നോവലെറ്റ്

1
സുഖകരമായ ഒരു സ്വപ്നത്തില്‍ നിന്നും ഞെട്ടിയുണര്‍ന്നപ്പോള്‍ ശരീരം വിയര്‍പ്പില്‍ കുതിര്‍ന്നിരുന്നു. കണ്ടത് സ്വപ്നമായിരുന്നു എന്ന് മനസ്സിലാക്കിയെടുക്കാന്‍ ഏറെ സമയം വേണ്ടി വന്നു. സ്വപ്നം എന്താണെന്ന് വ്യക്തമായി ഓര്‍ക്കാന്‍ കഴിയുന്നില്ല. പക്ഷെ, സ്വപ്നത്തില്‍ നിറഞ്ഞ് നിന്നത് എവിടെയോ കണ്ട് മറന്ന ഒരു മുഖം.....! ആ കിലുങ്ങുന്ന പൊട്ടിച്ചിരി ഇപ്പോഴും കാതില്‍ വന്നലയ്ക്കുന്നതു പോലെ.....
കണ്ണടച്ചു കിടന്നെങ്കിലും ഉറങ്ങാന്‍ കഴിഞ്ഞില്ല. ആ സ്വപ്നത്തിന്റെ ചൂടില്‍ ലയിച്ചു തിരിഞ്ഞു കിടന്നു. തന്റെ മേല്‍ ചുറ്റിയ സുജിയുടെ കൈ മെല്ലെ എടുത്തു മാറ്റി. നിഷ്കളങ്കമായ ഭാവത്തോടെ അവള്‍ കിടന്നുറങ്ങുന്നത് റൂമിലെ അരണ്ട വെളിച്ചത്തില്‍ ഒരു നിമിഷം ശ്രദ്ധിച്ചു. എന്തിനെന്നറിയാത്ത ഒരു ശൂന്യത അപ്പോള്‍ മനസ്സില്‍ നിറഞ്ഞു. ഉറക്കം വിട്ടകന്ന കണ്ണുകള്‍ തുറന്നു കിടക്കുമ്പോള്‍ സ്വപ്നത്തില്‍ കണ്ട മുഖം കണ്‍മുമ്പില്‍ നിറഞ്ഞു നില്‍ക്കുകയായിരുന്നു. ആരാണവള്‍.....?
അങ്ങിനെയൊരു മുഖം ഓര്‍മയില്‍ തപ്പികിടക്കെ ഉറങ്ങിയതെപ്പോഴാണെന്നറിഞ്ഞില്ല. ഉണര്‍ന്നപ്പോള്‍ പതിവിലും ഒരുപാട് വൈകിയിരുന്നു. ഉണര്‍ന്നിട്ടും എഴുന്നേല്‍ക്കാന്‍ മടിച്ച് അലസതയോടെ കിടന്നു.
കുളികഴിഞ്ഞ് ഈറന്‍ മുടി തുണികൊണ്ട് ചുറ്റിക്കെട്ടി, കൈയില്‍ ഒരു കപ്പ് ചായയുമായി സുജി അകത്തേക്ക് വന്നു.
“ഇതെന്താ, നേരം ഒരുപാട് വൈകിയല്ലോ..., എഴുന്നേല്‍ക്കുന്നില്ലേ.....?”
അതുകേട്ട് മെല്ലെ എഴുന്നേറ്റിരുന്നു. സുജി അയാളെ ശ്രദ്ധിച്ചു കൊണ്ട് അടുത്തിരുന്നു.
“എന്തുപറ്റി....., മുഖം വല്ലാതിരിക്കുന്നതെന്തേ....?”
“ഒന്നുമില്ല...”
വാഷ്ബെയ്സിനടുത്തു വന്ന് മുഖം കഴുകി. മുഖം തുടക്കാനായി ബെയ്സിനടുത്ത കണ്ണാടിയിലേക്ക് നോക്കിയപ്പോള്‍ അത്ഭുതപ്പെട്ടു. സ്വപ്നത്തില്‍ കണ്ട മുഖം കണ്ണാടിയില്‍....! പെട്ടെന്ന് വിശ്വസിക്കാനാവാതെ കണ്ണടച്ച് തുറന്നു. തുറിച്ച കണ്ണുകളോടെ കണ്ണാടിയുടെ മുമ്പില്‍ നില്‍ക്കുന്ന തന്നെത്തന്നെയാണ് കണ്ടത്. വല്ലാത്ത വിമ്മിട്ടത്തോടെ കുറേനേരം അവിടെ നിന്നു. സുജി മേശപ്പുറത്ത് വെച്ച ചായക്കപ്പുമെടുത്ത് പുറത്തേക്ക് നടന്നു.
സിറ്റൌട്ടില്‍ വന്നിരുന്നപ്പോള്‍ വീണ്ടും സ്വപ്നത്തില്‍ കണ്ട മുഖം അലട്ടാന്‍ തുടങ്ങി. ചായ മൊത്തിക്കുടിച്ചുകൊണ്ട് തറയില്‍ കിടന്നിരുന്ന പത്രം എടുത്ത് നിവര്‍ത്തി. പതിവിലും വിപരീതമായി അലസതയോടെയാണ് ഓരോ പേജും മറിച്ചത്. പത്ര വാർത്തകളിൽ ശ്രദ്ധ പതിയുന്നില്ല... പെട്ടെന്ന് ഉൾപേജിലെ ഒരു ചിത്രത്തിൽ അറിയാതെ കണ്ണുകളുടക്കി... ചരമ പേജിലെ സാമാന്യം നല്ല വലിപ്പമുള്ള ഒരു ഫോട്ടോയില്‍ ചിരിക്കുന്ന മുഖം.... ആ ഫോട്ടോയില്‍ ശ്രദ്ധിച്ചു നോക്കിയപ്പോള്‍ ഒരു ഞെട്ടലോടെ തിരിച്ചറിഞ്ഞു.... വളരെ പരിചിതമായ മുഖം... ആ ചിരി.... അതെ, ഇതു തന്റെ സ്വപ്നത്തില്‍ കണ്ട മുഖം....! വീണ്ടും വീണ്ടും നോക്കി...
