കൊഴിയുകയും വിടരുകയും ചെയ്യുന്ന ഒരു നാളില്‍ വീണ്ടും പുതുവര്‍ഷം കടന്നു വരുമ്പോള്‍, നമ്മെ മുന്നോട്ട് നയിക്കുന്നത് ഒരിക്കലും മങ്ങാത്ത പ്രതീക്ഷകളുടെ വേലിയേറ്റങ്ങള്‍ തന്നെയാണ്...
നാം ആഗ്രഹിച്ചാലും ഇല്ലെങ്കിലും സമയസൂചി മുന്നോട്ട് തന്നെയാണ് കുതിക്കുന്നത്...
കാലം പലതും ഓര്‍മ്മപ്പെടുത്തിയും സങ്കടപ്പെടുത്തിയും സന്തോഷിപ്പിച്ചും വല്ലാതെ നിരാശപ്പെടുത്തിയും കടന്നു പോവുമ്പോള്‍ ഇടക്ക് നാമറിയാതെ നമ്മില്‍ നിന്നും ഒരു ദീര്ഘനിശ്വാസമുതിരുന്നു... എത്ര പെട്ടെന്നാണ് നാളുകള്‍ പോവുന്നത്... വര്‍ഷങ്ങള്‍ കൊഴിയുന്നത്....? വര്‍ഷങ്ങളുടെ ഇടവേളകള്‍ക്കുള്ളില്‍ മാസങ്ങളുടെയും ദിവസങ്ങളുടെയും ദൈര്‍ഘ്യം കുറഞ്ഞു വരുന്നു.... ഓരോ വര്‍ഷവും ഒരുപാട് ഓര്‍മ്മകളവശേഷിപ്പിച്ച് അകന്നകലുന്നു.... ഓടിയകലുന്ന വര്‍ഷങ്ങളെ നോക്കി, നിരാശകളോടെ തിരിഞ്ഞു നോക്കുമ്പോള്‍ ജീവിതത്തിന്റെ ജയവും പരാജയവും എങ്ങനെയാണ് നിര്‍ണ്ണയിക്കുന്നത്...? ചിലത് നേടുമ്പോള്‍ വിജയമെന്നും ചിലത് നഷ്ടപ്പെടുമ്പോള്‍ പരാജയമെന്നും അനുഭവങ്ങള്‍ ഓര്‍മ്മപ്പെടുത്തുമ്പോള്‍ പൂര്‍ണ്ണമായ സന്തോഷവും സംതൃപ്തിയും എങ്ങനെ നേടാനാവും എന്നതിന് ഒറ്റവാക്കില്‍ ഉത്തരമാക്കാനാവുമോ ജീവിതം..? അതിനിടയില്‍ നമുക്ക് നഷ്ടങ്ങളെന്തൊക്കെയാണ്... നേടിയതേതൊക്കെ...?!
പഴയ കാലത്തിന്റെ ആലസ്യത്തില്‍ നിന്നും പുതിയ കാലത്തിന്റെ പുത്തനുണര്‍വ്വില്‍ വ്യത്യസ്തകളോടെയാണ് പുറം ലോകത്തിന്റെ വിശാലമായ വാതില്‍ മലര്‍ക്കെ തുറന്ന് വെച്ചിരിക്കുന്നത്.... ഇന്നലെകളില്‍ നിന്നും പൂര്‍ണ്ണമായും അകലാന്‍ കഴിയാത്തതു കൊണ്ടാണോ ഇന്നത്തെ വര്‍ണ്ണങ്ങളിലേക്ക് ഇഴുകിച്ചേരാന്‍ ഇപ്പോഴും മനസ്സ് മടിക്കുന്നത് എന്നറിയില്ല.... കഴിഞ്ഞ കാലത്തില്‍ പതിഞ്ഞ ഓര്‍മ്മകള്‍ക്ക് പുതിയ കാലം വരുത്തിയ വലിയ മാറ്റങ്ങള്‍ക്ക് എന്തുകൊണ്ടോ മനസ്സിനെ പെട്ടെന്ന് കീഴ്പ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല... പുതിയ കാലത്തിന്റെ എല്ലാ സാങ്കേതിക സൗകര്യങ്ങളും ഉപയോഗപ്പെടുത്തി കൊണ്ട് തന്നെ, കഴിഞ്ഞ കാലം നല്ലതെന്നോ പുതിയവ മോശമെന്നോ എന്നുള്ള താരതമ്യം അല്ല... അന്നത്തെ ഇല്ലായ്മകളിലും സമ്പന്നമായ സൗകര്യങ്ങളില്‍ പൂര്‍ണ്ണ തൃപ്തരായിരുന്നു... ഇന്ന് പല കാര്യങ്ങളിലും ആധിക്ക്യത്തിലുള്ള സൗകര്യങ്ങളുടെ അതിപ്രസരതയിലും, ചിലത് നല്ലതാണെന്നും ചിലത് അല്ലെന്നും അനുഭവിച്ചറിഞ്ഞവയാണ്...
