായിരുന്നു...!
കേരള ലളിതകല അക്കാദമിയുടെ തൃശൂര്‍ ആസ്ഥാന മന്ദിരത്തില്‍ വെച്ച് 2019 ജൂലായ് 17 മുതല്‍ 24 വരെ ഒരാഴ്ച നീണ്ട് നില്‍ക്കുന്ന ക്യാമ്പിലേക്ക് എനിക്ക് ക്ഷണം കിട്ടി...
ആദ്യമായിട്ടാണ് ഒരു ക്യാമ്പില്‍ പങ്കെടുക്കാന്‍ അവസരം കിട്ടുന്നത്... അതും എല്ലാവിഭാഗം ആളുകളെയും ഉള്‍പ്പെടുത്തി അക്കാദമി നേരിട്ട് നടത്തുന്ന വലിയ ക്യാമ്പ്....
ഒരുപാട് സന്തോഷം തോന്നിയ നിമിഷത്തിലും വരയുടെ ബന്ധം നാളുകളായി നിലച്ചു പോയ ആധിയില്‍ മനസ്സില്‍ അസ്വസ്ഥതകള്‍ പെരുകി...
എല്ലാം അറിയുന്ന ആര്‍ട്ടിസ്റ്റുകള്‍ക്കൊപ്പം വരക്കാനാവില്ല എന്ന തോന്നലുകള്‍ എന്നെ തളര്‍ത്തി... പോകണോ വേണ്ടയോ എന്ന് സംശയിച്ച് മടിച്ചപ്പോള്‍ അതില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിച്ചത് ജസ്ഫറും സുധീറേട്ടനുമായിരുന്നു... ഒരാഴ്ച താമസിക്കാന്‍ കൂടെയുണ്ടാകുമെന്ന് നാസിബും (ജ്യേഷ്ഠത്തി റജീനയുടെ മകന്‍) ഉറപ്പു തന്നപ്പോഴാണ് തൃശൂരിലേക്ക് പോകാമെന്ന് തീരുമാനിക്കുന്നത്...
പേടിയോടെ കാത്തിരുന്ന ദിവസം വന്നെത്തി...
അക്കാദമിയുടെ മുന്നില്‍ വണ്ടി എത്തി നില്‍ക്കുന്നതു വരെ യാത്രയില്‍ ഉടനീളം പലവിധ അസ്വസ്ഥതകളുടെ മുള്‍മുനയിലായിരുന്നു...
ചിത്രകലയുടെ ആസ്ഥാന മന്ദിരത്തിനു മുമ്പില്‍ എത്തിയപ്പോള്‍ തന്നെ കണ്ടത്, മുഖം നിറഞ്ഞ ചിരിയോടെ ആഹ്ലാദത്തോടെ എന്നെ പേര് വിളിച്ച് സ്വാഗതം ചെയ്ത സുഗത മാഡത്തിനെയാണ്... അതുവരെ മനസ്സില്‍ പെരുത്തു കൂടിയ പേടിയുടെ മഞ്ഞുമല മെല്ലെ ഉരുകി അലിഞ്ഞില്ലാതായി... അതിന്റെ ശാന്തതയില്‍ അവിടുത്തെ ചുറ്റുപാടുകളിലേക്കെല്ലാം നോക്കിയും കണ്ടും, ലയം ചിത്ര-ശില്പകലയുടെ ക്യാമ്പിന് എത്തിയ വിവിധ ജില്ലകളില്‍ നിന്നുള്ള 25 ല്‍ അധികം കലാകാരന്മാരോടും കലാകാരികളോടും 10 ഓളം ശില്പികളോടും ഒപ്പം ഞാനും കൂടി....
ചിത്രകലയുടെ തലതൊട്ടപ്പന്മാരോടൊപ്പം കിട്ടിയ അവസരത്തില്‍ പുതിയ ലോകത്ത് നിന്ന് ഓരോന്നും കാണുകയായിരുന്നു... മനസ്സിലാക്കുകയായിരുന്നു... അറിയുകയായിരുന്നു....