ഇവളാരാണ്....? എങ്ങിനെ എന്റെ സ്വപ്നത്തില്‍ വന്നു.....? ഒരു ഉത്തരം തേടി ഫോട്ടോയിലെ വരികളിലേക്ക് കണ്ണും മനസ്സും തിരിഞ്ഞു. ഒന്നാം ചരമ വാര്‍ഷീകം. പേര് ശാരിക. തനിക്ക് കാണാന്‍ വേണ്ടിയെന്ന പോലെ സ്വപ്നത്തിന്റെ ബാക്കിയായി പത്രത്തില്‍ പ്രത്യക്ഷപ്പെട്ടതാണോ...? ഉത്തരം കിട്ടാത്ത തന്റെ സംശയത്തിന് മറുപടിയായി അവള്‍ ഒരു കുസൃതിയോടെ ചിരിക്കുകയാണെന്ന് തോന്നി..., ‘ഒന്നാം ചരമ വാര്‍ഷീകം’ എന്ന് വീണ്ടും വായിച്ചപ്പോള്‍ മനസ്സിലൂടെ ഒരു മിന്നല്‍ പിടഞ്ഞു....
ഈ മാസം ഈ ദിവസം ഇന്ന് തന്റെ ഒന്നാം വിവാഹവാര്‍ഷീകമാണ്. മനസ്സില്‍ വല്ലാത്തൊരു അസ്വാസ്ഥ്യം നിറഞ്ഞു. “ഇങ്ങിനെ ഇരുന്നാല്‍ മതിയോ...? കോളേജില്‍ പോവുന്നില്ലേ....?” അടുക്കളയില്‍ നിന്നും സുജി വിളിച്ചു ചോദിച്ചപ്പോഴാണ് സമയം ഏറെ ആയിട്ടുണ്ടെന്ന് മനസ്സിലായത്. യാന്ത്രീകമായി പിന്നെ എല്ലാം ചെയ്തു തീര്‍ക്കുകയായിരുന്നു.
കുളിച്ചു വന്ന് ഭക്ഷണം കഴിച്ചെന്നു വരുത്തി. എഴുന്നേല്‍ക്കുമ്പോള്‍ ഒന്നും കഴിക്കാതെ എഴുന്നേറ്റതിലുളള പരിഭവങ്ങളുമായി സുജി മേശപ്പുറത്തു നിന്ന് പാത്രങ്ങളെടുത്തു വെച്ചു. ഡ്രസ്സു മാറാനൊരുങ്ങുമ്പോള്‍ മുഖം നിറയെ ചിരിയുമായി സുജി പിറകില്‍ വന്നു നിന്നു.
“ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകതയെന്താണെന്ന് അറിയുമോ....?”
അത് കേട്ടപ്പോള്‍ പെട്ടെന്ന് ഒരു ഞെട്ടലാണ് ഉളളിലുണ്ടായത്. പത്രത്തിലെ ഫോട്ടോ മനസ്സില്‍ തെളിഞ്ഞു. പിന്നെ അറിയാമെന്ന മട്ടില്‍ ഒന്നു മൂളി.
“എങ്കീ ഇന്നീ ഷര്‍ട്ടിട്ടാല്‍ മതി....” പിന്നില്‍ മറച്ചു പിടിച്ച പുതിയ ഷര്‍ട്ടിന്റെ പാക്കറ്റ് നിറചിരിയോടെ സുജ നീട്ടിപ്പിടിച്ചു.
പകരം സമ്മാനം കൊടുക്കാനില്ലാതെ ഒരു നിമിഷം പതറി നിന്നു. പിന്നെ സുജിയെ തന്നിലേക്ക് മെല്ലെ ചേര്‍ത്തുപിടിച്ചു... അപ്പോള്‍ കുറ്റബോധമാണ് തോന്നിയത്. കുറച്ച് നേരത്തേക്കാണെങ്കിലും താനിവളെ തൻ്റെ ഹൃദയത്തില്‍ നിന്നകറ്റിയോ....?
അവന്റെ നെഞ്ചില്‍ മുഖമമര്‍ത്തി നിന്ന സുജി മെല്ലെ ചോദിച്ചു.
“ഇന്ന് നേരത്തെ വരുമോ.....? വൈകുന്നേരം അമ്പലത്തില്‍ പോവാന്‍....”
“വരാം....” മനസ്സിനെ പിടിച്ചുലച്ച അസ്വസ്ഥകളില്‍ നിന്നും ആശ്വാസം കിട്ടാൻ അമ്പലത്തില്‍ പോവുന്നത് അപ്പോൾ തന്റെയും ആവശ്യമാണെന്ന് തോന്നി.
കോളേജിലെത്തിയപ്പോഴും ക്ളാസ്സിലേക്ക് പോവുമ്പോഴും ഇന്നലത്തെ സ്വപ്നത്തിന്റെ അസ്വാസ്ഥ്യവും പത്രത്തില്‍ വന്ന ചരമ ഫോട്ടോയിലെ മുഖമായിരുന്നു മനസ്സ് നിറയെ....
എങ്ങനെ അറിയും ആ കുട്ടിയെ...? ആരോട് ചോദിക്കും...? എവിടെയുളളതാണെന്നോ ആരാണെന്നോ അറിയാതെ....
