Welcome............... Welcome...............Welcome...Welcome...........Welcome...........Welcome...........Welcome...........

Sunday, February 5, 2012

ഞങ്ങളുടെ കുറേ നാളത്തെ ആഗ്രഹങ്ങള്‍ക്കൊത്ത് ഒരു അവസരം....
പകല്‍വീടിനു പുറത്ത് കാറ്റും വെളിച്ചവും പൂക്കളും പൂമ്പാറ്റകളുമായി നിറഞ്ഞ സന്തോഷങ്ങളോടെ ഒരു ദിവസത്തിന്റെ പകല്‍വെളിച്ചത്തിന്റെ വിശാലതയിലേക്ക്.....

നിലമ്പൂര്‍ തേക്ക് മ്യൂസിയത്തിനുള്ളിലെ തേക്കിന്റെ വിവിധ ഭാവങ്ങളിലൂടെയും പുറത്തെ ഉദ്യാനത്തിലൂടെയും എല്ലാവരും ഒന്നിച്ചുകൂടി ചുറ്റിക്കറങ്ങുമ്പോള്‍ മനസ്സില്‍ അലയടിച്ചുയര്‍ന്ന സന്തോഷങ്ങള്‍ക്കു അതിരുകളില്ലായിരുന്നു.....
പൂമ്പാറ്റകള്‍ക്കൊപ്പം പാറിപ്പറന്നും മുളങ്കാറ്റിനോട് പൊട്ടിച്ചിരിച്ചും കലപിലകൂട്ടിയ കിളികള്‍പോലെ മൂളിപ്പാട്ടുകള്‍ പാടിക്കൊണ്ട് പാലിയേറ്റീവിന്റെ പ്രവര്‍ത്തകരുടെ കൈമെയ് മറന്ന സഹായത്തിലൂടെ സങ്കടങ്ങളൊന്നുമില്ലാതെ... ഒറ്റപ്പെടലുകളില്ലാതെ..... ഞങ്ങള്‍ ഞങ്ങളെ മറന്നു.

Tuesday, January 3, 2012

കാലം മായ്ച്ച കാല്‍പ്പാടുകള്‍- ഒരു വായനാനുഭവം.

റീന ഗണേശ്
മലയാളം ഡിപ്പാര്‍ട്ട്മെന്റ്
എം. ഇ. എസ്. ആര്‍ട്സ് & സയന്‍സ് കോളേജ്
ചാത്തമംഗലം.

ലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ നിന്നും യൂണിവേഴ്സിറ്റി പേപ്പര്‍ മൂല്യ നിര്‍ണ്ണയത്തിന് പോകുമ്പോള്‍ മനസ്സില്‍ നിറയെ സന്തോഷമായിരുന്നു. എന്റെ ജീവിതത്തിന്റെ വഴിത്തിരിവായ മൂന്നുവര്‍ഷം ചെലവഴിച്ചതവിടെയായിരുന്നു. ആ ഒര്‍മ്മകളില്‍ അഭിവന്ദ്യരായ എന്റെ ഗുരുക്കന്മാരും ഉണ്ടായിരുന്നു. അവരുടെ വിവരങ്ങളറിയാം. അവരെ ഒരു നോക്കു കാണാം. പലരും പിരിഞ്ഞുപോയിരുന്നു. പക്ഷെ എന്റെ ബെറില്‍ ടീച്ചര്‍ എന്നെ കണ്ടമാത്രയില്‍ തിരിച്ചറിഞ്ഞു. നിറഞ്ഞ മനസ്സോടെ യുള്ള ടീച്ചറിന്റെ ചിരി ഇപ്പോഴും മനസ്സില്‍ തങ്ങി നില്‍ക്കുന്നു.

അവിടെ വെച്ചാണ് ഞാന്‍ മിനിടീച്ചറിനെ പരിചയപ്പെടുന്നത്. കോടഞ്ചേരി കോളേജിലെ ബേബിഷീബ ടീച്ചര്‍ വഴി..... ചിരപരിചിതയെന്ന പോലെയുള്ള ടീച്ചറിന്റെ പെരുമാറ്റം എന്നെ അത്ഭുതപ്പെടുത്തി. ചുങ്കത്തറ മാര്‍ത്തോമ കോളേജിലെ മലയാളം ടീച്ചറാണ് എന്ന് എനിക്ക് ഷീബടീച്ചര്‍ പരിചയപ്പെടുത്തി തന്നു. ഉച്ചയൂണിന് ടീച്ചര്‍ കൊണ്ടുവന്നിരുന്ന വീട്ടില്‍ നട്ടുവളര്‍ത്തിയ പയറിന്റെ ഉപ്പേരിയും ടീച്ചറുതന്നെ കൊണ്ടാട്ടമാക്കിയ മുളകും മോരുകറിയും സാമ്പാറും കടലയ്ക്കാകറിയും....എല്ലാം വളരെ സ്നേഹത്തോടെ തന്നിരുന്നു. എന്റെ മനസ്സിനെ അത്ഭുതപ്പെടുത്തിയ ഒരു കഥാപാത്രമായിരുന്നു മിനിടീച്ചര്‍.
ഒരു ദിവസം. ഞങ്ങളുടെ ചീഫായ മഞ്ചേരി കോളേജിലെ ആസാദ് സാറിന് ടീച്ചര്‍ ഒരു പുസ്തകം കൊടുത്ത് നാളെത്തന്നെ തരണം, വേറെ കോപ്പിയില്ല എന്നു പറയുന്നതു കേട്ടു. സാര്‍ പിറ്റേന്ന് തന്നെ ആ പുസ്തകം വായിച്ച് തിരിച്ചു കൊടുക്കാന്‍ കൊണ്ടുവന്നു. പേപ്പര്‍ നോക്കി കഴിഞ്ഞപ്പോള്‍ എന്നോട് ചോദിച്ചു, ഈ പുസ്തകം വായിക്കുന്നോ, നാളെ മിനിടീച്ചര്‍ക്ക് കൊടുത്താല്‍മതി.... ഞാന്‍ മെല്ലെ മറിച്ചുനോക്കി. എനിക്കും വായിച്ചാല്‍ കൊള്ളാമെന്നുണ്ട്. ഞാനത് വാങ്ങി വീട്ടിലെത്തി വായിച്ചു തുടങ്ങി. ഇപ്പോഴും ഞാനാ നല്ല നിമിഷത്തെ നന്ദിയോടെ സ്മരിക്കുന്നു.

കാലം മായ്ച്ച കാല്‍പ്പാടുകള്‍ മാരിയത്ത് സി. എച്ചിന്റേതായിരുന്നു. അവളുടെ ജീവിതമാണത്. ഏകദേശം എന്റെ സമപ്രായക്കാരിയായതുകൊണ്ട് ഞാന്‍ ‘അവള്‍’ എന്നു തന്നെ സംബോധന ചെയ്യട്ടെ.... പലപ്പോഴും കണ്ണീരണിഞ്ഞ് വാക്കുകള്‍ തടസ്സപ്പെട്ടിട്ടുണ്ട്. അത്രയ്ക്കും ഹൃദയസ്പര്‍ശിയായിരുന്നു ഓരോ അനുഭവവും.
മാരിയത്തിന്റെ കുട്ടിക്കാലമാണ് തുടക്കത്തില്‍... തറയില്‍ കിടന്നുറങ്ങാന്‍ ഇഷ്ടപ്പെടുന്ന മാരി... അങ്ങനെ ഉറങ്ങിപ്പോയ മകളെ കട്ടിലില്‍ എടുത്തു കിടത്തുന്ന ഉപ്പ.... ഒരു പനി വന്ന് കാലുകളെ തളര്‍ത്തിക്കളയുമെന്ന് ഒരിക്കല്‍ പോലും അവള്‍ വിചാരിച്ചിരുന്നില്ല... മദ്രസയില്‍ പോകാനായി രാവിലെ ഉണര്‍ന്ന് നേരം വൈകിയെന്ന വെപ്രാളത്തില്‍ താഴേക്കിറങ്ങിയ അവള്‍ കാലുകള്‍ ചലിക്കാനാകാതെ കിടക്കവിരിയില്‍ പിടുത്തമിട്ട് തൂങ്ങിക്കിടന്നു.

ഇങ്ങനെ സംഭവിക്കുന്നതിന് മുമ്പ് കടല്‍ത്തിരത്തില്‍നിന്നും പുഴയുടെ ആഴങ്ങളിളില്‍ നിന്നും ദൈവം മാരിയെ രക്ഷപ്പെടുത്തി ജീവിതത്തിലേക്ക് മടക്കിയിരുന്നു.... അത് ഇതിനുവേണ്ടിയായിരുന്നോ? കാലുകള്‍ രണ്ടും തളര്‍ന്ന് കൂട്ടുകാരില്‍ നിന്നും ഒറ്റപ്പെട്ട് വെള്ളത്തില്‍ കളിക്കാനും മീന്‍പിടിക്കാനും കഴിയാനാകാതെ പൂക്കളോടും കിളികളോടും കിന്നാരം പറയാനാകാതെ കൂട്ടുകാരോടൊന്നിച്ച് സ്കൂളില്‍ പോകാനാകാതെ.....

കഷായത്തിന്റെയും കുഴമ്പിന്റെയും മനംമടുപ്പിക്കുന്ന മണത്തിന്റെ നടുവില്‍, പലവിധ ചികിത്സകളിലൂടെ വരുന്ന പരീക്ഷണങ്ങള്‍ക്കിടയിലും മാരിയുടെ ഒരേയൊരു പ്രതീക്ഷ എനിക്ക് എങ്ങനെയെങ്കിലും പഴയതുപോലെ ഒന്നു നടക്കാലോ എന്നതായിരുന്നു.... പക്ഷെ അതെല്ലാം വെറുതെയായി... ഒന്നിനും മാരിയെ രക്ഷപ്പെടുത്താനായില്ല.