വിശിഷ്ട അതിഥികള്‍ പങ്കെടുത്ത വേദിയില്‍ ലയം ക്യമ്പ് ഉദ്ഘാടനം ചെയ്തത് സംവിധായകനും നടനുമായ ശ്രീ. മധുപാല്‍ സര്‍ ആയിരുന്നു. കലാകാരന്മാര്‍ ഒരുമിച്ച് കൂടിയ സദസ്സില്‍ വെച്ച് കേരള ലളിതകല അക്കാദമിയുടെ ചെയര്‍മാന്‍ നേമം പുഷ്പരാജ് സര്‍, കളറുകളും കാന്‍വാസും പെന്‍സിലും ഡ്രോയിംങ് ബുക്കും എനിക്ക് സമ്മാനിച്ചു കൊണ്ടാണ് ചിത്രംവരയുടെ പരിപാടിക്ക് തുടക്കമായത്...
എന്റെ മനസ്സില്‍ സന്തോഷം പൂത്ത് വിടര്‍ന്ന നിമിഷങ്ങള്‍...!
വര അറിയാവുന്നവരുടെയും പഠിച്ചവരുടെയും അത് ജീവിതത്തിന്റെ ഭാഗമായി കൊണ്ട് നടക്കുന്നവരുടെയും കലയെ ജീവന് തുല്യം സ്‌നേഹിക്കുന്നവരുടെയും കൂടെ ഒരാഴ്ച കാലം...
ഓര്‍മ്മയിലെന്നും സൂക്ഷിക്കാന്‍ ആ ഏഴ് ദിവസങ്ങള്‍ക്ക് ഒരുപാട് പ്രത്യേകതകള്‍ ഉണ്ടായിരുന്നു. എന്റെ ആദ്യ അനുഭവം ആയത് കൊണ്ട് തോന്നിയതാണോ എന്നറിയില്ല... കിട്ടാവുന്നതില്‍ വെച്ച് പ്രതീക്ഷിച്ചതിലും കൂടുതല്‍ ഏറ്റവും നല്ല പരിഗണന തന്നെ എനിക്ക് കിട്ടിയിട്ടുണ്ട്...
ക്യാമ്പിന്റെ സംഘടനക്കാര്‍ മറ്റുള്ളവരോടും അതുപോലെ തന്നെയാണ് ഇടപെട്ടിരുന്നത് എന്നത് അവിടെ പങ്കെടുത്ത ഓരോ മുഖഭാവങ്ങളിലും വ്യക്തമായിരുന്നു...
എന്റെ അറിവില്‍, അക്കാദമിയില്‍ തന്നെ എല്ലാ വിഭാഗം ആളുകളെയും ഒരുമിച്ചു കൂട്ടി സംഘടിപ്പിച്ചിട്ടുള്ള ആദ്യത്തെ ക്യാമ്പാണ് ലയം ചിത്ര-ശില്പകല ക്യാമ്പ്. അതില്‍ ഏറിയ പങ്കും എന്നെപ്പോലെ തന്നെ ആദ്യമായിട്ടാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്.
എല്ലാവിധ സൗകര്യങ്ങളോടെയും പ്രത്യേകിച്ച് വീല്‍ചെയര്‍ സൗകര്യമുള്ള താമസവും, ഓരോ നേരത്തും വയറിന് വിശപ്പ് അറിയാന്‍ ഇട നല്‍കാതെ സുഭിക്ഷമായ ഭക്ഷണവും, ഇടവേളകളില്‍ കാപ്പിയും ചായയും പലഹാരങ്ങളും, ഇടതടവില്ലാതെ വന്നെത്തുന്ന സന്ദര്‍ശകരും..., മാധ്യമപ്രവര്‍ത്തകരും...., വൈകിട്ട് നാല് മണിക്ക് ശേഷം പ്രഗത്ഭ വ്യക്തികളുടെ പ്രഭാഷണങ്ങളും മറ്റ് കലാ സാംസ്‌കാരിക പരിപാടികളും... ഒപ്പം സ്‌നഹവും സൗഹൃദവുമായി ഇടക്കിടക്ക് ഓരോരുത്തരുടെയും ഇടയിലൂടെ ആവശ്യങ്ങള്‍ ആരാഞ്ഞുകൊണ്ട് അക്കാദമിയുടെ ചെയര്‍മാന്‍ നേമം പുഷ്പരാജ് സര്‍, സെക്രട്ടറി പൊന്ന്യം ചന്ദ്രന്‍ സര്‍, മാനേജര്‍ സുഗത മാഡം, നമ്പിടി മാഷ്, ബാബുവേട്ടന്‍, മണിയേട്ടന്‍, ഫോട്ടോഗ്രാഫര്‍, വീഡിയോഗ്രാഫര്‍, നീന... പേര് അറിയുന്നതും അല്ലാത്തതുമായ അവിടുത്തെ ഓരോരുത്തരുടെയും സ്‌നേഹവും നല്ല പെരുമാറ്റങ്ങളും അവിടുന്ന് പോന്നിട്ടും അതുപോലെ മനസ്സില്‍ തങ്ങി നില്‍ക്കുന്നു....
അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജ് സര്‍ എന്ന വ്യക്തി..., പരിപാടിയുടെ ആദ്യ ദിനം മുതല്‍ അവസാന ദിനം എല്ലാവരെയും യാത്രയാക്കുന്നത് വരെ നിറഞ്ഞ പുഞ്ചിരിയോടെ സ്‌നേഹത്തോടെ ഓരോരുത്തരുടെയും ഇടയിലൂടെ അവരുടെ ആവശ്യങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ചോദിച്ചറിഞ്ഞ്, അവര്‍ക്ക് വേണ്ടുന്നത് ചെയ്തു കൊടുക്കുന്നതിലുള്ള അര്‍പ്പണ മനോഭാവം അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥതയുടെ മുഖമുദ്രയായിരുന്നു....
ഓരോ കാര്യങ്ങളിലും ഓരോ പോയിന്റിലും അന്വേഷണങ്ങളോടെ ആവശ്യമുള്ള കാര്യങ്ങള്‍ നടപ്പിലാക്കിക്കൊണ്ട് ഓടിപ്പാഞ്ഞ് നടക്കുകയായിരുന്നു അക്കാദമിയുടെ മാനേജരായ സുഗത മാഡം...
സ്‌നേഹത്തിന്റെ മറ്റൊരു നിറകുടമായിരുന്നു നമ്പിടി മാഷ്... ചിത്രകലയുടെ പല രീതികളും സാധ്യതകളും ഉപയോഗവശങ്ങളും പ്രാധാന്യത്തോടെ സരളമായി അദ്ദേഹം വിവരിച്ചു തന്നപ്പോള്‍ ചിത്രകലയെ കുറിച്ചുള്ള പുതിയ അറിവുകളായിരുന്നു എനിക്കത്...
ഒരു സര്‍ക്കാര്‍ സ്ഥാപനമായ അക്കാദമിയുടെ ഓരോ സ്റ്റാഫുകളും രാവിലെ 10 മുതല്‍ രാത്രി 10 വരെ വേണ്ടത് വേണ്ടത് പോലെ സേവനങ്ങള്‍ ചെയ്തു തീര്‍ക്കുന്നതില്‍ നേരവും ദിവസങ്ങളും നോക്കിയിട്ടായിരുന്നില്ല... കൃത്യ സമയമാകുമ്പോള്‍ ഓഫീസ് വിട്ടു പോവുകയോ അവധി ദിവസങ്ങളില്‍ ഒഴിവാണെന്ന് വെച്ച് മാറി നില്‍ക്കുകയോ ചെയ്യാതെ അവനവര്‍ക്ക് പറഞ്ഞ ജോലി മാത്രമേ ചെയ്യുകയുള്ളൂ എന്ന നിബന്ധനകള്‍ ഒന്നുമില്ലാതെ എല്ലാവരും എല്ലായിടത്തും പ്രവര്‍ത്തന നിരതരായി പ്രസരിപ്പോടെ ഓടി നടക്കുന്നത് കണ്ടപ്പോള്‍ അവിടുത്തെ ഓരോരുത്തരും ഓരോ അത്ഭുതമായിരുന്നു... നിറഞ്ഞ സ്‌നേഹമായിരുന്നു....
അതുവരെ അടുത്തറിയാത്ത അക്കാദമിയുടെ വലിയ ലോകം എന്നെ സംബന്ധിച്ച് എന്നില്‍ നിന്നും ഏറെ അകലെയുള്ള എന്നെപ്പോലെ ഒരാള്‍ക്ക് കൂടിച്ചേരാന്‍ ഒരിക്കലെങ്കിലും സാധിക്കുമെന്ന് സ്വപ്നം കാണാന്‍ പോലും സാധ്യതയില്ലാത്ത ഒരു ദൂരക്കാഴ്ച മാത്രമായിരുന്നു...