കണ്ടും കേട്ടും വായിച്ചും അറിഞ്ഞും പഠിച്ചതിനുമപ്പുറം ഓരോ ജീവിതങ്ങള്‍ നമ്മുടെ ചുറ്റും കേട്ടുകേള്‍വിയില്ലാത്ത പല കഥകള്‍ കൊണ്ട് ഞെട്ടലുകളുണ്ടാക്കി... പരസ്പരം വിശ്വാസമില്ലാത്ത ബന്ധങ്ങളില്‍ സ്നേഹത്തിനപ്പുറം വിചാരങ്ങളില്ലാത്ത മറ്റേതൊക്കെയോ വികാരങ്ങളില്‍ ചെയ്തുകൂട്ടിയ പരാക്രമണങ്ങള്‍ കാണുമ്പോഴും കേള്‍ക്കുമ്പോഴും ഇത് നമ്മുടെ നാട്ടിലോ, അയല്പക്കത്തോ, കുടുംബത്തിലോ എന്നത് വിശ്വസിക്കാനാവാത്ത പലതും കൊണ്ട് ആശങ്കകള്‍ മനസ്സിനെ അസ്വസ്ഥതയുണ്ടാക്കി... പരസ്പരം താങ്ങും തണലുമാവേണ്ടയിടങ്ങളില് മനുഷ്യന് മനുഷ്യനില്‍ നിന്നു തന്നെ അകറ്റി നിര്‍ത്തുന്ന പകര്‍ച്ച രോഗങ്ങളുടെ പേരില്‍ ഒന്ന് തൊടാനും കാണാനുമാവാതെ സമൂഹം ഒറ്റപ്പെടുത്തി... ഒരു ജന്മായുസ്സില് അറിഞ്ഞ വലിയ ദുരന്തങ്ങളായി പേമാരികളും പ്രളയവും ഉരുള്‍പൊട്ടലും പകര്‍ച്ച വ്യാധികളും വരള്‍ച്ചകളും.... സാങ്കേതിക വളര്‍ച്ചയുടെ ഈ പുരോഗമന കാലഘട്ടത്തിലും വിശ്വാസങ്ങള്‍ക്കതീതമായി ജാതിയും മതവും ഇതുവരെയില്ലാത്ത അകല്‍ച്ചകളിലേക്ക് മനുഷ്യനെ അകറ്റാനുള്ള ആയുധത്തിന് മൂര്‍ച്ച കൂട്ടുന്നുണ്ട്.... ഓരോ വര്‍ഷവും നമ്മില്‍ ഒരുപാട് മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് തന്നെയാണ് കടന്നു പൊയ്കൊണ്ടിരുന്നത്....