ക്ളാസ്സില്‍ അറ്റന്റന്‍സ് എടുത്ത്, പഠിപ്പിച്ച ഭാഗങ്ങള്‍ വായിക്കാന്‍ നിര്‍ദേശിച്ച് ക്ളാസ്സിലൂടെ വെറുതെ നടന്നു. സൂരജിന്റെ സീറ്റ് ഒഴിഞ്ഞിരിക്കുന്നത് ശ്രദ്ധിച്ചു. മനഃപ്പൂര്‍വ്വം ക്ളാസ്സ് കട്ട് ചെയ്യുന്ന കുട്ടിയല്ല സൂരജ്.... മറ്റ് കുട്ടികളുടെ ബഹളങ്ങളിൽ നിന്നെല്ലാം ഒഴിഞ്ഞ് തന്റേതായ ലോകത്ത് മാത്രം സഞ്ചരിക്കുന്ന അവന്റെ നിഷ്കളങ്കമായ പുഞ്ചിരി മായാത്ത മുഖം... സൌമ്യമായ പെരുമാറ്റം... അതുകൊണ്ടായിരിക്കാം അവനോട് ഒരു ഇഷ്ടം തോന്നിയിട്ടുളളത്. സൂരജിന് എന്തുപറ്റി എന്ന് അടുത്ത സീറ്റിലെ കുട്ടിയോട് അന്വേഷിച്ചു. വ്യക്തമായൊരു ഉത്തരം കിട്ടിയില്ല.
ക്ളാസ്സ് കഴിഞ്ഞ് സ്റ്റാഫ് റൂമിലെത്തിയപ്പോള്‍ അന്ന് ലീവ് എടുത്താലോ എന്ന് തോന്നി. എല്ലാവരില്‍ നിന്ന് അകന്ന് കുറച്ചുനേരം ഒറ്റക്കിരിക്കാന്‍ വല്ലാത്തൊരു മോഹം. ഒഴിഞ്ഞ ഒരു കോണില്‍ പോയിരുന്നു. അപ്പോഴും മനസ്സില്‍ നിറഞ്ഞു നിൽക്കുന്നത് തലേന്നത്തെ സ്വപ്നം. ഒരു മാന്ത്രികവലയത്തിലെന്നതു പോലെ യഥാർത്ഥ അനുഭവമായി തോന്നിയ സാന്നിധ്യം. വ്യക്തമായി കണ്ട മുഖത്തെ പ്രസന്നഭാവം... അതുതന്നെ ഇന്നത്തെ പത്രത്തിലും... അതാണ് ഏറെ അതിശയം.
.

2
“
"ഏയ്.., ഇതെന്താ നിഷാന്ത് സാര്‍ ഇവിടെ വന്നിരിക്കുന്നത്....?” പുഞ്ചിരിയോടെ ദേവി ടീച്ചര്‍ മുന്നില്‍ വന്നു നിന്നു. മറുപടി ചിരിയിലൊതുക്കി. അവര്‍ തന്റെ അടുത്തേക്ക് വന്ന്, കസേരയിട്ടു അഭിമുഖമായി ഇരുന്നു.
അഞ്ചാറു മാസമേ ആയിട്ടുളളൂ ദേവി ടീച്ചര്‍ മലയാളം അദ്ധ്യാപികയായി കോളേജിലെത്തിയിട്ട്. ആരുമായും കൂടുതല്‍ അടുപ്പം കാണിക്കാറില്ല. അത്യാവശ്യത്തിനു മാത്രം സംസാരിക്കാറുളള ദേവി ടീച്ചര്‍ സൌഹൃദം കാണിച്ച് അടുത്ത് വന്നിരുന്നപ്പോള്‍ അത്ഭുതമായി. അതു മറച്ചു വെക്കാതെ ചോദിച്ചു.
“ടീച്ചര്‍ക്കെന്തോ പറയാനുണ്ടെന്നു തോന്നുന്നു....?”
എന്തേ അങ്ങിനെ തോന്നീത്....?” ചിരിയോടെ ടീച്ചര്‍ തിരിച്ചു ചോദിച്ചു. പിന്നെ മൌനത്തിന്റെ ചെറിയൊരു ഇടവേളയ്ക്കു ശേഷം പറഞ്ഞു.
“പറയാനുണ്ടായിട്ടു തന്നെയാ ഞാന്‍ സാറിന്റെ അടുത്ത് വന്നത്....” പുഞ്ചിരിച്ചു കൊണ്ടിരുന്ന ദേവി ടീച്ചറിന്റെ മുഖത്തു പൊടുന്നനെ വിഷാദം നിറഞ്ഞു.
“പറയൂ ടീച്ചര്‍....” അവര്‍ക്ക് പറയാനുളളതെന്താണെന്നറിയാനുള്ള ആകാംക്ഷയോടെ കാതോര്‍ത്തു.
ദേവി ടീച്ചര്‍ കൈയ്യിലുണ്ടായിരുന്ന പത്രം മെല്ലെ നിവര്‍ത്തി. അതില്‍ ഒരു ചിത്രത്തിലേക്ക് തൊട്ടുകാണിച്ച് ടീച്ചര്‍ ചോദിച്ചു.
“ഈ കുട്ടിയെ സാറിന് അറിയുമോ...?”
സ്വപ്നത്തില്‍ കണ്ട അവളുടെ ഫോട്ടോ മറ്റൊരു പത്രത്തില്‍ ....! ഒരു ഞെട്ടലോടെ ടീച്ചറിനെ നോക്കി.
“ഈ കുട്ടിയെ ടീച്ചര്‍ക്ക് അറിയുമോ....?!! ”
താന്‍ ചോദിച്ചതു തന്നെ നിഷാന്ത് ചോദിക്കുന്നതു കേട്ടപ്പോള്‍ ദേവി ടീച്ചറാണ് അത്ഭുതപ്പെട്ടത്.
