മുഖം നിറയെ
പാൽനിലാവൊഴുകുന്ന
പൂപുഞ്ചിരി….
മൊഴികളിൽ നന്മകൾ
പൊഴിയുന്ന മണിമുത്തുകൾ…
താങ്ങായും തണലായും
ആശ്രിതർക്കാശ്രയമായ്
സ്നേഹസാന്ത്വനം….
ജാതി-മത ഭേതമന്യേ
എല്ലാവരുടെയും
പ്രിയങ്ങളേറ്റ് വാങ്ങി
പ്രിയപ്പെട്ടവരേവർക്കും
അകതാരിൽ ശൂന്യത മാത്രം ബാക്കിയാക്കി
ഓർക്കാപ്പുറത്തു
മറഞ്ഞെന്നാകിലും,
സൂര്യതേജസ്സോടെ
തെളിയുന്ന നിറസാന്നിദ്ധ്യം
നമ്മെ വിട്ടുപോവില്ലൊരു നാളിലും…..
തങ്ങളുപ്പാന്റെ മരണം പെട്ടെന്നുൾക്കൊള്ളാനാവാത്ത ഒരു ഞെട്ടലായി മാത്രമേ എനിക്കിന്നും ഓർക്കാനാവൂ…
ഏതൊരു മതവിഭാഗങ്ങൾക്കും, പ്രത്യേക രാഷ്ട്രീയങ്ങൾക്കുമപ്പുറം ജനഹൃദയങ്ങളിൽ ഇടം നേടിയ പ്രിയ നേതാവ്…. സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ.
ആ സാന്നിധ്യം നേരിട്ടനുഭവിച്ചിട്ടുള്ള, അദ്ദേഹവുമായി അടുത്തു ബന്ധപ്പെട്ടിട്ടുള്ള ഏതൊരാൾക്കും അദ്ദേഹത്തെക്കുറിച്ച് എത്ര പറഞ്ഞാലും തീരാത്തതായിരിക്കും. പ്രത്യേകിച്ച് എന്നെപ്പോലെയുള്ള ഒരാൾക്ക് അദ്ദേഹത്തെ നേരിൽ കാണാൻ സാധിച്ചത് ജീവിതത്തിലെ ഒരു വലിയ ഭാഗ്യമായി ഞാൻ കരുതുന്നു.
അദ്ദേഹത്തെ നേരിൽ കണ്ട അന്ന് ഓർമ്മകളിലിന്നും പച്ച പിടിച്ചു നിൽക്കുന്ന, ഞാനനുഭവിച്ച സന്തോഷം ഈ കുറഞ്ഞ വാക്കുകളിലും വരികളിലും മാത്രം ഒതുക്കാൻ കഴിയുന്നതല്ല… കണ്ണിലും മനസ്സിലും
മായാതെ പതിഞ്ഞോരാ മനോഹര ചിത്രം ഒരിക്കലും മറക്കാനുമാവില്ല…
ശിഹാബ് തങ്ങളുമൊത്തുള്ള എന്റെ സ്വപ്നനിമിഷങ്ങൾ ഏറെ വിലപ്പെട്ട സ്വകാര്യ സ്വത്താണ്…
എന്റെ കുറേ നാളത്തെ പരിശ്രമമായി എഴുതിയുണ്ടാക്കിയ ജീവിത അനുഭവങ്ങൾ (കാലം മായ്ച്ച കാൽപ്പാടുകൾ) 7-12-08 ന് ആദ്യമായി പുസ്തകരൂപത്തിൽ കൈയ്യിൽ കിട്ടി. ജീവിതം പറയുന്ന ആ പുസ്തകം എന്റെ ജീവിതത്തിലെ വലിയൊരു സ്വപ്ന സാഫല്യമായിരുന്നു… ആ പുസ്തകം കയ്യിൽ കിട്ടിയ ആഹ്ലാദ നിമിഷത്തിൽ, അതിന്റെ ആദ്യ കോപ്പി തങ്ങളുപ്പാക്ക് കൊടുക്കണമെന്നും അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങണം എന്നുമായിരുന്നു വലിയ ആഗ്രഹം…
തങ്ങളുപ്പാനെ ഒന്ന് നേരിൽ കാണുകയെന്നതു വളരെ കാലമായി വലിയ ഒരു ആഗ്രഹമായിരുന്നു…
പാണക്കാട്, തങ്ങൾ കുടുംബത്തിലെ എല്ലാവരുമായും ഞങ്ങളുടെ കുടുംബത്തിന് വർഷങ്ങളായി നല്ല പരിചയവും സൗഹൃദവും ബന്ധവുമുണ്ട്. പക്ഷേ എന്ത് കൊണ്ടോ എനിക്ക് അങ്ങോട്ട് പോകാനും കാണാനും ഒരു അവസരം അത് വരെയും ഉണ്ടായിട്ടില്ല…
അങ്ങനെ, പാണക്കാട്ടേക്ക് വിളിച്ചന്വേഷിച്ചപ്പോൾ ശിഹാബ് തങ്ങൾ ചികിത്സയിലായതു കൊണ്ട് റെസ്റ്റിലാണെന്നും സന്ദർശകരെ അനുവദിക്കുന്നില്ല എന്നുമുള്ള വിവരമാണ് കിട്ടിയത്… അത് കേട്ടപ്പോൾ ശിഹാബ് തങ്ങളെ കാണാനുള്ള പ്രതീക്ഷക്ക് മങ്ങലേറ്റു.