സാങ്കേതിക മികവില്‍ ലോകം തലകുനിച്ചിരുന്ന്, കൈവിരലില്‍ ഒതുക്കി നാം വലുതായിക്കൊണ്ടിരിക്കുമ്പോഴും ഇടക്ക് മനസ്സിലേക്ക് ഓടിയെത്തുന്നത്, ഒരു നോട്ടുബുക്കും മഷിപ്പേനയും സ്വന്തമായി അവകാശപ്പെടാന്‍ ഇല്ലാത്ത ഒരു കാലത്തെ കുറിച്ചാണ്.... ഒരു നേരത്തെ നല്ല ഭക്ഷണം വലിയ സമൃദ്ധിയുടെ അടയാളമായിരുന്നു... അന്നത്തെ ഇല്ലായ്മകള്‍ ഒരാള്‍ക്കും ഒരിക്കലും ജീവിതം അവസാനിപ്പിക്കാനുള്ള പ്രേരണക്ക് കാരണമായിട്ടില്ല... ഒരുപാട് ആഗ്രഹിച്ച്, സ്വപ്നം കണ്ട് നടന്നിരുന്ന ഒരു കാര്യം സാധ്യമാവുന്നതിന് പോലും വര്‍ഷങ്ങളുടെ കാത്തിരിപ്പുണ്ടായിരുന്നു.... അതു കൊണ്ടായിരിക്കാം അന്നത്തെ ഓരോ ചെറിയ കാര്യങ്ങള്‍ക്കും വലിയ മൂല്യങ്ങള്‍ നല്കിയിരുന്നതും... കഷ്ടപ്പാടുകളും പ്രയാസങ്ങളും എത്ര തളര്‍ത്തിയാലും പ്രതീക്ഷകളുടെ പ്രേരണയില്‍ മുന്നോട്ട് പോവാനും, ഏത് പ്രതിസന്ധികളെയും തരണം ചെയ്യാനും ഒരു മോട്ടിവേഷന്‍ ക്ലാസുകളെ കുറിച്ചും കേട്ട് കേള്‍വി പോലും ഉണ്ടായിരുന്നില്ല... ഇപ്പോഴത്തെ തലമുറകള്‍ക്ക് കാത്തിരിപ്പുകളില്ല... ഉപദേശങ്ങളും വിമര്‍ശനങ്ങളും സാഹചര്യങ്ങളും ഒട്ടും ഉള്‍ക്കൊള്ളാനാവാത്ത അവര്‍ എന്തൊക്കെയോ ആഗ്രഹിക്കുന്നു... അപ്പോള്‍ തന്നെ അവര്‍ക്ക് അത് സഫലമാകുന്നു... അല്ല, സഫലമാക്കുന്നു.
തങ്ങള്‍ക്ക് നഷ്ടമായത് മക്കളിലൂടെ സാധ്യമാക്കുന്ന വെമ്പലില്‍ മക്കളുടെ ഏതാവശ്യങ്ങള്‍ക്ക് മുമ്പിലും മാതാപിതാക്കളുടെ നടുവൊടിയുന്നത് അറിയാതെ, ഉദ്ദേശിച്ചത് സാധ്യമായില്ലെങ്കില്‍ അത് നേടിയെടുക്കുന്നത് വരെ തീരാത്ത വാശിയും വൈരാഗ്യവും കാണിക്കുന്ന മക്കളുള്ള കുടുംബങ്ങള്‍ സമാധാനമില്ലാതെ, സ്വസ്ഥതയില്ലാതെ നമുക്കിടയില്‍ എത്രയോ... മക്കള്‍ ആശിച്ചത് കിട്ടിക്കഴിഞ്ഞാല്‍, പിന്നെ കിട്ടിയതിനേക്കാള്‍ നല്ലത് തേടി മറ്റൊന്നിലേക്ക്... പുതുമകള്‍ക്കു പിറകേ പോയി, ഒടുവില്‍ സഫലമാക്കിയതൊക്കെ എവിടെയും അടയാളപ്പെടുത്താനാവാതെ ഒരല്പം പോലും സ്വയം മനസ്സാക്ഷിക്കുത്തില്ലാതെ എല്ലാം മറന്നു കളയുന്നു ഇന്നത്തെ കാലം... നാം മതിലുകെട്ടി വേര്‍തിരിച്ച ബന്ധങ്ങള്‍ക്കിടയില്‍ ഈ മൊബൈലിലും ഇന്റര്‍നെറ്റിലും മുഴുകി, ജീവിതത്തിലെ സുഖവും സന്തോഷവും അത് മാത്രമാണെന്ന് കരുതി മനസ്സും മനസ്സാക്ഷിയും മരവിച്ചു പോയവര്‍ക്ക് അവരുടെ ബാല്യത്തെയും കൗമാരത്തെയും ഒരു ഇരുപത് വര്‍ഷം കഴിയുമ്പോള്‍ അടയാളപ്പെടുത്താന്‍ എന്തായിരിക്കും ഉണ്ടാവുക...?