“അപ്പോള്‍ സാറിന് ഇവളെ അറിയാം അല്ലേ....?”
“ഇല്ല... എനിക്കറിയില്ല...”
“പിന്നെ അറിയുമോന്ന് ചോദിച്ചത്...?” ടീച്ചറിന്റെ നെറ്റി ചുളിഞ്ഞു.
“അത് പറഞ്ഞാല്‍ ടീച്ചര്‍ വിശ്വസിക്കുമോ...?” നിഷാന്തിന്റെ മുഖഭാവം മാറി.
നിഷാന്ത് എന്താണ് പറയാന്‍ പോവുന്നത് എന്നറിയാന്‍ ദേവി ടീച്ചര്‍ അത്ഭുതവും അമ്പരപ്പും നിറഞ്ഞ അയാളുടെ മുഖത്തേക്ക് നോക്കി.
“സത്യം.... ഈ കുട്ടി ഇന്നലെ രാത്രി മുഴുവന്‍ എന്റെ കൂടെയുണ്ടായിരുന്നു....” നിഷാന്തിന്റെ സ്വരം വിറച്ചു. പിന്നെ മെല്ലെ മന്ത്രിച്ചു. “സ്വപ്നത്തില്‍.....” വിയര്‍പ്പു ഒപ്പാനെന്നപോലെ മുഖം അമര്‍ത്തിത്തുടച്ചു കൊണ്ട് തുടര്‍ന്നു.
“സ്വപ്നത്തില്‍ കണ്ടത് മറക്കാമായിരുന്നു.... പക്ഷെ, അതുതന്നെ ഇന്നത്തെ പത്രങ്ങളിലും... ഒരിക്കലും ശ്രദ്ധയില്‍പെട്ടിട്ടില്ലാത്ത ഒരാള്‍... വിശ്വസിക്കാനാവുന്നില്ല....” മനസ്സിന്റെ വിങ്ങല്‍ മുഴുവന്‍ ഒരാളുടെ മുമ്പില്‍ ഇറക്കി വെച്ച ആശ്വാസത്തോടെ ഒന്നു നിര്‍ത്തി.
“ഇനി പറയൂ ടീച്ചര്‍ക്കെങ്ങിനെ അറിയും...., ഈ കുട്ടിയെ....?”
അതിനു മറുപടി പറയാതെ ടീച്ചര്‍ തിരിച്ചു ചോദിച്ചു.
“സാറിനു സമ്മതമാണെങ്കില്‍ നമുക്ക് ഒരിടംവരെ പോവാം...?”
“എങ്ങോട്ട്...?”
“അതൊക്കെ അപ്പോള്‍ പറയാം...” കൂടുതലൊന്നും പറയാതെ ദേവിടീച്ചര്‍ എഴുന്നേറ്റു. നിഷാന്തിന്റെ അഭിപ്രായമറിയാന്‍ കാത്തു നിന്നു.
“പോവാം....”
ദേവിടീച്ചര്‍ക്ക് എന്തൊക്കെയോ അറിയാമെന്നു തോന്നുന്നു. അതുകൊണ്ടാണല്ലോ അവര്‍ ആ വിഷയവുമായി തന്റെ അടുത്തേക്ക് വന്നത്.... സ്വപ്നത്തിന്റെ ഉടമയെക്കുറിച്ചറിയാനുളള തിടുക്കമായിരുന്നു അപ്പോള്‍ മനസ്സില്‍.
ഉച്ചയ്ക്കു ശേഷം രണ്ടുപേരും ലീവെടുത്തു. ബസിലായിരുന്നു യാത്ര. അരമണിക്കൂറിനുള്ളില്‍ ദേവി ടീച്ചര്‍ പറഞ്ഞ സ്ഥലത്ത് ബസ്സിറങ്ങി. വീതി കുറഞ്ഞ ഇടവഴിയിലൂടെ നടക്കുമ്പോള്‍ എന്തൊക്കെയോ ഒരുപാട് ചോദിക്കാനും പറയാനുമുണ്ടായിട്ടും രണ്ടുപേരും നിശ്ശബ്ദരായിരുന്നു. ഭംഗിയുളള ഒരു പഴയ വീടിന്റെ മുമ്പില്‍ ദേവി ടീച്ചര്‍ നിന്നു. കൂടെ നിഷാന്തും......

3
വലിയ തൊടിയും നിറയെ മരങ്ങളുമുളള ആ വീടിന്റെ അടുത്തൊന്നും മറ്റ് വീടുകളുണ്ടായിരുന്നില്ല. ദേവി ടീച്ചര്‍ വാതില്‍ മുട്ടിയപ്പോള്‍ ഒരു സ്ത്രീ വന്ന് വാതില്‍ തുറന്നു. ആ വീട്ടിലെ അമ്മയാണെന്ന് തോന്നുന്നു. സന്തോഷവും സങ്കടവും വേര്‍തിരിക്കാനാവാത്ത മുഖഭാവം.... ദേവി ടീച്ചറോട് പരിചയത്തോടെ ചിരിച്ച അവര്‍ നിഷാന്തിനെ സംശയത്തോടെ നോക്കി. അതു മനസ്സിലാക്കി ദേവി ടീച്ചര്‍ പറഞ്ഞു.
“ഇത് നിഷാന്ത് സാര്‍...”