എന്നാലും പാണക്കാട്ടേക്ക് പോകാനുള്ള ശ്രമങ്ങൾ തുടർന്നു. ഒടുവിൽ ഹൈദരലി തങ്ങളെ കാണാം എന്ന അനുമതി കിട്ടി… വൈകുന്നേരം നാലു മണിയാകുമ്പോഴേക്ക് പാണക്കാട് എത്തണം എന്ന വിവരം അറിയുമ്പോൾ അന്ന് (9-12-08) ഉച്ചയ്ക്ക് ഒരു മണി കഴിഞ്ഞിരുന്നു. ക്ഷണനേരം കൊണ്ട് ഞാനും, ഉപ്പയും, അനിയൻ ഫിറോസും, അനിയത്തിയുടെ ഭർത്താവ് ഷാജിയും പാണക്കാട്ടേക്ക് തിരിച്ചു. 3.30 ആയപ്പോൾ ഞങ്ങൾ പാണക്കാട്ടെത്തി.
ഹൈദരലി തങ്ങളുപ്പാന്റെ വീടിനു മുമ്പിൽ സന്ദർശകർ കുറേ പേരുണ്ട്. ഉപ്പയും ഫിറോസും വണ്ടിയിൽ നിന്നിറങ്ങി… തങ്ങളുപ്പാന്റെ അടുത്തു ചെന്ന് എന്റെ കാര്യം പറഞ്ഞു. നടക്കാൻ കഴിയാത്ത ആൾ കാറിൽ ഉണ്ടെന്ന് കേട്ടപ്പോൾ ഹൈദരലി തങ്ങളുപ്പാ കാറിനടുത്തേക്ക് വന്ന് എന്നെ കാണാൻ തയ്യാറായതാണ്. അദ്ദേഹത്തെ അതിന് അനുവദിക്കാതെ അപ്പോഴേക്ക് തിടുക്കത്തിൽ ഫിറോസ് തിരികെ വന്ന് എന്നെ എടുത്ത് കൊണ്ട് വീടിനകത്തേക്ക് കയറി…
എന്നെ എടുത്തു കൊണ്ടു പോവുന്നത് കണ്ട് പുറത്തു നിൽക്കുന്നവർ അത്ഭുതത്തോടെയും അമ്പരപ്പോടെയും നോക്കുന്നുണ്ട്.
എന്റെ വരവിന്റെ ഉദ്ദേശം അറിഞ്ഞപ്പോൾ തങ്ങളുപ്പാന്റെ മുഖത്ത് പുഞ്ചിരി വിടർന്നു…
ഞാൻ 'കാലം മായ്ച്ച കാൽപ്പാടുകൾ' എന്ന പുസ്തകം കവറിൽ നിന്നെടുത്ത് തങ്ങളുപ്പാന്റെ കൈയ്യിൽ കൊടുത്തു. അദ്ദേഹം ആകംക്ഷയോടെ അത് മറിച്ചു നോക്കി. പിന്നെ ഉപ്പാനോട് എന്റെ കാലുകൾ തളർന്നതിനെക്കുറിച്ച് ചോദിച്ചറിഞ്ഞു. പുസ്തകം കൈയ്യിൽ പിടിച്ച് തങ്ങളുപ്പാ എനിക്കു വേണ്ടി ദുആ ചെയ്തു.
ശിഹാബ് തങ്ങളെ കാണാനുള്ള ആഗ്രഹം ഹൈദരലി തങ്ങളോട്, എന്റെ ഉപ്പ സൂചിപ്പിച്ചു. ‘തങ്ങൾ റെസ്റ്റിലാണ്… എന്നാലും കുഴപ്പമില്ല… നിങ്ങൾ ചെന്നോളൂ, ഞാൻ അങ്ങോട്ടു വിളിച്ചു പറയാം…’ എന്ന് ഹൈദരലി തങ്ങളുപ്പായുടെ ഉറപ്പ് കിട്ടിയപ്പോൾ ഇത്തിരി ആശ്വാസമായി… എങ്കിലും അദ്ദേഹത്തെ കാണാൻ കഴിയുമോ എന്ന ഉറപ്പില്ലാതെ സംശയത്തോടെയാണ് ഞങ്ങൾ അവിടെ നിന്നും യാത്ര പറഞ്ഞിറങ്ങിയത്.