അവളുടെ കുട്ടിക്കാലം വായിക്കുമ്പോള്‍ അവളോടൊപ്പം തന്നെ മനസ്സ് സഞ്ചരിക്കുന്നു. അത്രയ്ക്കും മനോഹരമായ ആഖ്യാനരീതിയാണ്. വളപ്പൊട്ടുകളും കുന്നിക്കുരുവും മയില്‍പ്പീലിയും സൂക്ഷിക്കുന്ന നിഷ്കളങ്കമായി ഒരു പെണ്‍കുട്ടി... തുള്ളിച്ചാടി കളിക്കേണ്ട സമയത്ത് ഒറ്റപ്പെട്ടുപോയ് ബാല്യം.... പുറം ലോകം കാണാന്‍ മറ്റുള്ളവരെ ആശ്രയിക്കേണ്ടിവരുമ്പോഴുണ്ടാകുന്ന മനോവിഷമം.... ആശുപത്രിയില്‍ പോകാന്‍ ഉമ്മ എടുത്തു ബസ്സില്‍ കയറുമ്പോള്‍ ആരും സീറ്റൊഴിഞ്ഞ് കൊടുക്കാതിരിക്കുന്നതും വലിയ കുട്ടികളെ എടുത്ത് നില്‍ക്കുന്നതൊക്കെ ഇരിക്കാന്‍ സീറ്റ് കിട്ടാനുള്ള അടവാവും- എന്ന കമന്റൊക്കെ വായിക്കുമ്പോള്‍ മനസ്സില്‍ മുള്ളുതറച്ചു കയറുന്ന പ്രതീതി. ആ ഉമ്മയുടെ കണ്ണുകള്‍ നിറയുമ്പോള്‍ വായനക്കാരുടെ കണ്ണുകളും നിറയുന്നു.

സ്നേഹത്തിന്റെ തൂവല്‍സ്പര്‍ശങ്ങളായി മാരിയത്തിന്റെ കുടുബാംഗങ്ങള്‍ റെജിയും ഫിറോസും റീനയും ഉപ്പയും ഉമ്മയും അങ്ങനെയങ്ങനെ എത്രയോ നല്ല സ്നേഹമുള്ള ആളുകള്‍. കൂട്ടുകാരികളെ ലഭിക്കുമ്പോഴുണ്ടാകുന്ന സന്തോഷവും നഷ്ടപ്പെടുമ്പോഴുണ്ടാകുന്ന വേദനയും എത്ര മനോഹരമായാണ് മാരിയത്തിന്റെ കൈവിരലിലൂടെ നമ്മുടെ മനസ്സിലേക്ക് ഒഴുകിയെത്തുന്നത്.

വേനലും വര്‍ഷവും മറയുന്നതറിയാതെ
ഏകാന്തതയിലെ നൊമ്പരങ്ങള്‍ക്കിടയില്‍
സന്തോഷത്തിന്‍ പൂത്തിരി കത്തിച്ച
വസന്തങ്ങളാണ് എന്റെ കൂട്ടുകാര്‍......
എന്ന മാരിയുടെ കവിതയില്‍ തന്നെ വിശാലമായ സൌഹൃദമാഗ്രഹിക്കുന്ന അവളുടെ മനസ്സ് നമുക്ക് വായിക്കാം.

കിടന്നിടത്ത് നിന്ന് അനങ്ങാന്‍പോലും സാധിക്കാതിരുന്ന മാരിയത്തിന് പിന്നീട് എഴുന്നേറ്റിരിക്കാനായതും ഇഴഞ്ഞ് നീങ്ങാമെന്നതും അവളുടെ ആശ്വാസമായിരുന്നു. പക്ഷെ അത് വായിക്കുന്ന നമ്മള്‍ക്ക് അവളുടെ ചിത്രം മനസ്സില്‍ വിങ്ങലുണ്ടാക്കുന്നു. സ്വയം മരിക്കണമെന്നാഗ്രഹിക്കുന്ന പല നിമിഷങ്ങളും പിന്നത്തേക്ക് മാറ്റിവെയ്ക്കാന്‍ തോന്നിയ മാരിയത്തിന്റെ മനസ്സിന് നന്ദി. കാരണം കാലം മായ്ച്ച കാല്പാടുകള്‍ വായിക്കുന്ന എല്ലാവരിലും അനുകമ്പയുണരുന്നു..... അന്യമായി പോകുന്ന മാനുഷികമൂല്യങ്ങള്‍ ഉണരുന്നു.

കുഞ്ഞമ്മടീച്ചറിന്റെയും മിനിടീച്ചറിന്റെയും ആശീര്‍വാദത്തോടെ മൂന്ന് നാല് മാസങ്ങള്‍ കൊണ്ട് എസ്. എസ്. എല്‍. സി എഴുതാന്‍ തയ്യാറായ മാരിയത്ത്, ആത്മവിശ്വാസം നല്‍കാന്‍ ബഷീര്‍സാര്‍, സുരേന്ദ്രന്‍ സാര്‍..... അങ്ങനെ പലരും. ആകാംക്ഷയോടെയുള്ള കാത്തരിപ്പിനൊടുവില്‍ മാരിയത്ത് പത്താംക്ളാസ്സ് പാസ്സായി.

മാരിയത്ത് നീ പരീക്ഷ എഴുതിയ അതേ വര്‍ഷം അതേ സമയം തന്നെയാണ് ഞാനും പരീക്ഷയെഴുതിയത്. അന്ന് ഞാനറിഞ്ഞിരുന്നോ ഭാവിയില്‍ എനിക്കിതുപോലെ ഒരു കൂട്ടുകാരിയെ കിട്ടുമെന്ന്..... എല്ലാം ദൈവനിശ്ചയം....

ചുങ്കത്തറ മാര്‍ത്തോമാ കോളേജില്‍ പ്രീഡിഗ്രിക്ക് ചേരന്നപ്പോഴുണ്ടാകുന്ന മാരിയത്തിന്റെ അങ്കലാപ്പും കുട്ടികളുടെ ഏറ്റവും മുമ്പില്‍ കസേരയില്‍ ഇരിക്കുമ്പോഴുണ്ടാകുന്ന അസ്വസ്ഥതയും ഒക്കെ ശരിക്കും അനുഭവവേദ്യമാക്കിത്തരുന്നതായിരുന്നു മാരിയത്തിന്റെ വാക്കുകള്‍.

ഒന്ന് അനങ്ങാന്‍ പോലുമാവാതെ വൈകുന്നേരം വരെ ഇരിക്കേണ്ടി വരുന്ന അവസ്ഥ. ബാത്ത്റൂമില്‍ പോകാന്‍ പോലും കഴിയാതെ ഇരുന്ന അവസ്ഥ... വളരെ ദയനീയം. ദൈവമേ ഇത് നിന്റെ പരീക്ഷണമായിരുന്നോ? പേടിച്ച് മാരി ഓടിപ്പോവുമെന്ന് കരുതിയോ? ഇല്ല അവള്‍ പോയില്ല. അവള്‍ പ്രീഡിഗ്രിയും കഴിഞ്ഞു. കോളേജിലെ അനുഭവങ്ങളൊക്കെ മാരിയത്ത് എത്ര ആവേശത്തോടെയാണ് വിവരിക്കുന്നത്. അവളുടെ വീട്ടുകാര്‍ക്കൊപ്പമുള്ള വിനോദയാത്രയും കൂട്ടുകാരുടെ സ്നേഹമൊക്കെ അവള്‍ക്ക് ലഭിച്ച ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങളായിരുന്നു.

ജീവിതത്തില്‍ കഷ്ടതയനുഭവിക്കുന്നവര്‍ ഭാഗ്യവാന്മാര്‍. കാരണം അവരിലൂടെ സമൂഹത്തിന് ഒരുപാട് സന്ദേശങ്ങള്‍ എത്താനുണ്ട്. ഒരു നിമിഷത്തേക്കെങ്കിലും നന്മയുടെ ഒരംശം അവരിലുണര്‍ത്താന്‍ കഴിയുന്നു. മനുഷ്യന്റെ അഹങ്കാരത്തിന് അറുതിവരുത്താന്‍, നിസ്സഹായരിലേക്ക് ഒരു ചെറിയ സഹായഹസ്തമെത്തിക്കുവാന്‍, നാളെ ഞങ്ങള്‍ക്കും ഇങ്ങനെ വന്നാലോ എന്ന ചിന്തയുണര്‍ത്താന്‍ അങ്ങനെയങ്ങനെ...... പലതിനും മാരിയത്തിനെ പോലുള്ളവര്‍ പ്രതിസന്ധികളെ തരണം ചെയ്ത് നന്മയുടെ പ്രതിരൂപമായിരിക്കട്ടെ...

വിരസമായ ഏകാന്തതയെ വര്‍ണ്ണങ്ങളില്‍ ചാലിച്ച്, പ്രതീക്ഷയുടെ കൈത്തിരിനാളം കത്തിച്ച് മുന്നോട്ട് പോകുന്ന മാരിയത്ത് അശരണമായ ജനങ്ങള്‍ക്ക് ഒരു സാന്ത്വനമാണ്.