എന്നെപ്പോലെ എന്ന് ഞാന്‍ വീണ്ടും ആവര്‍ത്തിക്കുമ്പോള്‍ ഒരു അംഗപരിമിതി മാത്രമല്ല ഉദ്ദേശിക്കുന്നത്...
വരയെകുറിച്ച് അടിസ്ഥാനഘടനയൊന്നും അറിയാതെ, പഠിക്കാതെ സ്വന്തം ഇഷ്ടത്തിനനുസരിച്ച് മാത്രം ഇടക്കൊക്കെ വരക്കുന്ന എന്നെപ്പോലെ ഒരാള്‍ക്ക് കൂടി ഇതില്‍ അവസരം കിട്ടിയപ്പോള്‍ അത് വലിയ ഒരു അംഗീകാരം പോലെ, അവരോടൊപ്പം ഞാനും അംഗീകരിക്കപ്പെട്ടു എന്ന അഭിമാനം എന്റെ കലയെ ഏറ്റവും മികവുറ്റതാക്കാനുള്ള വലിയ ഉത്തരവാദിത്വ ബോധമാണ് എന്നില്‍ നിറഞ്ഞത്...
കഴിവുള്ളവര്‍ എവിടെയും അംഗീകരിക്കപ്പെടുമെങ്കിലും അവസരം കിട്ടാതെ പോകുന്നത് കൊണ്ട് അവഗണിക്കപ്പെടുന്നവര്‍ ഏറെയുണ്ട്... നല്ല കഴിവുകള്‍ ഉണ്ടായിട്ടും മാറ്റി നിര്‍ത്തപ്പെടുന്നവര്‍ എത്രയോ... ചിലതൊക്കെ ചിലരുടെ മാത്രം അവകാശങ്ങളാക്കി നിലനിര്‍ത്തുന്നു... എല്ലാ കലകളിലും വിഭാഗീയത ഏറെയുണ്ടെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്... അത് ഭാഗ്യത്തില്‍ വിജയിച്ചവരുടെ കുത്തകയാണ്...
ക്യാമ്പ് ദിനങ്ങള്‍ അവസാനിക്കുകയാണ്....!
ഇനി അതിന്റെ തുടര്‍ച്ച എങ്ങനെയാവും എന്ന് പറയാന്‍ എനിക്കാവില്ല... പക്ഷെ, ഈ ക്യാമ്പ് അനുഭവം എന്റെ കഴിവിന് ഇനിയും മികച്ചതാക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിന്റെ അടിത്തറ പാകാന്‍ സഹായകമായിട്ടുണ്ട്...
ഒരാഴ്ച കൊണ്ട് തൃശൂര്‍ അക്കാദമി ആസ്ഥാന മന്ദിരം എന്റെ ഹൃദയത്തിന്റെ ഒരു ഭാഗമായി കഴിഞ്ഞിരുന്നു.... എവിടെയൊക്കെയാ ഉണ്ടായിരുന്നവര്‍... തമ്മില്‍ അറിയാതെ വന്നവര്‍ ഒരുമിച്ച് ഒരാഴ്ച...
ഇനി കണ്ടവരെ പിന്നെയും കാണണമെന്നില്ല... ബന്ധങ്ങളുടെ തുടര്‍ച്ചയും ഇതുപോലെ ഒരുമിക്കലും ഇനിയും സാധ്യമാവണമെന്നില്ല... ഓര്‍മിക്കുമ്പോള്‍ വെറുതെ ഒരു ശൂന്യത...
എന്തൊക്കെയോ പേടികളുടെ ആശങ്കകളുമായി വന്ന് ഇറങ്ങിയ ഇടത്തുനിന്ന് സ്‌നേഹത്തിന്റെ നനവുള്ള നിറകണ്ണുകളോടെ ഓരോരുത്തരോടും യാത്ര പറഞ്ഞിറങ്ങുമ്പോള്‍, കുറഞ്ഞ നാളിലും അടുത്തറിഞ്ഞ ബന്ധങ്ങള്‍ക്ക് ഇത്ര ആഴത്തില്‍ ഹൃദയത്തെ വേദനിപ്പിക്കാനാവുമെന്ന് ഒരിക്കല്‍ കൂടി അനുഭവിച്ചറിയുകയായിരുന്നു....