കൊടപ്പനക്കൽ തറവാട്.... !
കുറേ കാലങ്ങളായുള്ള കേട്ടറിവുകളുടെ തറവാട്. റോഡിൽ നിന്നു തന്നെ കാണാം, കൊടപ്പനക്കൽ തറവാടിന്റെ മുറ്റത്തെ ആൾത്തിരക്ക്…..
പുരുഷന്മാരും, സ്ത്രീകളും, കുട്ടികളുമായി സിറ്റൌട്ടിലും മുറ്റത്തും സന്ദർശകരേറെയുണ്ട്. ഒന്നും രണ്ടും നീണ്ട് നിരയായി നിൽക്കുന്നു…. അതു കണ്ടപ്പോഴേ തോന്നി, തങ്ങളുപ്പാനെ കാണാൻ കഴിയലുണ്ടാവില്ല എന്ന്. കുറച്ച് നേരം ഞങ്ങൾ വണ്ടിയിൽ തന്നെ ഇരുന്നു… ഇവിടെവരെ വന്നിട്ട് തങ്ങളെ കാണാതെ പോവുന്നതെങ്ങനെ എന്ന് പറഞ്ഞ് കൊണ്ട് ഉപ്പ വണ്ടിയിൽ നിന്നിറങ്ങി.
ഉപ്പ നേരെ അലവികാക്കാന്റെ അടുത്തേക്കാണ് പോയത്. തങ്ങളുപ്പാന്റെ വിശ്വസ്തനാണ് അലവികാക്ക… അലവികാക്കാന്റെ അടുത്ത് ചെന്ന് ഞങ്ങളുടെ വരവിന്റെ ഉദ്ദേശ്യം അറിയിച്ചു. ഉപ്പായെ നേരത്തെ പരിചയമുള്ളതിനാൽ അലവികാക്ക അകത്ത് ചെന്ന് കാര്യം പറഞ്ഞപ്പോൾ അനുമതി കിട്ടി. എന്നെയും കൊണ്ട് അകത്തേക്ക് വരാൻ ആവശ്യപ്പെട്ടു.
അത് കേട്ടതും, കാറിൽ ഇരിക്കുകയായിരുന്ന എന്നെ ഫിറോസ് എടുത്തു. അലവികാക്ക മുമ്പിലും ഞങ്ങൾ പിറകിലുമായി മുന്നിലുള്ള ആളുകളെ മാറ്റി (എന്നെ എടുത്ത് വരുന്നത് കണ്ട് അത്ഭുതത്തോടെ നോക്കി കൊണ്ട് ആളുകൾ മാറിത്തന്നും) ഞങ്ങൾ അകത്തേക്ക് കയറി.
സന്ദർശകരെ സ്വീകരിക്കുന്ന വലിയ അകത്തളം….
അവിടെ വെളുത്ത വലിയൊരു സോഫയിൽ തങ്ങളുപ്പ മുഖത്ത് ചെറുചിരിയോടെ ശാന്തതയോടെ ചാരിയിരിക്കുന്നു..! അദ്ദേഹമിരിക്കുന്നതിന് അടുത്തുള്ള സോഫയിൽ ഫിറോസ് എന്നെ ഇരുത്തി. അദ്ദേഹത്തെ കണ്ട സന്തോഷത്തിൽ നിറചിരിയോടെ ഞാൻ സലാം പറഞ്ഞ് തങ്ങളുപ്പാന്റെ കൈ പിടിച്ചു…. ഇനി എന്തു പറയണമെന്നറിയാതെ തങ്ങളുപ്പാനെത്തന്നെ അത്ഭുതത്തോടെ നോക്കി കൊണ്ട് , അദ്ദേഹത്തിന്റെ തൊട്ട് മുമ്പിൽ ചിരിയോടെ ഇരുന്നു…
മനസ്സിലെ സന്തോഷം മുഴുവനും എന്റെ ആ ചിരിയിൽ നിറഞ്ഞു നിന്നിരുന്നു...