മാരിയത്തിന് നല്‍കിയ ഗുരു നിത്യ ചൈതന്യ യതിയുടെ അനുഗ്രഹാശിസ്സുകള്‍ വായനക്കാരിലേക്കും പകരുന്നതാണ്.
അഹമഹമെന്നറിയുന്നതൊക്കെ യാരായുകിലി-
ലകമേ പലതല്ലതേകമാകും.
നാം ഈ ഏകതയെ കാണുന്നത് ദൈവമെന്ന വെളിച്ചത്തില്‍ മാത്രമാണ്. ഇനിയും.... എന്ന് നാം ചിന്തിക്കുമ്പോഴേക്കും ഇനി എന്നത് ഇപ്പോഴായി തീരും. അതുകൊണ്ട് ഈ സന്തോഷം മുറിയാതെ പോകട്ടെ. മുറിഞ്ഞു പോവുമ്പോഴും പ്രത്യാശയുടെ വെളിച്ചം ഉണ്ടായിരിക്കും.

എന്റെ മാരീ, ഒരിക്കലും കണ്ടിട്ടില്ലങ്കിലും
നിന്നെ ഞാനറിയുന്നു. നിന്റെ വാക്കുകളിലൂടെ...
ഇനിയൊരിക്കലും നമ്മള്‍ കണ്ടിട്ടില്ലെങ്കിലും
നിന്നെ ഞാന്‍ സ്നേഹിക്കുന്നു....
എന്റെ സ്നേഹം ഒരമൃതായി
നിന്നിലലിഞ്ഞെങ്കിലെന്ന് ഞാനാശിക്കുന്നു...
അതിലൂടെ നീ ചിരഞ്ജീവിയായിരിക്കട്ടെ
എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു....
അത്ഭുതങ്ങള്‍ കാണിക്കാന്‍ കഴിവുള്ള ഈശ്വരന്‍
നിന്റെ കാല്പാടുകളെ പുനരുജ്ജീവിപ്പിക്കട്ടെ
എന്ന് ആത്മാര്‍ത്ഥമായും ആഗ്രഹിക്കുന്നു...
നിന്റെ സ്വപ്നങ്ങളെ യാഥാര്‍ത്ഥ്യമാക്കാന്‍ ഈശ്വരന്‍ കനിയട്ടെ....
പല വാക്കുകളും മുഴുവനാക്കാതെ ബിന്ദുക്കളിലൂടെ വരച്ചുവെച്ച,
നിന്റെ പറയാതെ പോയ വാക്കുകള്‍....
അതെന്നിലേയ്ക്ക് ഒരമൃതം പോലെ പ്രവഹിക്കുന്നു.
ഒരിക്കലും കാലത്തിനു മായ്ച്ച് കളയാനാവാതെ.....

***************************************

എന്റെ പുസ്തകം വായിച്ച അനുഭവം റീനമിസ്സ് അവരുടെ MESCAS 2010-2011 സദ്ഗമയ എന്ന കോളേജ് മാഗസിനില്‍ എഴുതിയ കുറിപ്പാണിത്. അതിനുശേഷം അവര്‍ കോളേജിലെ നാല്പ്പതോളം കുട്ടികളുമായി എന്നെ കാണാന്‍ വീട്ടില്‍ വന്നു. ഏതാനും മണിക്കൂറുകള്‍ അവരോടൊപ്പം വളരെയധികം സന്തോഷത്തോടെ ചിലവഴിച്ചപ്പോള്‍ അതെനിക്ക് കിട്ടിയ വലിയൊരു അംഗീകാരമായിട്ടാണ് അനുഭവപ്പെട്ടത്.... ആ സുന്ദരനിമിഷത്തിന്റെ മനോഹരദൃശ്യങ്ങള്‍...

Thursday, December 15, 2011

ഹബീബ് = അതിജീവനം.....

ഉച്ച ഭക്ഷണത്തിനുള്ള ബഹളമായിരുന്നു ക്ളാസ്സില്‍. എല്ലാവരും ചോറ്റു പാത്രമെടുത്ത് ഒറ്റയ്ക്കും കൂട്ടമായും ബെഞ്ചിലിരുന്ന് കഴിക്കാനുള്ള തിരക്കിലാണ്. ഹബീബിന്റെ ചോറ്റുപാത്രത്തിലുണ്ടായിരുന്നത് ബ്രഡായിരുന്നു. വിറക്കുന്ന കൈകളോടെ അവനതു കഴിക്കാനെടുത്തപ്പോള്‍ നിലത്തു വീണു.... ബ്രഡ് കഴിക്കാന്‍ കഴിയാത്ത വിധമായി. അവന്‍ ചുറ്റിലും നോക്കി....

അതു കണ്ട് ക്ളാസ്സിലെ ഒരു പെണ്‍കുട്ടി അവന്റെ അടുത്ത് വന്നു... താഴെ വീണ ബ്രഡ് എടുത്ത് പുറത്തേക്ക് കളഞ്ഞു. എന്നിട്ട് അവന്റെ അടുത്ത് വന്ന് പറഞ്ഞു.

“ഇനി നാളെ മുതല്‍ നീ ബ്രഡ് കൊണ്ട് വരണ്ട, ചോറ് കൊണ്ട് വരണം.... നിനക്കു ഞാന്‍ വാരിത്തരാം....”
അതു പറഞ്ഞ് അവളുടെ ചോറ് പാത്രവുമായി അവള്‍ അവന്റെ അടുത്തു വന്നിരുന്നു.... മറ്റ് കുട്ടികളുടെയും കൂട്ടുകാരുടെയും കളിയാക്കലുകളെ അവഗണിച്ച് അവള്‍ അവന് ചോറ് ഉരുളകളാക്കി വായില്‍ വെച്ചു കൊടുത്തു. സമപ്രായക്കാരായ ഏതൊരു കുട്ടിയും ചെയ്യാന്‍ മടിക്കുന്ന അവളുടെ സ്നേഹത്തിനും കരുണയ്ക്കും മുമ്പില്‍ അവന്റെ കണ്ണുകള്‍ നിറഞ്ഞു. പിറ്റേന്ന് മുതല്‍ അവളുടെ നിര്‍ബന്ധത്തിനു വഴങ്ങി അവന്‍ സ്കൂളിലേക്ക് ചോറ് കൊണ്ടു പോവാന്‍ തുടങ്ങി.

ജനിച്ച് ഏഴാം മാസത്തില്‍ വന്ന പനി അവനെ മസ്ക്കുലാര്‍ ഡിസ്ട്രോഫി എന്ന രോഗത്തിന്റെ ഊരാക്കുടുക്കില്‍ ശരീരമാസകലം എന്നെന്നേക്കുമായി തളര്‍ത്തി..... ശരീരമാസകലം എന്നു പറയുമ്പോള്‍ അത് അത്രയും പൂര്‍ണ്ണമായിത്തന്നെ.... സംസാരിക്കുമ്പോള്‍ പോലും വാക്കുകള്‍ക്ക് തടസ്സമുണ്ടാവുന്ന അവസ്ഥ. മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്ത് നിന്ന് ഏകദേശം 15 കിലോമീറ്റര്‍ ദൂരത്ത് ചാത്തമുണ്ട എന്ന കൊച്ചുഗ്രാമത്തില്‍ ചോലോത്ത് വീട്ടില്‍ നാസറിന്റെയും ഉമ്മുസല്‍മയുടെയും നാലുമക്കളില്‍ മൂത്തമകന്‍. ചികിത്സകളും മരുന്നുകളും പരീക്ഷണങ്ങളായി തുടര്‍പരിപാടി. അതിനിടയില്‍ അവന് അനിയനും ഇരട്ടകളായ രണ്ട് സഹോദരിമാരും കൂടി കൂട്ടിനു വന്നപ്പോള്‍ അവന്റെ ലോകം മറ്റൊന്നായി.

ആരെയും ആദ്യ കാഴ്ചയില്‍ തന്നെ ആകര്‍ഷിപ്പിക്കുന്ന മുഖം..... മുഖം നിറയെ ചിരി. സ്നേഹത്തിന്റെ പൂര്‍ണ്ണഭാവത്തില്‍ ആ നിഷ്കളങ്കമായ ചിരി വിശാലമാണ്... അവനോട് ആര്‍ക്കും എന്തും പറയാനാവുന്ന വിശാലത. ആദ്യം കാണുന്നവരില്‍ അവന്റെ സ്പഷ്ടമാവാത്ത അവ്യക്ത വാക്കുകളുടെ അലോസരം കുറച്ചു നേരത്തേക്ക് മാത്രമേയുള്ളു... അവന്‍ നമുക്കു മനസ്സിലാവുന്നതുവരെ ഒരു മുഷിപ്പുമില്ലാതെ കാര്യങ്ങള്‍ ആവര്‍ത്തിച്ചു പറഞ്ഞു മനസ്സിലാക്കിത്തരുമ്പോഴും ആ മുഖത്തെ പ്രസന്നത നമ്മെ അത്ഭുതപ്പെടുത്തുന്നു.... അതാണ് ഹബീബ് ചാത്തമുണ്ട. പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്റെ ഞങ്ങളുടെ പകല്‍വീട്ടിലെ നിറസാന്നിദ്ധ്യം.

ആ മുഖത്തെ പ്രസന്നതയാണ് ദൈവം അവന് നല്‍കിയ ഏറ്റവും വലിയ അനുഗ്രഹം. ആര്‍ക്കും വേണ്ടി എന്തും ചെയ്യാനുള്ള നല്ല മനസ്സിനു മുമ്പില്‍ വാക്കുകള്‍ക്കും വരികള്‍ക്കുമപ്പുറം അവന്‍ ഒരു അത്ഭുതമാണ്. പരിചയപ്പെട്ട ആര്‍ക്കെങ്കിലും എന്ത് ആവശ്യമുണ്ടായാലും അതു സാധ്യമാക്കി കൊടുക്കാന്‍ സ്വീകരിക്കേണ്ട സാധ്യതകളും നിയമവഴികളും കണ്ടെത്തി അതിനൊരു പരിഹാരം ഉണ്ടാക്കുന്നതുവരെ അവനു സമാധാനമില്ല.

