എല്ലാം മറന്നുറങ്ങുന്നവർ…..
ഒരു പകൽ കൂടി
അവസരമായി കിട്ടിയ
ഔദാര്യം…..
കണക്കു പുസ്തകത്തിൽ
കള്ളക്കണക്കു ചേർത്ത്
തടിച്ചു വീർത്ത പോക്കറ്റ്…..
കണ്ണീരു വറ്റിക്കുഴിഞ്ഞ
കൺതടം കാണാതെ
പലിശ കണക്കു തീർത്തു…
മണ്ണും വിണ്ണും
പണംകൊണ്ടളന്നു തൂക്കി
വിലയില്ലാതായ
ബന്ധങ്ങളെ
അഗതി മന്ദിരത്തിന്റെ
താക്കോൽ പഴുതിലേക്ക്
പകുത്തു വെച്ചു…
എന്തൊക്കെയോ
കൂടെയുണ്ടെന്ന
അധികാരങ്ങളുടെ
കാൽക്കീഴിൽ
മനുഷ്യത്വം മരവിച്ച
അഹങ്കാരത്തിന്റെ
വിഴുപ്പു ചുമന്ന്
ദൈവത്തിന്റെ
അച്ചുതണ്ടിൽ കറങ്ങുന്നവർ
നാളെ നേരത്തെയെഴുന്നേൽക്കാൻ
അലാറം വെച്ച്
എല്ലാം മറന്നുറങ്ങി……
No comments:
Post a Comment