അത് കേട്ടപ്പോള്‍ ഒരു ഞെട്ടലോടെ അവര്‍ നിഷാന്തിനെ ഉറ്റുനോക്കി. ആ ഞെട്ടല്‍ നിഷാന്ത് അറിഞ്ഞു. അപ്പോള്‍ അവരുടെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു. തങ്ങളെ അകത്തേക്ക് ക്ഷണിക്കുമ്പോള്‍ അവരുടെ ശബ്ദം ഇടറുന്നുണ്ട്. ഒന്നും വ്യക്തമാവാത്ത അസ്വസ്ഥതയോടെ ദേവി ടീച്ചറിന്റെ കൂടെ അകത്തേക്ക് കയറി. നിഷാന്തിനോട് ഇരിക്കാന്‍ പറഞ്ഞുകൊണ്ട് ടീച്ചര്‍ ആ സ്ത്രിയോടു ചോദിച്ചു.
“മോനെവിടെ....?
“അകത്തുണ്ട്.... അതു പറഞ്ഞ് അവര്‍ അകത്തേക്ക് തിരിഞ്ഞു.
“സാറിവിടെ ഇരിക്കൂട്ടോ.... ഞാനിപ്പൊ വരാം.... ചിരപരിചിതയെപ്പോലെ ടീച്ചറും അവരുടെ കൂടെ അകത്തേക്ക് കയറിപ്പോയി.
അവിടെ ഇരുന്നു കൊണ്ട് ചുറ്റും ശ്രദ്ധിച്ചു. നിശബ്ദത തളം കെട്ടിയ വീട്.... എങ്കിലും എന്തോ ഒരു വശ്യത അവിടെയുളളതായി തോന്നി. ഷോകേസില്‍ സൂക്ഷിച്ചിരിക്കുന്ന കൌതുകവസ്തുക്കളില്‍ കണ്ണും നട്ട് വെറുതെ ഇരിക്കുമ്പോഴും ദേവി ടീച്ചര്‍ തന്നെ എന്തിനാണ് ഇങ്ങോട്ടു കൂട്ടിക്കൊണ്ട് വന്നിരിക്കുന്നതെന്ന സംശയം ഉളളില്‍ വിങ്ങി.
“സര്‍...” വാതില്‍ക്കല്‍ നിന്നും പരിചിതമായ ശബ്ദം കേട്ട് തിരിഞ്ഞു നോക്കി. തന്റെ അടുത്ത് വന്ന് നില്‍ക്കുന്ന സൂരജിനെ കണ്ടപ്പോള്‍ അത്ഭുതപ്പെട്ടു. മുടിയെല്ലാം പാറിപ്പറന്ന്.... കണ്ണുകള്‍ കലങ്ങി ചുവന്നുതുടുത്തിരുന്നു.... പഴയ പ്രസന്ന ഭാവത്തിന് പകരം മുഖത്ത് വിഷാദം... ആളാകെ മാറിയിട്ടുണ്ട്.
“എന്താടോ താനിവിടെ...? തന്റെ വീടാണോ ഇത്....? തനിക്കെന്താ സുഖമില്ലേ...?” ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിച്ചുകൊണ്ട് ഇരിക്കുന്നിടത്തു നിന്ന് എഴുന്നേറ്റു ചെന്ന്, അവന്റെ തോളില്‍ കൈ വെച്ചു. എല്ലാ ചോദ്യങ്ങള്‍ക്കും മറുപടിയായി സൂരജ് നിഷാന്തിന്റെ കൈ പിടിച്ചു.
“സര്‍ വരൂ....” നിഷാന്തിന്റെ കൈ പിടിച്ച് അവന്‍ അകത്തേക്ക് നടന്നു. കൂടെ പോവുമ്പോള്‍ ഒരു ചമ്മലുണ്ടായിരുന്നു. ഒരു പരിചയവുമില്ലാത്ത വീട്ടിനുള്ളിലേക്ക് കയറുകയാണ്.... ദേവി ടീച്ചറിനെയും വാതില്‍ തുറന്നു തന്ന സ്ത്രീയെയും കണ്ടില്ല. അടച്ചിട്ട് കിടക്കുന്ന റൂമിന് നേരെയാണ് സൂരജ് നടന്നത്. വാതില്‍ തുറന്ന സൂരജിന്റെ കൂടെ അകത്തേക്ക് കയറിയപ്പോള്‍ ഞെട്ടിപ്പോയി. പത്രത്തില്‍ കണ്ട അതേ ഫോട്ടോ ഒരു വലിയ ചില്ലുകൂട്ടില്‍ ചുമരില്‍ തൂങ്ങിക്കിടക്കുന്നു.... സൂരജ് കുറേനേരം അതിലേക്ക് നോക്കിനിന്നു. പിന്നെ നിഷാന്തിന്റെ നേരെ തിരിഞ്ഞ് പതുക്കെ പറഞ്ഞു.
“ഇത് എന്റെ ചേച്ചി... ശാരിക. സാർ ഇവിടെ വരുമെന്ന് ചേച്ചിക്കറിയാമായിരുന്നെന്ന് തോന്നുന്നു....” അത് പറഞ്ഞ് സൂരജ് അലമാര തുറന്ന് ഒരു ചെറിയ ഡയറി എടുത്ത് നിഷാന്തിന്റെ നേരെ നീട്ടി.
“സാറ് ഇതിൽ എഴുതിയത് വായിച്ചു നോക്കൂ...” പറയുമ്പോള്‍ സൂരജിന്റെ സ്വരം ഇടറിയിരുന്നു.
വിശ്വസിക്കാനാവാത്ത അമ്പരപ്പോടെ ഡയറി വാങ്ങി. ആദ്യത്തെ പേജ് വിറക്കുന്ന കരങ്ങളോടെ തുറന്നു. ആദ്യ പേജിൽ തന്നെ...
“എൻ്റെ പ്രിയപ്പെട്ട നിഷാന്ത് സാറിന്..." പേജുകൾ യാന്ത്രികമായി മറിഞ്ഞു...