അതിനുദാഹരണമാണ്, എങ്ങിനെയോ പരിചയപ്പെട്ട കോട്ടയത്തുള്ള ഒരാള്‍ക്ക് വികലാംഗപെന്‍ഷന്‍ ശരിയാക്കി കൊടുത്ത സാഹസികത. കോട്ടയത്തുള്ള ആള്‍ പല പ്രാവശ്യം ശ്രമിച്ചിട്ടും പഞ്ചായത്ത് അധികാരികളുടെ ഭാഗത്തുനിന്നും അദ്ദേഹത്തിന് അനുകൂലമായ തീരുമാനമുണ്ടായിരുന്നില്ല. അതറിഞ്ഞ് ഹബീബ് തിരുവനന്തപുരത്തുള്ള വെല്‍ഫെയര്‍ സൊസൈറ്റിയിലേക്ക് വിളിച്ച് കാര്യമന്വേഷിച്ചു. അവിടെ നിന്ന് കിട്ടിയ അറിവില്‍നിന്നും അവന്‍ കോട്ടയത്തെ പഞ്ചായത്തിലേക്ക് വിളിച്ച് വേണ്ടവിധത്തില്‍ ഭീഷണിപ്പെടുത്തിയപ്പോള്‍ താമസിച്ചില്ല..., കോട്ടയത്തുള്ള ആള്‍ക്ക് വൈകാതെ പെന്‍ഷന്‍ കിട്ടിത്തുടങ്ങി.

അങ്ങിനെ ഓരോരുത്തര്‍ക്കു വേണ്ടിയും ഓരോന്നിനു വേണ്ടി വരുന്ന കാര്യങ്ങള്‍ അവന്‍ അന്വേഷിച്ചു കൊണ്ടേയിരിക്കുകയാണ്... സ്വയം അവനെന്തു ചെയ്യാന്‍ കഴിയില്ല എന്നല്ല..., മറ്റുള്ളവര്‍ക്ക് വേണ്ടി എന്തൊക്കെ ചെയ്യണം എന്നാണവന്റെ അന്വേഷണവും പ്രവര്‍ത്തനവും. വീടില്ലാത്തവര്‍ക്ക് വീട്, ജോലിയില്ലാത്തവര്‍ക്ക് ജോലി, ജോലിയില്‍ ശമ്പളമില്ലാത്തവര്‍ക്ക് ശമ്പളം..... അതെല്ലാം ശരിയായി കിട്ടാന്‍ ആരെ വിളിക്കണം, എവിടെ അന്വേഷിക്കണം, എന്തു ചെയ്യണം... ഹബീബ് തരും..., അതിനൊക്കെയുള്ള മറുപടി.

ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നതിനാല്‍ വീട്ടില്‍ തന്നെ കഴിയേണ്ടി വരുന്നവരെ സഹായിക്കുന്നവര്‍ക്ക് മാസം 300 രൂപ പെന്‍ഷന്‍ കിട്ടുമെന്ന് ഈ അവസ്ഥയില്‍ കഴിയുന്ന ആര്‍ക്കൊക്കെ അറിയാം.....? കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് പ്രഖ്യാപിച്ചിട്ടും അത് ഇതുവരെ പാസ്സായി കിട്ടാത്തതില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രിക്ക് പരാതി അയച്ച് കാത്തിരിക്കുകയാണ് ഹബീബ്......

കൊച്ചുകുട്ടിയായിരിക്കുമ്പോള്‍ തന്നെ അവന്റെ പഠനത്തോടുള്ള ആവേശം കണ്ട് ഒമ്പത് വയസ്സുള്ളപ്പോള്‍ അവന്റെ മാതാപിതാക്കള്‍ അടുത്തുള്ള എല്‍. പി. സ്കൂളില്‍ ചേര്‍ത്തു. അവന്റെ ഉമ്മാക്ക് അവന്‍ അപ്പോഴും കൊച്ചു കുഞ്ഞിനെപ്പോലെയായിരുന്നു.... അവനെ എടുത്തു കൊണ്ട് പോവാനും വരാനും ഭക്ഷണം കൊടുക്കാനും അവര്‍ ഓരോ നേരത്തും സ്കൂളില്‍ ഓടിയെത്തി. അവിടത്തെ പഠനം പൂര്‍ത്തിയായി അടുത്ത ഹയര്‍ സെക്കന്റെറി സ്കൂളില്‍ ചേര്‍ത്തപ്പോള്‍ ഒരു പ്രശ്നം... അവന് മറ്റുള്ള കുട്ടികളുടെ കൂടെയിരുന്നു എല്ലാ വിഷയങ്ങളും ഒരു ക്ളാസ്സിലിരുന്ന് പഠിപ്പിക്കാന്‍ കഴിയില്ല എന്ന് ഒരു അധ്യാപന്റെ തടസ്സവാദം... അതു കേട്ടപ്പോള്‍ ഹബീബിനു കുട്ടികളുടെ കൂടെയിരുന്നു തന്നെ പഠിക്കണമെന്ന വാശിയായി. ഹബീബിനെ അറിയുന്ന ഒരു അധ്യാപകന്റെ സഹായത്തോടെ അവിടെത്തന്നെ പഠിക്കാനുള്ള സൌകര്യമൊരുക്കി. മാത്രമല്ല, തുടര്‍ന്നു പഠിക്കാന്‍ അവിടത്തെ ഹെഡ്മാഷ് ജോര്‍ജ് സാറിന്റെ പൂര്‍ണ്ണപിന്തുണയുമുണ്ടായിരുന്നു.

ആ സ്കൂളില്‍ കുട്ടികളുടെ കൂടെയിരുന്ന് പഠിക്കാനുള്ള അവകാശപോരാട്ടമായിരുന്നു അവന്റെ ആത്മധൈര്യത്തിന്റെ ആദ്യവിജയം. പത്താം ക്ളാസ്സുവരെ വാശിയോടെ നിര്‍ബന്ധത്തോടെ പഠിച്ചു. അവന്‍ പറഞ്ഞുകൊടുത്തത് എഴുതാന്‍ മറ്റൊരാളുടെ സഹായത്തോടെ പരീക്ഷ എഴുതി എസ്. എസ്. എല്‍. സിക്ക് ഒന്നാം ക്ളാസ്സോടെ പാസ്സായി അവന്‍ ആ സ്കൂളിനോട് മധുരപ്രതികാരം വീട്ടി.

സ്കൂള്‍ അനുഭവങ്ങളെപറ്റി പറയുമ്പോള്‍ ഒരിക്കലും മറക്കാനാവാത്ത പലതുമുണ്ട്.... സ്കൂളില്‍ ചേര്‍ത്തനാള്‍ മുതല്‍ അവനു എപ്പോഴും എന്തിനും ഏതിനും കൂട്ടായി അവന്റെ ഉപ്പാന്റെ ജ്യേഷ്ഠന്റെ മകന്‍ ആഷിഫുമുണ്ടായിരുന്നു ഹബീബിന്റെ ക്ളാസ്സില്‍. കുറച്ചു ദൂരെയുള്ള ഹയര്‍ സെക്കന്ററി സ്കൂളില്‍ ചേര്‍ത്തപ്പോള്‍ ആഷിഫുള്ളതായിരുന്നു അവന്റെ ഉമ്മാന്റെ ആശ്വാസവും...... അതിനിടയിലും കൂട്ടുകാരുടെ നിസ്തുലമായ സഹായങ്ങള്‍.... അവരെല്ലാം മത്സരത്തോടെ അവനു വേണ്ടി ഓരോന്നു ചെയ്തു കൊടുത്തു. ഫസ്റ് ക്ളാസ്സോടെ പാസ്സായിട്ടും തുടര്‍ന്നു പഠിക്കാന്‍ പോവാന്‍ കഴിയാതെ പഠനം അവസാനിപ്പിക്കുമ്പോള്‍ അവനിന്ന് നിരാശയൊന്നുമില്ല. മറ്റൊരാളുടെ സഹായമില്ലാതെ തുടര്‍ന്നു പഠിയ്ക്കാന്‍ കഴിയില്ല എന്ന യാഥാര്‍ത്ഥ്യം ഉള്‍കൊണ്ട്, അങ്ങനെ നിരാശയോടെ തള്ളികളയാനുള്ളതല്ലല്ലോ ജീവിതം എന്ന് അവന്‍ അനുഭവങ്ങളിലൂടെ തെളിയിക്കുന്നു.