അന്നും ഇന്നും എന്റെ ജീവിതത്തിന് ഉണര്‍വ് നല്‍കുന്നത് സ്നേഹമാണ്...! ബന്ധങ്ങളില്‍ നിന്നും കിട്ടിയ സൗഹൃദങ്ങളിലൂടെ എന്നിലേക്ക് ചേര്‍ത്തുപിടിച്ച സ്നേഹങ്ങള്‍... അതൊക്കെയും പലയിടങ്ങളില്‍ നിന്നായി എന്നെ തേടിയെത്തിയിരുന്നു.... ഞാന്‍ കണ്ടെത്തിയിരുന്നു... അതിനെ കുറിച്ച് തന്നെയാണ് എനിക്കെപ്പോഴും വാചാലമാകാനുള്ളതും...
ആഗ്രഹങ്ങള്‍ അതിരു കെട്ടിയ ഒറ്റപ്പെടലില്‍ നിന്നും സ്വപ്നങ്ങള്‍ക്കപ്പുറത്തെ വിശാലതയിലേക്ക് പുറത്തേക്കിറങ്ങാന്‍ വഴികാണിച്ച്, സങ്കടങ്ങളില്‍ ആശ്വാസവും സന്തോഷവും നല്കിയ സ്നേഹം, സൗഹൃദം ഇന്നും കൂട്ടുണ്ട് എന്ന വിശ്വാസമാണ് എന്നെ മുന്നോട്ട് നയിക്കുന്നത്... അത് ഒട്ടും മായാതെ, മറക്കാതെ അമൂല്യമായി മനസ്സില്‍ സൂക്ഷിക്കുന്നുണ്ട്...! അതിന് തെളിവായി കാണിക്കാനും പറയാനും, 1988 മുതല്‍ കിട്ടിയ എത്രയെന്ന് എണ്ണിത്തിട്ടപ്പെടുത്താത്ത ഒരുപാട് പുതുവര്‍ഷ ആശംസാകാര്‍ഡുകള്‍, കത്തുകള്‍ ഇപ്പോഴും ഒരു കേടും കൂടാതെ എന്റെ അടുത്തുണ്ട് എന്നുള്ളതാണ്... നാളുകളോളം അതിനായി സ്വരൂകൂട്ടിയ ചില്ലറകള്‍ കൊണ്ട് വാങ്ങിയ സ്റ്റാമ്പുകളും, ചാര്‍ട്ട് പേപ്പറുകളില്‍ വര്ണ്ണകളറുകളാല് വരച്ചും, ഫോട്ടോ പതിപ്പിച്ചും, പുതിയ ഡിസൈനുകള്‍ പരീക്ഷിച്ചും, പല നിറങ്ങളുള്ള നൂല്കൊണ്ട് നെയ്തുണ്ടാക്കിയും, കുത്തിക്കുറിച്ച വരികളോടൊപ്പം അയച്ചിരുന്ന ആശംസകള്‍.... അതുകൊണ്ട് തന്നെ അക്കാലത്തെ പുതുവര്‍ഷങ്ങള്‍ എനിക്കെന്നും പുത്തനുണര്വ്വുണ്ടാക്കുന്ന അനുഭവമായിരുന്നു... അന്നൊക്കെ ഒരു പുതുവര്‍ഷത്തെ കാത്തിരുന്നത് ഈ ആശംസാകാര്‍ഡുകള്‍ കിട്ടാനും അയക്കാനുമായിരുന്നു...!! അങ്ങനെ ഓരോ വര്‍ഷങ്ങളിലും ഉണ്ടായിക്കൊണ്ടിരുന്ന പുതിയ സൗഹൃദങ്ങളും, ബന്ധങ്ങളും