"സാർ ഇന്നും എന്നെ നോക്കിയില്ല...
എന്നെ അറിയുന്നില്ല..."
"നിന്റെ സ്നേഹം ഞാന്‍ അനുഭവിക്കുന്നത്
നിന്നെ ഞാനറിയുന്നത്
ഈ കാഴ്ചയിലൂടെയാണ്....
നീയറിയാതെ കാണുന്ന
എന്റെ കാണാ കാഴ്ചയിലൂടെ....”
കാര്യങ്ങള്‍ മറ നീക്കി തെളിഞ്ഞു തുടങ്ങി. കാലിന്നടിയിലൂടെ തണുപ്പ് അരിച്ചു കയറി ശരീരമാകെ വിറച്ച് തളരുന്ന പോലൊരു തോന്നല്‍.... അവളുടെ സാമീപ്യമാണോ...?തലയുയര്‍ത്തി നോക്കി. മുറിയില്‍ ദേവി ടീച്ചറും, സൂരജിന്റെ അമ്മയുമുണ്ടായിരുന്നു...
അമ്മയില്‍ നിന്ന് നേർത്തൊരു തേങ്ങലുയര്‍ന്നു...... ഒന്നും മിണ്ടാതെ അവിടെ നിന്നും പുറത്തേക്കിറങ്ങി. കൂടെ ദേവി ടീച്ചറും....
ഇടവഴിയിലൂടെ നടക്കുമ്പോള്‍ ദേവിടീച്ചര്‍ പറഞ്ഞു.
“അവൾ എൻ്റെ അടുത്ത കൂട്ടുകാരി ആയിരുന്നു... സാറിനെ കണ്ടപ്പോൾ മുതൽ അവളില്‍ സാറിനോട് ഒരു വണ്‍വേ സ്നേഹമുണ്ടെന്ന് അറിഞ്ഞപ്പോള്‍ അതൊരു തമാശയായിട്ടേ ഞാന്‍ കരുതിയുള്ളൂ... അവള്‍ കോളേജില്‍ വന്ന് അധികനാളാവും മുമ്പേ സാറിന്റെ വിവാഹമായെന്നറിഞ്ഞു അവളാകെ തളര്‍ന്നു. അതവള്‍ പുറമേ കാണിച്ചിരുന്നില്ലെങ്കിലും അതിന്റെ ആഴം എത്രത്തോളമുണ്ടായിരുന്നു എന്ന് സാറിന്റെ വിവാഹത്തിന്റെ പിറ്റേന്ന് എല്ലാവരും അറിഞ്ഞു.... പക്ഷെ, ഇതുപോലൊരു വിഢിത്തം അവള്‍ ചെയ്യുമെന്ന് ആരും നിനച്ചിരുന്നില്ല.... അത്രക്കും സ്മാര്‍ട്ടായിരുന്നു അവള്‍....” ശാരിയുടെ ഓര്‍മ്മകളില്‍ ദേവി ടീച്ചര്‍ മൌനിയായി.
നിഷാന്ത് ഓര്‍മ്മകളില്‍ ശാരിയുടെ മുഖം പരതി.... താനറിയാതെ പോയ പൊട്ടിച്ചിരിയുടെ തൂവല്‍സ്പര്‍ശം ഒരു മിന്നല്‍ പോലെ മനസ്സില്‍ പാറിപ്പറന്നു.... അതെ, ഇപ്പോൾ ഓർക്കുന്നു... താന്‍ കണ്ടിട്ടുണ്ട് ശാരിയെ.... പക്ഷെ, ഒരിക്കല്‍ പോലും ഓര്‍ത്തു വെക്കാന്‍ തക്കതായതൊന്നും അവളില്‍ നിന്നുണ്ടായിട്ടില്ലല്ലോ....?! ദേവി ടീച്ചറില്‍നിന്നും കേട്ടതൊന്നും വിശ്വസിക്കാനാവാതെ അംഗീകരിക്കാനാവാത്തതു പോലെ തല കുടഞ്ഞു. താൻ പോലും അറിയാതെയാണെങ്കിലും തന്നില്‍ വന്നു പതിച്ച പാപം എത്ര വലുതാണ്.... ചെവിക്കുള്ളില്‍ കടലിരമ്പുന്നതു പോലെ.... തലയ്ക്ക് വല്ലാത്ത ഭാരം.
ദേവി ടീച്ചറിന്റെ വീടിനടുത്തെത്തിയപ്പോള്‍ അവര്‍ നിന്നു. ശാരിയുടെ വീട്ടില്‍ നിന്നും അധികദൂരമില്ല ദേവി ടീച്ചറുടെ വീട്ടിലേക്ക്. വീട്ടില്‍ കയറിയിട്ടു പോവാം എന്ന് ടീച്ചര്‍ ക്ഷണിച്ചപ്പോള്‍ 'പിന്നെയാവാം' എന്ന മറുപടിയോടെ യാത്ര പറഞ്ഞു.
കോളേജിലെത്തിയപ്പോള്‍ കിളിയൊഴിഞ്ഞ കൂടു പോലെ അവിടെ ശൂന്യമായിരുന്നു. ബൈക്കെടുത്ത് പോരുമ്പോള്‍ ശാരിയുടെ ഡയറി പ്രത്യേകം സൂക്ഷിച്ചു.
വീട്ടിൽ എത്തിയപ്പോൾ സിറ്റൌട്ടില്‍ ഒരുങ്ങി തന്നെ കാത്തു നില്‍ക്കുന്ന സുജിയെ ഗേറ്റില്‍നിന്നു തന്നെ കണ്ടു. അപ്പോഴാണ് രാവിലെ പോരുമ്പോള്‍ കൊടുത്ത വാക്ക് ഓര്‍മ വന്നത്. നേരം ഇരുട്ടിത്തുടങ്ങിയിരിക്കുന്നു.