സ്കൂള്‍ വിദ്യാഭ്യാസ കാലത്തും അതിനുശേഷവും ഒന്നും എഴുതാന്‍പോലും കഴിയാതിരുന്ന ഹബീബ്, അവന്റെ പേര് എഴുതി നോക്കിയത് ചുങ്കത്തറ പാലിയേറ്റീവ് കെയര്‍ ക്ളീനിക്കിന്റെ കീഴിലുള്ള പകല്‍വീട്ടിലെ ഡോ. അജയ്സാറിന്റെ ഫിസിയോതെറാപ്പിക്കു ശേഷമാണ്. നിവര്‍ത്താനാവാതെ കോറി ചുരുണ്ടിരിക്കുന്ന വിരലുകള്‍ക്കിടയില്‍ പേന തിരുകി വെച്ച് കടലാസില്‍ ആദ്യമായി അവന്‍ പേര് എഴുതി. ഹബീബ്. ഒന്നാം ക്ളാസ്സിലെ കുട്ടികള്‍ എഴുതാന്‍ ശ്രമിക്കുന്നതുപോലെ കഷ്ടപ്പെട്ട് എഴുതിയ സ്വന്തം പേര് കണ്ടപ്പോള്‍ അവന്റെ മുഖം എപ്പോഴത്തെതിലും കൂടുതല്‍ സന്തോഷത്താല്‍ വിടര്‍ന്നു. അതു കണ്ടുനിന്ന ഞങ്ങളുടെ കണ്ണുകള്‍ നിറഞ്ഞു. ഇപ്പോള്‍ ഹബീബിന് സ്പൂണ്‍ കൊണ്ടെങ്കിലും സ്വയം ഭക്ഷണം കഴിക്കാന്‍ ശ്രമിക്കുന്നുണ്ട്..... ചുരുണ്ടിരിക്കുന്ന വിരലുകള്‍ മെല്ലെ നിവര്‍ത്തി ഷെയ്ക്ക്ഹാന്റ് തരാന്‍ കഴിയുന്നുണ്ട്.... കീശയില്‍ നിന്ന് മൊബൈല്‍ എടുത്ത് ചെവിയിലേക്ക് ചേര്‍ത്തുവെക്കാനാവുന്നുണ്ട്.... എങ്കിലും, വീല്‍ചെയറില്‍ നിന്നും തെന്നിനീങ്ങാതെ സ്വയമൊന്ന് നേരെ ചൊവ്വെ ഇരിക്കാന്‍ കൂടി കഴിഞ്ഞാല്‍ മതി.... അതാണിപ്പോ അവന്റെ വലിയൊരു ആഗ്രഹം.....!

ഹബീബിന് ഇന്ന് ചെറിയൊരു വരുമാനമാര്‍ഗ്ഗമുണ്ട്. ഉപ്പട സ്കൂളിനടുത്ത് ഒരു മിഠായിക്കട. സ്വയം വരുമാനമാര്‍ഗ്ഗം കണ്ടെത്താന്‍ നാലു വര്‍ഷം മുമ്പ് അവന്റെ ഉപ്പ ഇട്ടു കൊടുത്തതാണ്. അതും സ്വന്തം കാശു മുടക്കി കടയിട്ടാല്‍ ഉത്തരവാദിത്തമുണ്ടാവില്ല എന്ന് തോന്നി ബാങ്കില്‍ നിന്നും ലോണെടുത്ത കാശു കൊണ്ടാണ് കടയിട്ടുകൊടുത്തത്. അതിലും ഹബീബ് മിടുക്കനായി. അവന്റെ അത്യാവശ്യചിലവുകളും ഇടക്കു വീട്ടിലേക്കാവശ്യമുള്ളതും കഴിഞ്ഞിട്ടും ലോണെടുത്ത കാശ് മുഴുവന്‍ അടച്ചു തീര്‍ത്തു. കച്ചവടം വിപുലപ്പെടുത്താന്‍ വീണ്ടും ആ കടയുടെ പേരില്‍ ലോണെടുത്തിരിക്കുകയാണ്. അത് അടച്ചു തീരുന്നതിനിടയില്‍ വീട് നന്നാക്കുന്നതിനായി വീടിന്റെ പേരിലും ലോണെടുത്തിരിക്കുകയാണ്. വീട് വെക്കാന്‍ പഞ്ചായത്തില്‍ നിന്നും അടയേക്കേണ്ടാത്ത കുറച്ച് കാശും കിട്ടിയിരുന്നെങ്കിലും അതു കൊണ്ട് പണി പൂര്‍ത്തിയാകാത്തത് കൊണ്ട് ബാങ്കില്‍ നിന്നും ലോണെടുത്തിട്ടും വീടു പണി ഇപ്പോഴും തീര്‍ന്നിട്ടില്ല.... അതു കാരണം ഇപ്പോള്‍ അവന്‍ ചെറിയൊരു വിഷമത്തിലാണ്....

ഇപ്പോഴും കടയിലേക്കും വീട്ടിലേക്കും കൊണ്ടുപോവാനും വരാനും അവനു കൂട്ടിന് ആഷിഫുണ്ട്. ആഷിഫിന്റെ കൈത്താങ്ങിന്റെ ബലമാണ് ഹബീബിന്റെ മനോധൈര്യം. ആഷിഫിന്റെ ബൈക്കില്‍ ഹബീബിന് ഇരിക്കാനുള്ള സീറ്റ് പ്രത്യേകമായി സെറ്റ് ചെയ്ത് വെച്ചിരിക്കുകയാണ്. ആഷിഫിനു മാത്രമേ ഹബീബിനെ ഏതു വിധത്തില്‍ ഇരുത്താനും കാര്യങ്ങള്‍ ചെയ്തു കൊടുക്കാനും കഴിയുകയുള്ളു. അവനതിനുള്ള പ്രത്യേക വൈദഗ്ധ്യം തന്നെയുണ്ട്.

“ആഷിഫ് എന്റെ കൂടെയുണ്ടാവും..... ആഷിഫിന്റെ മരണംവരെ..., അല്ലെങ്കില്‍ എന്റെ....”
ആ ദൃഢ വിശ്വാസം ഹബീബിന്റെ മുഖത്തെ നിഷ്കളങ്കഭാവം വീണ്ടും പ്രസന്നമായി വിടരുന്നു.

ഹബീബ്: 9497871173

Monday, December 12, 2011

പ്രതീകങ്ങള്‍

പച്ചയും ചുവപ്പും
വെള്ളയും കറുപ്പും
നീലയും മഞ്ഞയും
ഓരോ പ്രതീകങ്ങളാണ്.....

വസന്തവും വര്‍ഷവുമറിയാതെ
ഗ്രീഷ്മത്തിലും ശൈത്യത്തിലും
രാപ്പകല്‍ കൂടിച്ചേരുന്ന
വര്‍ണ്ണഭേദങ്ങളില്‍
പകര്‍ത്തലുകള്‍ കൂട്ടിക്കിഴിച്ച്
ഒരായുസ്സു മുഴുവന്‍
അര്‍ത്ഥമില്ലായ്മയുടെ
ശൂന്യത....

കിതപ്പറിയാതെ
ഓടിത്തളര്‍ന്ന
തുടര്‍ച്ചകളിലും
കണ്ണീരുപ്പുകലര്‍ന്ന
ആവര്‍ത്തനങ്ങളിലും
ഒരു നിയോഗം പോലെ
ഒന്നും ബാക്കിയാകാതെ
ഒന്നിലും പൂര്‍ണ്ണതയില്ലാതെ
പ്രതീകങ്ങളാവാത്ത ജീവിതം.

Friday, November 11, 2011

മായാത്ത കാലത്തിന്‍ പൂക്കാലം....

ഋതുക്കളെത്ര മാറി മറഞ്ഞാലും
സ്വപ്നങ്ങളെത്ര പൂത്തു വിടര്‍ന്നാലും
മനസ്സിന്റെ കോണിലെവിടെയോ
ഒരു മായാത്ത കാലത്തിന്‍
പൂക്കാലം...
പൂന്തോട്ടത്തിലെത്രയോ
പൂക്കള്‍ വിടര്‍ന്നപോല്‍
സൌഹൃദത്തിന്‍ സൌരഭ്യം
ഇളംതെന്നല്‍ വീശുന്നു
എന്നകതാരിലിന്നും....
നഷ്ടപ്പെട്ട സന്തോഷങ്ങള്‍ മറക്കാനോ...
ഇനിയും നേടിയെടുക്കാനോ ആവുമോ...?
നഷ്ടങ്ങളെല്ലാം ഇന്നലെകളാണെങ്കില്‍
ഇന്നത്തെ ബാക്കിയായ് ഓര്‍മ്മകള്‍ മാത്രം...

എന്റെ ജീവിതത്തിന്റെ ഗതിവിഗതികള്‍ മാറ്റിമറിച്ച 1993- 95. ഒരിക്കലും എത്തപ്പെടാന്‍ കഴിയുമെന്ന് സ്വപ്നം പോലും കാണാനാവാത്ത അവസ്ഥയിലും ആഘോഷമാക്കിയ രണ്ട് വര്‍ഷം. വിവരണങ്ങള്‍ക്കപ്പുറത്തെ സ്വപ്നലോകത്തെക്കുറിച്ച് വിവരിക്കുമ്പോള്‍ ഞാനിന്ന് വീണ്ടും മാര്‍ത്തോമാ കോളജിന്റെ വലിയ ഗേറ്റും കടന്ന് ഓട്ടോയിലെത്തുന്നു...... എന്നെ എടുത്തു കൊണ്ട് വരാനും പോവാനും എന്റെ സൌകര്യത്തിനു വേണ്ടി ഏറ്റവുമടുത്ത ക്ളാസ്സ്മുറിയിലേക്ക് എന്റെ അനിയന്‍ ഫിറോസ് എന്നെ എടുത്ത് നടക്കുന്നു.... എന്നെ കാണുമ്പോള്‍ കൂട്ടുകാരോ സ്റാഫുകളായ അച്ചായന്മാരോ അധ്യാപകരോ പുഞ്ചിരിയോടെ വിശേഷങ്ങള്‍ ആരായുന്നു..... എല്ലാവര്‍ക്കുമൊപ്പം മറ്റൊരു സ്റൂളിലിരുന്ന് കൂട്ടുകാരോട് തമാശകള്‍ പറഞ്ഞിരിക്കുന്നു, അധ്യാപകര്‍ ക്ളാസ്സിലെത്തുന്നതുവരെ....