വര്‍ഷത്തില്‍ ഒരിക്കലെങ്കിലും വന്നിരുന്ന ആശംസാകാര്ഡുകളായി 2008 വരെ നിലനിര്‍ത്തി. നാം മനസ്സില്‍ നല്കിയ സ്ഥാനങ്ങളില്‍ മുന്‍വിധികളില്ലാത്ത സ്നേഹത്തിനും ഇഷ്ടത്തിനുമപ്പുറം സൗഹൃദത്തിന് മറ്റ് കാഴ്ചപ്പാടുകളില്‍ അനേകം തലങ്ങളുണ്ടെന്നും അത് ഞാന്‍ കണ്ട അര്‍ത്ഥത്തിലല്ല മറ്റുള്ളവര്‍ കാണുന്നത് എന്നുമുള്ള തിരിച്ചറിവില്‍ 2008 ന് ശേഷം ഞാന്‍ ആര്‍ക്കും ആശംസാകാര്ഡയച്ചിട്ടില്ല...!
ഒരു വര്‍ഷം ഇത്ര പെട്ടെന്ന് കഴിഞ്ഞ് പോയത് എങ്ങനെയെന്ന് ആകുലപ്പെടുമ്പോള്‍, ഓരോ കാലങ്ങളിലും കണ്ടതും അറിഞ്ഞതുമായ ചെറുതോ വലുതോ എന്ന വേര്‍തിരിവുകളില്ലാതെ എന്നെ ഞാനാക്കിയ ബന്ധങ്ങളെ കുറിച്ച്, എന്നത്തേക്കുമായി മനസ്സില്‍ ബാക്കി വെച്ച മായാത്ത ചിത്രങ്ങളിലൂടെ ഓര്‍മ്മകള്‍ എന്നെ ഭൂതകാലത്തേക്കെത്തിക്കുന്നു....
അന്ന് വര്‍ഷങ്ങള്‍ക്ക് ഇത്ര വേഗതയുണ്ടായിരുന്നില്ല... മണിക്കൂറുകള്‍ക്ക് ഇത്രമാത്രം വിശേഷങ്ങള്‍ പങ്കുവെക്കാനുണ്ടായിരുന്നില്ല.... പാതിവഴിയില്‍ ഇടറിപ്പോയ ബാല്യം മുതല്‍ സ്വപ്നങ്ങളും പ്രതീക്ഷകളും താളംതെറ്റിച്ച കൗമാരവും യൗവനവും പിന്നിട്ട് അന്നത്തേതില്‍ നിന്നും 2019 ന്റെ ഇന്നിലേക്ക് കാലം കുതിച്ചപ്പോള്‍, എന്റെ ഈ ചെറിയ ജീവിതം കൊണ്ടാണ് അപ്രതീക്ഷിതമായ വലിയ മാറ്റങ്ങളുടെ സാക്ഷി പറയാനുള്ളതും.... വര്‍ഷങ്ങള്‍ക്കപ്പുറത്ത് ഏകാന്തതയുടെ ഒറ്റത്തുരുത്തിനകത്തു നിന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം വിശാലതയുടെ നടുമുറ്റത്തേക്കിരുന്ന് പറയുന്ന വിശേഷങ്ങള്‍ക്ക് ജീവിതത്തിന്റെ വേനലും വരള്‍ച്ചയുമുണ്ട്... വസന്തവും, വര്‍ഷവുമുണ്ട്... ഋതുഭേതങ്ങളില്ലാതെ ഒരു കാലവും പൂര്‍ണ്ണമാവില്ല... അതുപോലെയാണ്, ജീവിതവും....!