എത്രയോ നാളുകളായി വിശിഷ്ട വ്യക്തികളോടൊപ്പം വാർത്തകളിലും ചാനലുകളിലും കണ്ട് മനസ്സിൽ നിറഞ്ഞു നിൽക്കുന്ന വലിയൊരു ഒരാളുടെ മുമ്പിലാണ് ഞാനിരിക്കുന്നത്… !
പത്രത്താളുകളിലും ചാനലുകളിലും കണ്ട മുഖത്തേക്കാൾ എത്രയോ ശാന്തവും മനോഹരവുമായിരുന്നു ആ മുഖം…
“തങ്ങളുപ്പാനെ ഒന്നു നേരിൽ കാണാൻ ഞാൻ കുറെ നാളായി ആഗ്രഹിക്കുന്നു…” ആ മുഖത്തേക്ക് നോക്കി ഞാനറിയാതെ എന്റെ വാക്കുകൾ ഇടറി വീണു….
തങ്ങളുപ്പയും എന്നെ കൗതുകത്തോടെ നോക്കുകയായിരുന്നു. എന്റെ ജീവിതത്തെക്കുറിച്ച് അറിയാനുള്ള ആകാംക്ഷ ആ മുഖത്ത് തെളിഞ്ഞു നിന്നിരുന്നു…
നേരത്തെ കണ്ടു പരിചയമുള്ള ഒരാളെ കുറെ നാളുകൾക്ക് ശേഷം നേരിൽ കാണുന്ന സന്തോഷത്തോടെ ചിരിച്ചു കൊണ്ട് അദ്ദേഹം ആദ്യം പറഞ്ഞ വാക്കുകൾ….
“ You are a smart girl…!”
കുറെ നേരമായി മനസ്സിൽ നിറഞ്ഞു നിന്ന ആശങ്കയും പേടിയും ആ ഒരു നിമിഷത്തിൽ ആവിയായി പോയി…
ആരുടെ മുന്നിലാണെന്നുപോലും ഓർക്കാതെ, ഒരു തമാശ കേട്ടപോലെ ഞാൻ പൊട്ടിച്ചിരിച്ചു…. തുടക്കത്തിൽ അദ്ദേഹത്തോട് സംസാരിക്കാനുള്ള വിമുഖത മാറി.
“തങ്ങളുപ്പാനെ കാണാൻ ഞാൻ കുറേനാളായി ആഗ്രഹിക്കുന്നു…. കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ട്….” ഈ വാക്കുകൾ തങ്ങളുപ്പാനെ തന്നെ നോക്കിയിരുന്ന് ഞാൻ പോലും അറിയാതെ ഇടക്ക് ആവർത്തിക്കുന്നുണ്ടായിരുന്നു…
സംസാരത്തിനിടക്ക് ഉപ്പാനെ നോക്കി ഒരു പരിഭവം പോലെ തങ്ങളുപ്പ പറഞ്ഞു.
“ എനിക്കറിയില്ലായിരുന്നു നിങ്ങൾക്ക് ഇങ്ങനെയൊരു മകളുള്ള കാര്യം…..” പിന്നെയും എന്നെക്കുറിച്ച് ഓരോ കാര്യങ്ങളും തങ്ങളുപ്പ എന്റെ ഉപ്പയോട് താല്പര്യത്തോടെ ചോദിച്ചറിഞ്ഞു. എനിക്ക് ആറാം വയസ്സിൽ പനി വന്ന് നടക്കാൻ കഴിയാതെ ആയതും, തുടർന്നുള്ള ചികിത്സകളെ കുറിച്ചും, പഠനത്തെയും ചിത്രം വരയെയും എഴുത്തിനെയും കുറിച്ചുമൊക്കെ ഉപ്പ പറഞ്ഞു…
അതിനിടയിൽ എന്റെ പുസ്തകം വിറക്കുന്ന കരങ്ങളോടെ, ഞാൻ തങ്ങളുപ്പാന്റെ കൈയ്യിൽ കൊടുത്തു.
“ ഇത് വായിക്കണം…‘കാലം മായ്ച്ച കാൽപ്പാടുകൾ’ എന്റെ ഓർമ്മക്കുറിപ്പുകളാണ്…. അനുഭവങ്ങൾ… അതൊരു പുസ്തകമാക്കിയതാണ്…”
പുസ്തകം വാങ്ങി പുഞ്ചിരിയോടെ മറിച്ചു നോക്കി. പിന്നെ എന്നെ നോക്കി പറഞ്ഞു.
“ഇത് ആദ്യത്തെ പുസ്തകമാണോ…?
“അതെ” യെന്ന് പറഞ്ഞ് ഞാൻ തലകുലുക്കി.