ഏതൊക്കെയോ ദിക്കില്‍ നിന്നും അപരിചതരായി ഭയചകിതരായി കടന്നു വന്നവരെ ആഘോഷത്തോടെ വരവേല്‍ക്കുന്ന സീനിയര്‍ ചേട്ടന്മാരുടെയും ചേച്ചിമാരുടെയും ഇടയില്‍ കുഞ്ഞാടുകളായി ഒതുങ്ങിയും പതുങ്ങിയും നിന്ന കാലം.....

എൻറെ അനിയൻ ഫിറോസ്‌ എന്നെ ക്ലാസ്സിലേക്ക്‌  എടുത്ത് കൊണ്ട് വരുന്നതിന്റെയും പോവുന്നതിന്റെയും സഹതാപരംഗമായതു കൊണ്ടാവാം സുഖമില്ലാത്ത കുട്ടിയെന്ന പേരില്‍ ആദ്യവര്‍ഷത്തില്‍ എനിക്ക് ഒരു പ്രിയസുഹൃത്തെന്ന് പറയാന്‍ ആരുമില്ലായിരുന്നു. അധികം വൈകാതെ അവരുടെ ഇടയില്‍ അവരില്‍ പ്രിയപ്പെട്ടവളായി ഒത്തുകൂടുന്ന ഇടവേളകളില്‍ എല്ലാം പങ്കുവെച്ച് ഹൃദയത്തില്‍ ചേര്‍ത്തുവെച്ച സൌഹൃദങ്ങള്‍..... ഇണക്കങ്ങളുടെയും പിണക്കങ്ങളുടെയും സംഗമങ്ങളില്‍ എന്നും ഒന്നാംസ്ഥാനം കോളേജ് സ്റോറില്‍നിന്നും ആരെങ്കിലും വാങ്ങിത്തരുന്ന കോഫീ ബൈറ്റ് മുട്ടായിക്കായിരുന്നു...

ക്ളാസ്സില്‍ നിന്നും പുറത്തിറങ്ങാതെ, കോമ്പൌണ്ടിലും ഗ്രൌണ്ടിലും കറങ്ങി നടക്കാതെ, ക്ളാസ്സുകള്‍ കട്ടു ചെയ്യാതെ, മുദ്രാവാക്യങ്ങളിലും മറ്റ് ആഘോഷങ്ങളിലും പങ്കെടുക്കാനാവാതെ പ്രത്യേകതകളെന്തെങ്കിലും എന്നിലുണ്ടെന്ന് അവകാശപ്പെടാനില്ലാതെ പറഞ്ഞാലും പറഞ്ഞാലും തീരാത്തൊരു ഉള്‍തുടിപ്പായി മാര്‍തോമാ കോളജ് നല്‍കിയത് എന്റെ ഏകാന്തതയിലെ ഇരുട്ടില്‍ മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളാണ്... എന്നുമെന്നും മനസ്സില്‍ മിന്നിത്തെളിയുന്ന നക്ഷത്രതിളക്കം.....

ആരുടെയൊക്കെയോ ദാനമായി കിട്ടിയ ആ രണ്ടു വര്‍ഷം തല്‍ക്കാലത്തേക്ക് സങ്കടങ്ങളെയെല്ലാം മാറ്റി വെച്ച് മനസ്സു നിറയെ സന്തോഷങ്ങളോടെ ഓരോ കാര്യങ്ങളും അനുഭവിച്ച് ആസ്വദിച്ചു...., എന്റെ സീറ്റില്‍ ഇരുന്നു കൊണ്ടു തന്നെ...!

എന്റെ നിസ്സഹായതയുടെ നാളുകളില്‍ സങ്കടങ്ങളുടെയും സന്തോഷങ്ങളുടെയും സമ്മിശ്രങ്ങളില്‍ കോളജ് ഓര്‍മ്മകള്‍ കൂടി കോര്‍ത്തിണക്കി കാലം മായ്ച്ച കാല്‍പ്പാടുകള്‍ എന്ന പേരില്‍ എന്റെ ഒരു പുസ്തകമിറങ്ങി. പത്ര-ദൃശ്യമാധ്യമങ്ങളിലൂടെ പുസ്തകത്തെക്കുറിച്ചും ചിത്രപ്രദര്‍ശനത്തെക്കുറിച്ചും തിരിച്ചറിഞ്ഞ് എന്നെ മറന്ന കൂട്ടുകാര്‍ക്കിടയില്‍ പഴയ കോളജ് ദിനങ്ങളുടെ ഓര്‍മ്മപ്പെടുത്തലുകളോടെ അവര്‍ തേടിയെത്തുമ്പോള്‍ വര്‍ഷങ്ങളിത്രയും മറഞ്ഞിരിക്കുന്നു എന്ന സത്യം അത്ഭുതപ്പെടുത്തുന്നു. കോളേജ് ജീവിതത്തില്‍ അനുഭവങ്ങള്‍ എല്ലാവര്‍ക്കും വ്യത്യസ്തങ്ങളായിരിക്കാം...., ഇതിലും കൂടുതല്‍ അനുഭവങ്ങളും ഉണ്ടായിരിക്കാം. കാലുകള്‍ തളര്‍ന്നതിനുശേഷം രണ്ടാം ക്ളാസ്സില്‍ പഠനം നിര്‍ത്തിയ ഞാന്‍ വീട്ടിലിരുന്ന് പത്താം ക്ളാസ്സ് മാത്രം പഠിച്ച് പാസ്സായി. കൂടെ പഠിച്ചവരോ പരിചയത്തിലുള്ളവരോ ഇല്ലാതെയുള്ള എന്റെ കോളജ് പഠനത്തിന്റെ തുടക്കം... അറിവിന്റെ അളവുതൂക്കങ്ങള്‍ക്കപ്പുറം ആണ്‍- പെണ്‍ വ്യത്യാസങ്ങളില്ലാതെ, ഗുരു-ശിഷ്യ ബന്ധത്തിന്‍ അതിരുകളില്ലാതെ എല്ലാവരുടെയും പ്രിയപ്പെട്ടവളായി സൌഹൃദത്തിന്റെ ഒരു വിശാലലോകം എന്റെ മുന്നില്‍ തുറന്ന് കിടന്നിരുന്നു.... അതുകൊണ്ട് തന്നെ ഒന്നുമില്ലായ്മയിലും നേടിയ ഓരോന്നും അമൂല്യങ്ങളാണ്....

ഞാന്‍ കോളജിന്റെ പടിയറങ്ങിയ 16 വര്‍ഷത്തിനു ശേഷം മാര്‍തോമാ കോളജിലെ പുതിയ തലമുറയിലെ നൌഷാദും അശ്വിനും, കോളജ് പിറവിയെടുത്ത 31 വര്‍ഷങ്ങള്‍ക്കുള്ളില്‍ പഠിച്ചുപോയവര്‍ ഓര്‍മ്മകള്‍ അയവിറക്കുന്ന പുതുമകളോടെ ഇറക്കുന്ന മാഗസിനില്‍ അവര്‍ തിരഞ്ഞെടുത്ത കുറച്ചു പേരില്‍ ഒരംഗമായി ഞാനുമുണ്ട് എന്നറിയിച്ചു. ഞാന്‍ പഠിച്ചിരുന്ന കാലത്തെ മാഗസിനില്‍ ഒരു കുഞ്ഞു കവിത പോലും കോറിയിടാന്‍ അറിയാതിരുന്ന എനിക്ക് 2011- ല്‍ ഇറങ്ങുന്ന മാഗസിനില്‍ ഒരു കയ്യൊപ്പ് പതിപ്പിക്കാന്‍ അവസരം കിട്ടിയതില്‍ പറഞ്ഞറിയിക്കാന്‍ കഴിയാത്ത വലിയ സന്തോഷമാണ് മനസ്സില്‍ നിറഞ്ഞത്്. അവരുടെ വിശേഷങ്ങള്‍ ചോദിച്ചറിയുമ്പോള്‍ സെമസ്റര്‍ പഠനത്തിന്റെയും അസൈന്റ്മെന്റിന്റെയും പ്രാക്റ്റിക്കലിന്റെയും തിരക്കുകള്‍ക്കിടയില്‍ പുതുതലമുറ അവഗണിക്കുന്നതൊക്കെയും അന്ന് ഞങ്ങള്‍ ആഘോഷമാക്കിയതായിരുന്നില്ലേ എന്നാണോര്‍ത്തത്.

എനിക്ക് ഓര്‍ക്കാനുള്ളതും ഓര്‍മ്മപ്പെടുത്താനുള്ളതും സ്നേഹത്തിന്റെയും സൌഹൃദത്തിന്റെയും നന്മയെക്കുറച്ച് തന്നെയാണ്.... എന്തോക്കെയോ തിരക്കുകളില്‍ പെട്ട് അവഗണിക്കുന്ന ഒരു നല്ല സ്നേഹബന്ധത്തിന്റെ അവശേഷിപ്പുകള്‍ ഓര്‍ക്കാനില്ലാതെ എന്ത് കോളജ് ജീവിതം? ഇതുപോലെ ഒരു മുപ്പതു വര്‍ഷം കഴിയുമ്പോള്‍ അന്നത്തെ കാലത്ത് സാക്ഷ്യപ്പെടുത്താന്‍ ഇന്നത്തെ തലമുറയിലെ മനസ്സില്‍ തങ്ങിനില്‍ക്കുന്ന എന്തെങ്കിലുമുണ്ടോ ഈ വിദ്യാലയമുറ്റത്ത് ഉപേക്ഷിക്കപ്പെട്ടത്.....