“എന്തേ വൈകിയേ....?” കണ്ടപ്പോള്‍ തന്നെ പതിവിലും വൈകിയതിലുളള പരിഭ്രമത്തോടെ സുജി ചോദിച്ചു.
“ഒരു പഴയ സുഹൃത്തിനെ കണ്ടു.... സംസാരിച്ചു വൈകി... സോറി.” അപ്പോള്‍ അങ്ങിനെ പറയാനാണ് തോന്നിയത്. കൂടുതലൊന്നും പറയാന്‍ നില്‍ക്കാതെ ധൃതിയിൽ അകത്തേക്ക് കയറി. പിറകില്‍ തന്നെ സുജിയുമുണ്ടായിരുന്നു.
“നേരത്തെ എത്തുമെന്നു കരുതിയാ....” അവളുടെ സ്വരത്തില്‍ പരിഭവം കലരുന്നുണ്ട്.... തന്റെ മുഖത്തെ ഭാവമാറ്റം അവള്‍ക്ക് മനസ്സിലാവാതിരിക്കാന്‍ പതുക്കെ പറഞ്ഞു.
“നീയൊരു ചൂട് ചായയെടുക്ക്.... വല്ലാത്ത തലവേദന....” സുജി അടുക്കളയിലേക്ക് തിരിഞ്ഞപ്പോള്‍ മേശ വലിപ്പില്‍ ശാരിയുടെ ഡയറി വെച്ച് പൂട്ടി. ഡ്രസ്സുപോലും മാറ്റാതെ കട്ടിലില്‍ കയറിക്കിടന്നു.
സുജി ചായയുമായി വരുമ്പോള്‍ നിഷാന്ത് കണ്ണടച്ചു കിടക്കുകയായിരുന്നു. അവന്റെ കിടപ്പുകണ്ട് അവള്‍ അന്ധാളിപ്പോടെ അവന്റെ അടുത്ത് വന്നിരുന്നു.
“അയ്യോ, എന്താ പറ്റീത്...?”
പരിഭവങ്ങളെ കുടഞ്ഞെറിഞ്ഞ് അവള്‍ അവന്റെ അടുത്തിരുന്ന് നെറ്റിയില്‍ തലോടി. അവളുടെ മൃദുവായ തണുത്ത വിരലുകളുടെ സ്പര്‍ശനമേറ്റപ്പോള്‍ ആശ്വാസത്തോടെ കണ്ണുകള്‍ തുറന്നു.
“പാവം സുജി... അവള്‍ക്കറിയില്ലല്ലോ തന്റെ മനസ്സിന്റെ വിങ്ങല്‍.... വേണ്ട, അവളറിയണ്ട.... ഈ ദുഃഖം തന്റെ സ്വകാര്യ സങ്കടമായി ഉള്ളിലിരിക്കട്ടെ... ” കണ്ണുകൾ നിറയുന്നത് അവൾ കാണാതിരിക്കാൻ വീണ്ടും കണ്ണുകൾ അടച്ചു...
ശാരിയുടെ മുഖം ഹൃദയത്തില്‍ നിന്നും മായ്ച്ചുകളയാനുളള ശ്രമം പരാജയപ്പെടുന്ന സങ്കടത്തില്‍ ദേവി ടീച്ചര്‍ പറഞ്ഞവാക്കുകള്‍ വീണ്ടും മനസ്സില്‍ നിറഞ്ഞു.
താനറിയാതെ തന്നെ സ്നേഹിച്ചവള്‍... തനിക്കായി ജീവിതം വെടിഞ്ഞവള്‍.... എന്തേ ഇതൊന്നും താനറിയാതെ പോയത്....? ഉത്തരവാദിത്തമുള്ള കുടുംബ പ്രാരാബ്ധങ്ങള്‍ക്കിടയില്‍ എല്ലാ ബാധ്യതകളും തീര്‍ത്ത് സ്വസ്ഥമായെന്ന് ആശ്വാസിച്ച് തുടങ്ങിയപ്പോഴാണ് ഒരു തീരാത്ത നൊമ്പരമായി ശാരി മുമ്പിലെത്തുന്നത്... അതും ഒരു അത്ഭുതമായി സ്വപ്നത്തിലൂടെ... വിശ്വസിക്കാന്‍ പ്രയാസമുളള യാഥാര്‍ത്ഥ്യം... ആ മുഖം ഒരു കനൽ പോലെ നെഞ്ചിൽ കനം വെച്ച് നിറഞ്ഞു...
4
ഓരോന്ന് ആലോചിച്ച് കിടന്ന് ഉറക്കം വരാത്ത കണ്ണുകള്‍ തുറക്കുമ്പോള്‍ സുജി നല്ല ഉറക്കത്തിലായിരുന്നു. അവളുടെ കൈ തന്റെ മേല്‍ നിന്ന് മെല്ലെ എടുത്തു മാറ്റി, അവളറിയാതെ എഴുന്നേറ്റു. ശബ്ദമുണ്ടാക്കാതെ മേശവലിപ്പ് തുറന്ന് ഡയറി എടുത്തു. ടേബിള്‍ ലാബിന്റെ അരണ്ട വെളിച്ചത്തില്‍ പേജുകള്‍ ഓരോന്നായി മറിച്ചു. അധിക പേജുകളും എഴുതാതെ വിട്ടിരിക്കുകയാണ്.... തന്നെ കണ്ട ആദ്യനാള്‍ മുതല്‍.... എഴുതിവയില്‍ പലതും തന്നെ കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍.... കവിതകളായി കുറിച്ചിട്ട കുറേ സ്വപ്നങ്ങള്‍... തന്റെ വിവാഹത്തിന്റെ തലേദിവസത്തെ കുറിപ്പ്... അവസാന വരികള്‍....