“ഇങ്ങനെ എഴുതുന്നത് നല്ലതാണ്… ഇനിയും ഇതുപോലെ ഒരുപാട് എഴുതണം…”
“ഇത് മോളുടെ എഴുത്തിന്റെ ഒരു തുടക്കമാവട്ടെ…”
തങ്ങളുപ്പാന്റെ സ്നേഹം നിറഞ്ഞ വാക്കുകൾ വരണ്ടുണങ്ങിയ മനസ്സിന് കുളിർമഴയായി പെയ്തിറങ്ങി…..
ആ സ്നേഹവാക്കുകൾ കുറിപ്പുകളായി പകർത്താൻ ഞാൻ എന്റെ അടുത്തുണ്ടായിരുന്ന ഒരു ഡയറി അദ്ദേഹത്തിനു നേരെ നീട്ടി… അതിന്റെ ഓരോ പേജുകളും ആരൊക്കെ എഴുതിയിട്ടുണ്ട് എന്ന് മറിച്ചു നോക്കി… സാവകാശം സന്ദേശം എഴുതുന്നതിടയിൽ, അദ്ദേഹം തൊട്ടടുത്തുള്ള മുറിയിലേക്ക് ഒന്ന് നോക്കി… അകത്തുള്ളവർക്ക് എന്നെ പരിചയപ്പെടുത്തി കൊടുക്കാനായി അകത്തേക്ക് നോക്കി ആയിഷബീ- ഉമ്മയെ വിളിച്ചു…
തങ്ങളുപ്പാന്റെ വിളി കേട്ട് വാതിലിനപ്പുറത്ത് വന്ന് നിന്ന് ബീയുമ്മ എന്നെ കണ്ടു… വാതിലിനപ്പുറം മറഞ്ഞു നിൽക്കുന്ന ബീഉമ്മയുടെ അടുത്തേക്ക്, മറ്റൊരു വലിയ ഡൈനിംങ്ങ് റൂമിലേക്ക് ഫിറോസ് എന്നെ കൊണ്ടിരുത്തി…..
ആയിഷബീ-ഉമ്മയും മക്കളും പേരക്കുട്ടികളും എന്നെ കാണാനും പരിചയപ്പെടാനും വന്നു… അവരുമായി സംസാരിച്ചിരിക്കുമ്പോഴും, ഓരോ നിമിഷങ്ങളിലും തങ്ങളുപ്പയിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും എനിക്ക് കിട്ടിയ ഊഷ്മളമായ സ്വീകാര്യത അവിശ്വസനീയമായ സംഭവങ്ങളായിരുന്നു…
നേരം ഇരുട്ടിത്തുടങ്ങി. അഞ്ചോ പത്തോ മിനിട്ടുകൾക്കുള്ളിൽ കണ്ട് മടങ്ങാം എന്ന് കരുതി തങ്ങളുപ്പയെ കാണാൻ അകത്തേക്ക് കയറിയതാണ്… പ്രതീക്ഷിച്ചതിനപ്പുറം നേരമായി അവിടെയെത്തിയിട്ട്…. പ്രസരിപ്പോടെയുള്ള സംസാരങ്ങളോടെ തങ്ങളുപ്പാന്റെ സാന്നിധ്യത്തിൽ നേരം പോവുന്നതറിയാതെ, ഒടുവിൽ മനമില്ലാ മനസ്സോടെയാണ് അവിടെ നിന്നും തിരികെ പോരാനൊരുങ്ങിയത്…. യാത്ര പറയാനായി തങ്ങളുപ്പാന്റെ കൈകളിൽ പിടിച്ചു. ഞാൻ വീണ്ടും ഓർമ്മിപ്പിച്ചു…..
“ എന്റെ കാലം മായ്ച്ച കാല്പാടുകൾ വായിക്കണം…. നിർദ്ദേശങ്ങളറിയിക്കണം… ഞാൻ വിളിയ്ക്കാം…..”
തങ്ങളുപ്പ പുഞ്ചിരിയോടെ തലകുലുക്കി. അദ്ദേഹത്തിന്റെ കൈ ചേർത്ത് പിടിച്ച് മുഖമമർത്തുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു.
“ ഞാനിനിയും വരും… അധികം വൈകാതെ….”
അദ്ദേഹത്തോട് യാത്ര പറയുകയായിരുന്നില്ല ഞാൻ….
തങ്ങളുപ്പാന്റെ അനുഗ്രഹങ്ങളേറ്റു വാങ്ങി മനസ്സു നിറഞ്ഞ് ഞങ്ങൾ അവിടെ നിന്നിറങ്ങി.