Tuesday, November 1, 2011

പകരം വെക്കാനില്ലാത്ത സ്നേഹം

ഒരു മാതാവ് അവരുടെ മക്കളെ സ്നേഹിക്കുന്നതിന് ഒരു പ്രത്യേകദിനത്തിന്റെയോ വര്‍ഷത്തിന്റെയോ മഹിമയും ഗുണവും നോക്കിയിട്ടാണോ.... ഒരു മാതാവിന്റെ ജീവന്റെ തുടിപ്പുകളായി ഒരുപാട് വേദനകളുടെ അതിലേറെ സന്തോഷത്തിന്റെ ഉള്‍പുളകത്തോടെ ഒരു കുഞ്ഞു പിറന്നു വീഴുന്ന നിമിഷം മുതല്‍ അവര്‍ മക്കള്‍ക്കു വേണ്ടി അവരുടെ നന്മയ്ക്കും ഉന്നമനത്തിനും വേണ്ടി സദാ വേവലാതിയും ആവലാതിയുമൊഴിയാതെ കഴിയുമ്പോഴും മക്കള്‍ വളര്‍ന്നു വലുതായിത്തീരുമ്പോള്‍ കടപ്പാടുകളുടെയോ ബന്ധങ്ങളുടെയോ വിലയറിയാതെ കൂട്ടത്തില്‍പ്പെടാത്തവരായി മാറ്റിനിര്‍ത്തിയ ബന്ധങ്ങളുടെ കണ്ണികളില്‍ ഏറ്റവും പ്രധാനം മാതാപിതാക്കളോടുള്ള വലിയ അവഗണനകളാണിന്ന്.... അതിന്റെ തെളിവുകളാണല്ലോ അധികരിച്ചു വരുന്ന വൃദ്ധസദനങ്ങള്‍....

മാതാവിന്റെ നന്മ എന്താണ് എന്ന് മക്കള്‍ ഓര്‍ക്കുന്നത് അവരുടെ അസാന്നിദ്ധ്യത്തിലോ നഷ്ടത്തിലോ മാത്രം.... ഒരു ദിനത്തില്‍ മാത്രം അവരെ ആദരിക്കുവാനുള്ളതാക്കി മാറ്റാനുള്ളതാണോ ഒരു മാതാവിനോടുള്ള മക്കളുടെ കടപ്പാടുകള്‍ എന്നെനിക്കറിയില്ല. പക്ഷെ എന്നെപ്പോലെയുള്ളവരെ സംമ്പന്ധിച്ച് അവരോടുള്ള കടപ്പാടുകള്‍ എങ്ങനെ തീര്‍ക്കാനാവുമെന്നറിയാതെ അവരില്ലാത്ത ഒരു നിമിഷം പോലും എങ്ങനെ കഴിയുമെന്നോര്‍ത്ത് മനസ്സു വിങ്ങുന്ന നീറ്റലോടെ ജീവിച്ച് തീര്‍ക്കുകയാണ്....

എന്റെ ജീവിതത്തില്‍ ഞാനും ഉമ്മയും തമ്മിലുള്ള ആത്മബന്ധത്തിന്റെ ആഴം വാക്കുകള്‍ക്കതീതമാണ്..... എന്നില്‍ നിന്നും ഞാന്‍ ഉമ്മയെ ഒന്നുമാറ്റി നിര്‍ത്തി ചിന്തിക്കുമ്പോള്‍ എനിക്ക് ഉമ്മയെ കുറിച്ച് ഒന്നും പറയാനില്ല.... എന്റെ കൂടെയുള്ളതെല്ലാം ഉമ്മയുമായി ബന്ധപ്പെട്ട് കിടക്കുമ്പോള്‍ ഉമ്മായെ കുറിച്ച് പ്രത്യേകമായി എനിക്കെന്ത് പറയാനാകും....
എന്റെ ഉമ്മ എനിക്കെല്ലാമെല്ലാം ആണ്....
എന്റെ മുഖം മങ്ങിയാല്‍ ഉമ്മയുടെ കണ്ണുകള്‍ നിറയും....
എന്റെ കണ്ണുകള്‍ നിറഞ്ഞാല്‍ ഉമ്മ തേങ്ങിക്കരയും....
എന്റെ ഓരോ ചലനങ്ങളിലും ഉമ്മ നിറസാന്നിദ്ധ്യമാവുമ്പോള്‍
എന്റെ നിസ്സഹായതകളും പരാജയങ്ങളും
ഉമ്മയുടെ അസാന്നിദ്ധ്യമാണ്.....

എന്റെ ഉമ്മയും ഞാനും എത്രത്തോളം പരസ്പരം പൂരകങ്ങളായിരുന്നു എന്ന് ഞാനറിയുന്നത് ഉമ്മാക്ക് ഉണ്ടാകുന്ന ഓരോ അസുഖങ്ങളുടെയും തുടക്കങ്ങളില്‍ എന്നില്‍ നിന്നും വിട്ടുനിന്നപ്പോഴായിരുന്നു..... അസുഖമായി ആശുപത്രികളില്‍ കിടക്കുന്ന അപ്പോള്‍ മാത്രമായിരുന്നു ഉമ്മ എന്നില്‍ നിന്നും ഏറെ സമയം വിട്ടുനിന്നിട്ടുള്ളത്.... ഉമ്മ എന്റെ ജീവിതത്തില്‍ നിന്നും ഇല്ലാതായിപ്പോവുമോ എന്ന ആശങ്കകള്‍ നിറഞ്ഞ ആ നിമിഷങ്ങള്‍ എത്രത്തോളം തീരാത്ത സങ്കടങ്ങളുടെ കാണാക്കയങ്ങളിലേക്ക് എന്നെ തളര്‍ത്തി എന്നു പറയാനാവില്ല.... ബാക്കി എല്ലാവരും എല്ലാവരും എന്റെ കൂടെ ഉണ്ടായിട്ടും ഞാന്‍ ശരിക്കും ഒറ്റപ്പെട്ടുപോയി എന്നു തോന്നിയ ഭീകരനിമിഷങ്ങള്‍.... പിന്നെ തോന്നി അല്ലാഹു അതെല്ലാം വീണ്ടും എനിക്കു നല്‍കുന്ന പരീക്ഷണങ്ങളായിരുന്നു എന്ന്.... എന്റെ ഉമ്മയെ പെട്ടെന്നു എന്നില്‍ നിന്നും എടുത്തുമാറ്റാതെ പടിപടിയായി മാറ്റാനുള്ള ഒരു പരീക്ഷണം.... ആ സമയങ്ങളില്‍ ഞാന്‍ അതിനെ എങ്ങനെ അഭിമുഖീകരിക്കണം എന്നു മനസ്സിലാക്കിത്തരാന്‍ കൂടിയാവണം ഒരുപക്ഷെ അല്ലാഹു എന്നെ പരീക്ഷിച്ചത്.... അങ്ങനെയുള്ള സാഹചര്യങ്ങളില്‍ ഞാനത് അനുഭവിച്ച് അറിഞ്ഞ് മനസ്സിലാക്കുകയായിരുന്നു... പക്ഷെ അപ്പോഴും ഇപ്പോഴും എന്റെ മനസ്സ് പതറിപ്പോവുന്നത്, ഉമ്മയില്ലെങ്കില്‍.... ഞാന്‍.....? ആ ഒരു ശൂന്യത എനിക്കെങ്ങനെ ഉള്‍ക്കൊള്ളാനാവും എന്ന് ഊഹിക്കാന്‍പോലും കഴിയാത്ത അവസ്ഥയാണ്...

ഇപ്പോള്‍ ഉമ്മയുടെ സഹായങ്ങള്‍, സ്നേഹങ്ങള്‍ ഞാന്‍ മുമ്പത്തേക്കാളുപരി മനസ്സിലാക്കുന്നു... അസുഖങ്ങള്‍ നിസ്സഹായാവസ്ഥയിലാക്കിയ എന്റെ ഉമ്മ ഇപ്പോള്‍ അന്നത്തേക്കാള്‍ എനിക്കേറെ ആശ്വാസമാണ്, സമാധാനമാണ്..... ഇങ്ങനെയങ്കിലും ഉമ്മ എന്റെ കൂടെയുണ്ടല്ലോ എന്ന് എങ്ങനെ അല്ലാഹുവിനോട് നന്ദി പറയണമെന്നറിയാത്ത ആശ്വാസം.... കാരണം അല്ലാഹുവിനോട് അത്ര കെഞ്ചിക്കരഞ്ഞ് ചോദിച്ചിട്ട് കിട്ടിയതാണ് എനിക്കെന്റെ ഉമ്മയെ വീണ്ടും....

00 00 00 00 00 00 00 00

സഫിയടീച്ചറിനെ ഇക്കറിഞ്ഞ പ്രാവശ്യം കണ്ടപ്പോള്‍ ദയനീയ സ്ഥിതിയിലുള്ള രണ്ട് മക്കളുടെ കാര്യങ്ങള്‍ പറഞ്ഞയുമ്പോള്‍ അവരറിയാതെ നിയന്ത്രണം വിട്ടുപോയ്.... എന്റെ കാലശേഷം എന്റെ കുട്ടികള്‍..... എന്റെ ആരോഗ്യം കുറഞ്ഞു വരുന്നു..... അവരെ സുരക്ഷിതരായി നോക്കാനൊരിടം വേണം.... മറ്റു മക്കള്‍ക്കും മരുമക്കള്‍ക്കും അവരൊരു ബാധ്യതയായിത്തീരരുത്.... നമ്മള്‍ നോക്കുന്നതു പോലെയാകില്ലല്ലോ മറ്റാരും..... അല്ലാഹു ഒരു വഴി കാണിച്ചുകൊടുക്കമെന്ന വിശ്വാസത്തോടെ അവസാനവാക്കുകള്‍ പൊട്ടിക്കരച്ചിലോടെയാണ് അവര്‍ അവസാനിപ്പിച്ചത്....
എന്റെ നെഞ്ചിലെ കനല്‍ ആളിക്കത്തിയ നിമിഷം......