“നീ എന്നെ വിട്ടു പോവുകയാണ്
എന്നെ അറിയാതെ.....
നിന്റെ സ്നേഹം എനിയ്ക്കു നഷ്ടമാവുമെന്ന
സത്യം യാഥാര്‍ത്ഥ്യമാവുകയാണ്...
എനിയ്ക്കു സങ്കല്പിക്കാന്‍ പോലുമാവുന്നില്ല,
നിന്നെ മറ്റൊരാളിന്റെ കൂടെ...
എന്റെ സ്വപ്നങ്ങള്‍, പ്രതീക്ഷകള്‍, സങ്കല്പങ്ങള്‍...
എല്ലാം എല്ലാം നീയായിരുന്നു....
ഇതെല്ലാം എന്റെ പൊട്ടത്തരങ്ങളാവാം...
ആണെന്നറിയാം....
എന്നാലും നീയില്ലാതെ എനിയ്ക്കാവില്ല...
ഞാന്‍ പോവുകയാണ്....
നിന്നോടുള്ള ഒരുപാട് ഇഷ്ടത്തോടെ...
ഒരിക്കല്‍ നീയറിയും...,
നിന്നെ ഞാന്‍ എത്രമാത്രം ഇഷ്ടപ്പെട്ടിരുന്നൂ എന്ന്....
എല്ലാം അറിയുമ്പോള്‍,
നീ എന്റെ അടുത്തുണ്ടാവില്ല..,
ഞാന്‍ നിന്റെ അടുത്തും.....”
“വ്യക്തമായി എഴുതിയ വരികള്‍ വായിച്ചു തീര്‍ന്നപ്പോള്‍ അതുവരെ നിയന്ത്രച്ചിരുന്ന സങ്കടം കണ്ണീരായി ഒഴുകി. ചില സത്യങ്ങളുടെ യാഥാര്‍ത്ഥ്യങ്ങള്‍ സംഭവിക്കുന്നതെങ്ങനെയാണ്....? അറിയാതെ പോയൊരു കാര്യം വേദനയായി ഓര്‍മ്മപ്പെടുത്താനിങ്ങനെയൊരു സ്വപ്നമായി വന്നതെന്തിനാണ്....
ഉത്തരം കിട്ടാത്ത ചോദ്യങ്ങളില്‍ ചിന്തകള്‍ ഉഴറി.... അപ്പോള്‍ അതുവരെ ഇല്ലാതിരുന്ന തണുത്ത കാറ്റ് തന്നെ തഴുകുന്നതറിഞ്ഞു..... കസേരയിലേക്കു ചാരി കണ്ണടച്ചു. ശാരിക മുന്നില്‍ വന്നു നിന്നു.... അവള്‍ ചിരിക്കുകയാണ്..... ഫോട്ടോയില്‍ കണ്ടതിനേക്കാള്‍, സ്വപ്നത്തില്‍ കണ്ടതിനേക്കാള്‍ മനോഹരമായ ചിരി.... അവള്‍ നിഷാന്തിന്റെ അടുത്തേക്കു വന്നു ചേര്‍ന്നിരുന്നു....
“എന്നെത്തേടി വന്നല്ലോ... എനിയ്ക്കു സന്തോഷമായി.... എന്നെ അറിഞ്ഞല്ലോ..., അത്രയും മതി എനിയ്ക്ക്....” നേർത്ത ചിരിക്കിടയില്‍ തേങ്ങല്‍ കലര്‍ന്നു.
അവളെ ആശ്വാസിപ്പിക്കാനായി കൈ ഉയര്‍ത്തി എഴുന്നേറ്റു.... അപ്പോള്‍ അവള്‍ ഇരുന്നിടം ശൂന്യമായിരുന്നു.... ഒരു ഞെട്ടലോടെ ചുറ്റിനും നോക്കി... തന്റെ അടുത്ത് ആരുമില്ല. അപ്പോഴാണ് താനിവിടെ കസേരയില്‍ തന്നെ ഇരിക്കുകയായിരുന്നെന്ന് മനസ്സിലായത്.
നിഷാന്ത് അവിടെ നിന്നെഴുന്നേറ്റ് കട്ടിലില്‍ വന്നിരുന്നു.
സുജി ഗാഢമായ ഉറക്കത്തിലാണ്..... ഒരു കൊച്ചു കുഞ്ഞിന്റെ ഭാവത്തോടെ ഉറങ്ങുന്ന സുജിയെ കുറേ നേരം നോക്കിയിരുന്നു.... ശാരി ഇന്നലെ കണ്ട ഒരു സ്വപ്നം മാത്രം....
ഇവള്‍, ഇന്നെന്റെ കൂടെയുള്ള സത്യമാണ്.... അലിവോടെ അവളെ നോക്കി... സുജിയുടെ ശാന്തമായ ഉറക്കം നഷ്ടപ്പെടാതിരിക്കാനുള്ള ശ്രദ്ധയോടെ അവളുടെ അടുത്തേക്ക് തിരിഞ്ഞു കിടന്നു... കൈകുമ്പിളിൽ അവളുടെ മുഖം കൂട്ടിപ്പിടിച്ച്, നെറ്റിയില്‍ മെല്ലെ ഒരു ഉമ്മ വെച്ചു.... തനിക്കിന്ന് ഒന്നും കൊടുക്കാനാവാതെ പോയ വിവാഹ സമ്മാനം... ഉറക്കത്തിന്റെ ആലസ്യത്തില്‍ അവള്‍ നിഷാന്തിന്റെ നേര്‍ക്ക് തിരിഞ്ഞു കിടന്നു.