ഫിറോസ് എന്നെ എടുത്ത് കാറിൽ ഇരുത്തി. തങ്ങളുപ്പാനെ കാണാൻ കാത്തുനിൽക്കുന്ന ആളുകളെല്ലാം എന്നെ എടുത്തുകൊണ്ടു വരുന്നത് സഹതാപത്തോടെ നോക്കുന്നുണ്ട്. അപ്പോൾ ഞാൻ മറ്റൊന്നാണ് ശ്രദ്ധിച്ചത്…. അത്രയും നേരം വൈകിയിട്ടും അക്ഷമയോടെ നിൽക്കുന്ന അവരുടെ ഒരാളുടെ മുഖത്ത് ഒരിത്തിരി പോലും കാത്തിരിപ്പിന്റെ മുഷിപ്പില്ല…
തങ്ങളുപ്പാനെ ഒരു നോക്കു കാണാൻ, ആ സ്നേഹം നേരിട്ടനുഭവിക്കാൻ മണിക്കൂറുകളായി കാത്തു നിൽക്കുകയാണവർ….
പറഞ്ഞറിയിക്കാവാത്ത സന്തോഷത്തോടെ തിരികെ പോരാനായി ഞങ്ങൾ വണ്ടിയിൽ കയറി. ഫിറോസ് കാർ സ്റ്റാർട്ട് ചെയ്തു… അപ്പോഴാണ് അകത്തു നിന്നു വേഗത്തിൽ പുറത്തു വന്ന് ഒരാൾ ഞങ്ങളെ കൈകൊട്ടി വിളിക്കുന്നത്… അയാൾ ഞങ്ങളുടെ അടുത്ത് വന്ന് ‘നിങ്ങളോട് അകത്തേക്ക് ചെല്ലാൻ പറഞ്ഞു’ എന്ന് പറഞ്ഞു.
ഉപ്പ വണ്ടിയിൽ നിന്നിറങ്ങി. വിളിക്കാൻ വന്ന ആളിന്റെ കൂടെ അകത്തേക്ക് പോയി. പോയ അതേ വേഗത്തിൽ തന്നെ മുഖം നിറയെ സന്തോഷവും ആദരവും നിറഞ്ഞ ചിരിയുമായി ഉപ്പ തിരികെ വന്നു വണ്ടിയിൽ കയറി. ഉപ്പാന്റെ കയ്യിൽ ഒരു ചെറിയ പ്ലാസ്റ്റിക് കവർ ഉണ്ടായിരുന്നു…! ഞങ്ങൾ എല്ലാവരും ആ പൊതിയിലേക്കാണ് ശ്രദ്ധിച്ചത്.
“എന്താ ഇത്…?”
“നിനക്ക് തരാൻ പറഞ്ഞ് തങ്ങൾ തന്നതാണ്….” അത് പറയുമ്പോൾ ഉപ്പയുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു... ഉപ്പ കയ്യിലുണ്ടായിരുന്ന പൊതി എന്റെ നേരെ നീട്ടി.
തട്ടിപ്പറിക്കുന്നത് പോലെയാണ് ഞാൻ ഉപ്പാന്റെ കൈയ്യിൽ നിന്നത് വാങ്ങിയത്… കവറിൽ എന്താകും എന്നായിരുന്നു എല്ലാവരുടെയും ആകാംക്ഷ…
മുറ്റത്തെ തിരക്കുകൾക്കിടയിലൂടെ ഫിറോസ് കാർ മെല്ലെ പുറത്തേക്കെടുത്തു… കൊടപ്പനക്കൽ വലിയ തറവാടിന്റെ വലിയ മുറ്റവും, ഗേറ്റും കടന്ന് ഞങ്ങളുടെ വണ്ടി റോഡിലേക്കിറങ്ങി….
തങ്ങളുപ്പ തന്ന ആ കവർ തുറന്നു നോക്കാൻ തോന്നിയില്ല... സന്തോഷം നിറഞ്ഞ് ശക്തമായി തുടിക്കുന്ന നെഞ്ചിലേക്ക് ഞാനത് മെല്ലെ ചേർത്തു പിടിച്ചു.
എന്ത് തന്നെ ആയാലും, തങ്ങളുപ്പാക്ക് എന്നോടു തോന്നിയ മുഴുവൻ സ്നേഹവും വാത്സല്യവുമടങ്ങിയ വില മതിക്കാനാവാത്ത നിധിപോലൊരു സമ്മാനം….!
അപ്പോൾ ഞാൻ കരയുകയായിരുന്നോ….,
ചിരിക്കുകയായിരുന്നോ…?
എനിയ്ക്കറിയില്ല….