00 00 00 00 00 00 00 00

നനച്ചിട്ട തുണിപോലെ തളര്‍ന്നു കിടക്കുന്ന 16 വയസ്സായ മകള്‍.... ഓട്ടിസം വന്ന് ബുദ്ധിമാന്ദ്യത്തിലായ മകളെ ചേര്‍ത്ത് പിടിച്ച് ഹസീന വിതുമ്പി. എന്റെ കുട്ടി എന്നെ ഒന്ന് നോക്കിയിരുന്നെങ്കില്‍.... അവള്‍ക്ക് എന്നെ ഉമ്മാ എന്നൊന്ന് വിളിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍..... അങ്ങനെ സംഭവിച്ചാല്‍ അതായിരിക്കും എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷിക്കുന്ന നിമിഷം.....

00 00 00 00 00 00 00 00

കഴുത്തിന് താഴെ തളര്‍ന്ന ഹബീബ് ഉമ്മയെ കുറിച്ച് പറയുമ്പോള്‍ ഒരുതരം ഭീതിയോടെ ആ വിഷയം മാറ്റി. ആ ഭാഗത്തെക്കുറിച്ച് ഞാന്‍ ചിന്തിക്കാറെയില്ല.... അങ്ങനെ ഒരു അവസ്ഥയെ കുറിച്ച് ഓര്‍ക്കാന്‍ കൂടി എനിക്ക് പേടിയാണ്.... അവന്റെ സങ്കടം മുഴുവന്‍ ആ വാക്കുകളിലുണ്ടായിരുന്നു....
00 00 00 00 00 00 00 00

എല്ലാവരും ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയാണ്. കഴിച്ച് കൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് കമലയുടെ ശ്വാസം തടസ്സപ്പെട്ട് ശബ്ദം അടഞ്ഞു.... ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയതാണ്. എല്ലാവരും അവളുടെ അടുത്തേക്ക് ഓടിച്ചെന്ന് അവളെ പിടിച്ച് തലയിലും പുറത്തും നെഞ്ചിലും തട്ടി, വെള്ളം കൊടുത്തു.... അവളുടെ കണ്ണുകള്‍ കലങ്ങിയിരുന്നു. കുറച്ചു കഴിഞ്ഞ് അവളുടെ അടുത്തു ചെന്നു ഇപ്പൊ എന്തെങ്കിലും കുഴപ്പമുണ്ടോ എന്ന് ചോദിച്ചു.... ഇല്ല, അപ്പോള്‍ അമ്മയെപ്പറ്റി ഓര്‍ത്തപ്പോള്‍ സംഭവിച്ചതാണ്....
രണ്ട് ദിവസം മുമ്പ് പ്രഷര്‍ കൂടി അമ്മയുടെ ശരീരത്തിന്റെ ഒരു വശം തളര്‍ന്നു പോയത് അവള്‍ പറയുന്നത് ഒരു ഞെട്ടലോടെയാണ് ഞാന്‍ കേട്ടത്. കഴിഞ്ഞ ആഴ്ച പാലിയേറ്റിവിലെ പകല്‍വീട്ടിലേക്ക് അവള്‍ക്ക് കൂട്ടായി കൂടെ വന്നത് അമ്മയായിരുന്നു..... കൈയ്ക്കും കാലുകള്‍ക്കും ബലക്ഷയം വന്നുക്കൊണ്ടിരിക്കുന്ന അവള്‍ക്കു സഹോദരങ്ങള്‍ എല്ലാവരും ഉണ്ടായിരുന്നിട്ടും എന്തിനും ഏതിനും ആശ്രയം അമ്മ തന്നെയായിരുന്നു. ഇപ്പോള്‍ അതിലേക്ക് അമ്മ കൂടി...... ഞാന്‍ മെല്ലെ അവളുടെ അടുത്തു നിന്നു മാറി. അല്ലെങ്കില്‍ എന്റെ കണ്ണുകള്‍ നിറയുന്നത് കണ്ടാല്‍ അത് അവളെ കൂടുതല്‍ തളര്‍ത്തുകയേ ഉണ്ടാവൂ എന്നെനിക്കറിയാമായിരുന്നു.

00 00 00 00 00 00 00 00

കമലയില്‍ നിന്നും വ്യത്യസ്തമല്ല പുഷ്പചേച്ചിയുടെ അനുഭവവും... രണ്ട് അനിയത്തിമാരുടെയും വിവാഹം കഴിഞ്ഞു അവരുടെ കുടുംബമായി കഴിയുന്നു. അച്ഛന്‍ ഈ അടുത്ത കാലത്ത് മരണപ്പെട്ടു. വീട്ടില്‍ പുഷ്പചേച്ചിയും അമ്മയും മാത്രം. അച്ഛന്റെ മരണശേഷം അന്നത്തിലുള്ള വക തേടി അമ്മയ്ക്ക് വീട്ടില്‍ നിന്നും പുറത്തു പോവേണ്ടി വരുമ്പോള്‍ സ്വയം ഒന്നും ചെയ്യാന്‍ കഴിയാത്ത അവള്‍ക്കു വേണ്ട ഭക്ഷണവും മറ്റും അവളുടെ കൈയ്യെത്താവുന്ന ദൂരത്തു വെച്ച് കൊടുത്തിട്ടു വേണം അമ്മയ്ക്കു പുറത്തു പോവാന്‍. അവളുടെ മറ്റുള്ള പ്രാഥമീകാവശ്യങ്ങള്‍ക്ക് ബാത്ത് റൂമിലേക്ക് അമ്മയ്ക്ക് അവളെ എടുക്കാന്‍ കഴിയാതെ കട്ടിലില്‍ നിന്നും നിലത്ത് ഇറക്കിയിരുത്തി കാലില്‍ പിടിച്ചു വലിച്ചു കൊണ്ടു പോയി കുളിപ്പിച്ചു കൊടുക്കലും മറ്റും എല്ലാം പ്രായമായ ആ അമ്മ ഒറ്റയ്ക്ക് ചെയ്തു കൊടുക്കണം... അവളുടെ എന്തു കാര്യങ്ങള്‍ക്കും പരസഹായം വേണ്ടി വരുന്ന ആ അവസ്ഥയിലും അവളെ ഒറ്റയ്ക്കാക്കി പോവേണ്ടി വരുന്ന അമ്മ... അമ്മയുടെ കാലശേഷം ഇനിയെന്ത് എന്ന് അവളുടെ ഉത്തരം കിട്ടാത്ത കണ്ണീരിനു മുമ്പില്‍ ദൈവം കൂടെയുണ്ടാവും എന്ന് ആശ്വസിപ്പിക്കാന്‍ മാത്രമേ എനിക്കു കഴിയൂ...

പകരാനും പകര്‍ത്താനും
ഒരിക്കലും വറ്റാത്തൊരു
പാനപാത്രമായ് ഹൃദയം
തുളുമ്പും ഉമ്മയെന്ന സ്നേഹാമൃതം....
ആഴക്കടലായൊഴുകുന്ന സ്നേഹവുമായ്
ആകാശക്കുടക്കീഴിലൊതുങ്ങുന്ന
ആലംബമായ്് കരയാനും പറയാനും
മടിത്തട്ടിലില്‍ തലചായ്ച്ചു പരിഭവങ്ങളോതാനും
കുറുമ്പുകാട്ടി ഇണങ്ങാനും പിണങ്ങാനും
ഞാനെന്നും എന്റുമ്മാന്റെ പൈതലല്ലേ....
എന്‍ ചുണ്ടിലിന്നും മുലപ്പാലമൃതിന്‍ മധുരമില്ലേ...
എനിക്കുറങ്ങാന്‍ ആ സ്നേഹത്തിന്‍
താരാട്ടെനിക്കെന്നും വേണം....
എനിക്കുണരാന്‍ ആ നന്മയുടെ
സാന്ത്വനമെന്നും വേണം....
**************************

Wednesday, October 26, 2011

നിശ്വാസങ്ങള്‍

ക്യാന്‍വാസലങ്കരിച്ച
വര്‍ണ്ണങ്ങളില്‍
മറന്നുപോവാത്ത
കാലത്തിന്റെ ഇളം ചൂട്....

പറയാനുള്ളതെല്ലാം
പറയാതെ പോയ
വാക്കുകളുടെ ശവകുടീരങ്ങള്‍
മനസ്സില്‍ മതിലുകെട്ടുന്നു....

നിശ്വാസങ്ങള്‍
നെടുവീര്‍പ്പുകളായി
മടുപ്പുകളുടെ മുഷിഞ്ഞ
മടിക്കുത്തില്‍ ഇഴഞ്ഞു നീങ്ങുന്നു...

കണ്ണുകള്‍ പെയ്തു തീര്‍ത്ത
പെരുമഴക്ക് പോലും
കുളിര്‍ക്കുവാനായില്ല
ഒരു നെടുവീര്‍പ്പുകളെയും.....