അതിന് ശേഷം എന്റെ ജീവിതത്തിൽ ഞാൻ പോലും പ്രതീക്ഷിക്കാത്ത വിധത്തിൽ ഒരുപാട് സന്തോഷങ്ങളുണ്ടായിട്ടുണ്ട്… അപ്പോഴൊക്കെയും തങ്ങളുപ്പയുടെ സ്നേഹ വാക്കുകളും ആശംസകളും നനുത്ത കുളിർമയോടെ ഉറവയായി പൊടിയുന്ന അനുഗ്രഹമായി മനസ്സിൽ നിറയും…
നിറം മങ്ങാത്ത ഓർമകളുടെ ചെപ്പിൽ, തങ്ങളുപ്പ നൽകിയ ആ സമ്മാനം ഇന്നും സുഗന്ധം പരത്തുന്ന അമൂല്യ നിധിയായി ഞാൻ സൂക്ഷിച്ചു വെച്ചിട്ടുണ്ട്…
വളരെ നല്ല അനുഭവം…..
ReplyDeleteമനസ്സിൽ പച്ച വിരിച്ചത് പോലെ.
നന്മ നിറഞ്ഞ ആ സ്നേഹ പ്രതീകം ..
ReplyDeleteനമ്മെ വിട്ടകന്നെങ്കിലും എന്നും മസ്സില്‍ ..
ജീവിക്കാന്‍ വേണ്ടതെല്ലാം നല്‍കിയാണ് ..
അദ്ദേഹം വിട വാങ്ങിയത് ..
ആ അമൂല്ല്യ നിമിഷങ്ങള്‍ എന്നും മനസ്സില്‍ ..
മായാതെ കാത്തു സൂക്ഷിക്കുക ...
നല്ലൊരു അനുഭവ കുറിപ്പ് എഴുതിയതിനു
ഒരായിരം ആശംസകള്‍ ...
അനുഭവങ്ങളുടെ ഓര്‍മക്കുറിപ്പുകള്‍ ഭാവനയുടെ തേന്‍ തുള്ളികളില്‍ ചാലിച്ചു മാരിയ ഒരുക്കൂന്ന വിഭവങ്ങള്‍ വളരെ മധുര്യമുള്ളതുതന്നെ .എല്ലാ ഭാവുഗങ്ങളും നേരുന്നു തുടര്‍ന്നുള്ള ബ്ലോഗുഗള്‍ക്കായി കാത്തിരിക്കുന്നു
ReplyDeleteഎന്റെ അനുഭവം
ReplyDeleteഭംഗിയായി പറഞ്ഞിരിക്കുന്നു മറിയത്ത്.
ReplyDeleteആശംസകള്‍
ഇതു വായിച്ചപ്പോൾ മാരിയുടെ കൂടെ ഞാനും വന്നതുപോലെ തോന്നുന്നു.
ReplyDeleteബ്ലോഗുകള്‍ വായിക്കരുന്ടെങ്കിലും കമന്റുകള്‍ എഴുതല്‍ കുറവാണു. പക്ഷെ ഇവിടെ അതിനു വയ്യ. പ്രിയ എഴുത്തുകാരി നിങ്ങള്‍ ഭാഗ്യവതിയാണ്. എന്‍റെ ഒരുപാടു നാളത്തെ ആഗ്രഹം (തങ്ങളെ നേരില്‍ കാണാന്‍) ഇനി ഒരിക്കലും നടക്കാത്ത ഒരു സ്വപ്നം. ഓര്‍ക്കുമ്പോള്‍ നിങ്ങളോട് അസൂയ തോന്നുന്നു അതുലുപരി സന്തോഷവും. അമൂല്യമായ ഈ അനുഭവ കുറിപ്പ് എന്നില്‍ വല്ലാത്ത ഒരു വികാരം സൃഷ്ടിച്ചു. കണ്ണ് നിറഞ്ഞുവോ ?? ഭവതി നിങ്ങള്‍ക്കു ആയിരമായിരം ആശംസകള്‍ ഈ വിനീതന്‍ നേരുന്നു, തങ്ങളുടെ വാക്കുള്‍ സത്യമാവട്ടെ “ഇത് മോളുടെ എഴുത്തിന്റെ ഒരു തുടക്കമാവട്ടെ…”. ഉയരത്തിലേക്ക് പറക്കാന്‍ തുടങ്ങുന്ന നിന്‍റെ ചിറകുകള്‍ തളരാതിരിക്കട്ടെ..
ReplyDeleteപ്രിയ സഹോദരീ,
ReplyDeleteകഴിഞ്ഞ ദിവസം മാധ്യമത്തില്‍ നിങ്ങളുടെ അനുഭവ കുറിപ്പ് വായിച്ചിരുന്നു.
കേരളീയ ജന സമൂഹത്തില്‍ മത സൌഹാര്‍ദ്ദത്തിന്റെയും സ്നേഹത്തിന്റെയും
മഹനീയ മാതൃക കാണിച്ച ആ വലിയ മനുഷ്യനെ ഓര്‍ത്തപ്പോള്‍
കണ്ണ് നിറഞ്ഞു.
ഒപ്പം നിങ്ങളെയും.
വളരെ നന്നായി എഴുതി കേട്ടോ.
തുടര്‍ന്നും എഴുതു......
ഓണക്കവിത വളരെ നന്നായിരിക്കുന്നു
ReplyDeleteകൂടുതല്‍ എഴുതണം.
കാല്പാടുകള്‍ കാലം മയ്ചെങ്കിലും
കയ്മുദ്രകള്‍ ചാര്‍ത്താന്‍ കഴിയുമല്ലോ
മുന്നേറുക ധീരതയോടെ
blog നന്നായിരിക്കുന്നു
ഞാനും ഒരുപാടാഗ്രഹിച്ചതായിരുന്നു ഈ സ്വപ്നനിമിഷങ്ങളെ.... അലിയാത്ത ഒരു നോവ് ഈ നെഞ്ചിലും ബാക്കിവെച്ച് അങ്ങ് യാത്രയായി... വിവരണം വളരെ വളരെ നന്നായിട്ടുണ്ട് മാരി.. ഭാവുകങ്ങള്‍!!
ReplyDeleteതങ്ങളോടോപ്പമുള്ള നിമിഷങ്ങളെ വായിച്ചപ്പോള്‍ കണ്ണ് നിറഞ്ഞു പോയി. നാഥന്‍ തങ്ങളുടെ പരലോക ജീവിതം സ്വര്‍ഗീയമാക്കട്ടെ . ആമീന്‍.
ReplyDeleteഒപ്പം നന്മകളുടെ ലോകത്തു ഇനിയും തളരാത്ത മനസ്സുമായി നിറഞ്ഞു നില്ക്കാന്‍ എന്റെ പ്രിയ സഹോദരിക്ക് സാധ്യമാവട്ടെ എന്നും പ്രാര്‍ത്ഥിക്കുന്നു ... ആശംസിക്കുന്നു
Masha Allah Excellent,,,,,
ReplyDeleteഒരു പ്രത്യേക മതവിഭാഗങ്ങൾക്കും, രാഷ്ട്രീയങ്ങൾക്കുമപ്പുറം എല്ലാവരും ഒരുപാട് ആദരവുകളോടെ ബഹുമാനിച്ചിരുന്ന, സ്നേഹിച്ചിരുന്ന സാമുദായികനായിരുന്ന പ്രിയ നേതാവ്…. സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ,,,,.
സത്യം ,,,,,, എന്റെ കണ്ണുകള്‍ നിറഞ്ഞു പോയ് , ഞാന്‍ ഈ ബ്ലോഗില്‍ ജോയിന്‍ ചെയ്യാനുള്ള ഒരു കാരണം തങ്ങളെ കുറിച്ചുള്ള ഈ ലേകനമാണ്
it's really a heart touching and very well written. ...
പ്രിയങ്കരനായ ശിഹാബ് തങ്ങളോടൊപ്പം ഉള്ള നിമിഷങ്ങള്‍....കണ്ണുകളെ ഈറന്‍ അണിയിക്കുന്നു..എല്ലാ വിധ ആശംസകളും നേരുന്നു...പരേതനു വേണ്ടി പ്രാര്‍ത്ഥിക്കുന്നു...
ReplyDeleteIt's a Great Xperience for everyone who has met Thangal Uppa...and Maari athu valarey nannaayi hridaya sparshiyaayi vivarichitundu...thanks Maari...
ReplyDeleteകണ്ടവര്‍ക്കും പരിജയപെട്ടവര്‍ക്കര്‍ക്കും എത്ര പറഞ്ചാലും മതി വരാത്ത മഹാ മനുഷ്യന്‍ വിവരണം അതിലേറെ മനോഹരം
ReplyDeleteഎന്റെ കണ്ണുകള്‍ നിറഞ്ഞു പോയ്.വളരെ നന്നായിട്ടുണ്ട്.എന്റെ പ്രിയ സഹോദരിക്ക്.ഒരായിരം ആശംസകള്‍ ...
ReplyDeleteതങ്ങളോടോപ്പമുള്ള നിമിഷങ്ങളെ വായിച്ചപ്പോള്‍ കണ്ണ് നിറഞ്ഞു പോയി. നാഥന്‍ തങ്ങളുടെ പരലോക ജീവിതം സ്വര്‍ഗീയമാക്കട്ടെ . ആമീന്‍.
ReplyDelete