Welcome............... Welcome...............Welcome...Welcome...........Welcome...........Welcome...........Welcome...........

Saturday, May 24, 2014

വായനാവസന്തം

        വായനയുടെ വസന്തം വിടരുന്നത് ആദ്യം നമ്മുടെ സ്വന്തം ജീവിതത്തിലാണ്.... പിന്നെ അതിന്റെ നന്മ നമ്മള്‍ മറ്റുള്ളവരിലേക്കും പകര്‍ത്താന്‍ ശ്രമിക്കുന്നു. കുട്ടിക്കാലത്ത് ആദ്യാക്ഷരം എഴുതി വായിച്ചെടുക്കുമ്പോള്‍, അത് പിന്നെ കൂട്ടക്ഷരങ്ങളായി എഴുതിത്തുടങ്ങുന്ന വാക്കുകള്‍, വരികള്‍ നാവില്‍ നിന്നും മനസ്സിന്റെ ആഴങ്ങളില്‍ ചെന്നു പതിയുന്ന വായനയുടെ തുടക്കം.... ഓരോ വാക്കും തപ്പിത്തടഞ്ഞ് പറഞ്ഞും എഴുതിയും പഠിച്ചതെല്ലാം ജീവിതകാലം മുഴുവന്‍ നമ്മുടെ ജീവിതത്തിന്റെ ഭാഗമാവുന്നു.
     
നമ്മുടെ ജീവിതത്തിന്റെ, സംസ്‌കാരത്തിന്റെ നിലവാരം നിര്‍ണ്ണയിക്കുന്നത് വായനയിലൂടെയുള്ള അറിവിലൂടെയാണ്. നേരിട്ടുള്ള അനുഭവത്തിന്റെ സാക്ഷ്യം തന്നെയാണ് വായനയിലൂടെ ഉണ്ടാവുന്നതും..... നാം സ്വയം അറിയാന്‍, മറ്റുള്ളവരെ അറിയാന്‍, ജീവിതത്തിന്റെ നന്മയെ തിരിച്ചറിയാന്‍ വായന വളരെയധികം സഹായിക്കുന്നു.
     
ഒരു പ്രത്യേകദിനത്തിന്റെയും ഓര്‍മ്മപ്പെടുത്തലുകളില്ലാതെ വായനക്കായി സമയം കണ്ടെത്താനും വായിക്കാനും വായിക്കുന്നവര്‍ എന്നും ശ്രമിച്ചിരുന്നു. വായനയുടെ രീതികള്‍ വ്യത്യസ്തമായ ഈ കാലത്താണ് വായനദിനം എന്ന പേരില്‍ ജൂണ്‍ 19 ആചരിക്കുന്നതിലെ പ്രാധാന്യം ഉള്‍ക്കൊള്ളുന്നത്. ആ ദിനത്തിലെങ്കിലും വായിക്കണം എന്ന നിര്‍ബന്ധത്താലാണ് ലൈബ്രറികളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ ഒരു പുസ്തകമെങ്കിലും എടുക്കാനും വായിക്കാനും മുതിരുന്നത്. അപ്പോഴാണ് സ്‌കൂള്‍ തലത്തില്‍ സംഘടിപ്പിക്കുന്ന വായനവാരത്തിന് പ്രസക്തിയുണ്ടാവുന്നത്.
     
വായനക്കാരന്റെ തെരഞ്ഞെടുപ്പില്‍ നല്ലതേത്, മോശമേത് എന്ന് തിരിച്ചറിഞ്ഞ് എന്ത് വായിക്കണം, എങ്ങനെ വായിക്കണം എന്നത് അവരുടെ വ്യക്തിത്വമാണ് അനാവരണം ചെയ്യുന്നത്. കുട്ടിക്കാലം മുതല്‍ വായനാ ശീലം വളര്‍ത്തിയെടുക്കാനായാല്‍ പിന്നെ കയ്യില്‍ കിട്ടുന്നതെന്തും വായിക്കാമെന്ന സ്ഥിതി വരും.
     
ഇന്നത്തെ കാലത്ത് വായനക്കുള്ള വിവര സാങ്കേതികവിദ്യകള്‍ക്ക് ഏറെ പ്രചാരവും പ്രാധാന്യവും നല്‍കിക്കൊണ്ട് നവമാധ്യമങ്ങളേറെയുണ്ട്. നിമിഷങ്ങള്‍ക്കകം പുതിയ വിവരങ്ങള്‍ കാണാനും അറിയാനും വായിക്കാനും അവസരങ്ങള്‍ ഒരുക്കിക്കൊണ്ട് ഇന്റര്‍നെറ്റിന്റെയും മറ്റു വിവര സാങ്കേതികവിദ്യകളുടെയും കടന്നു കയറ്റത്തിലൂടെ പുസ്തകങ്ങളിലൂടെ നേരിട്ട് വായിച്ച് കാര്യങ്ങള്‍ മനസ്സിലാക്കിയിരുന്ന അവസ്ഥക്ക് ഒരു മാറ്റം വന്നിട്ടുണ്ട്. ഇന്നത്തെ തിരക്കുപിടിച്ച കാലഘട്ടത്തില്‍ വായനക്കുള്ള അവസരങ്ങള്‍ അവയിലൂടെ സൃഷ്ടിക്കപ്പെടുമെങ്കിലും പുസ്തകത്തിലൂടെയുള്ള വായനാനുഭവത്തിന്റെ ആസ്വാദനം അതില്‍ കുറവാണ്.
     
വായനയുടെ തലങ്ങള്‍ വ്യത്യസ്ത തരത്തിലുള്ളവയാണ്. വായനയെ സാധാരണ കഥകള്‍, കവിതകള്‍, നോവലുകള്‍, കുറ്റാന്വേഷണങ്ങള്‍, യാത്രാവിവരണങ്ങള്‍, ജീവിതാനുഭവങ്ങള്‍, ലേഖനങ്ങള്‍ എന്നിങ്ങനെ പൊതുവിവരങ്ങള്‍ നല്‍കുന്ന ഒരു ആസ്വാദനം എന്നതില്‍ കവിഞ്ഞ് വളരെയധികം പ്രാധാന്യത്തോടെ സമീപിക്കുന്നവരാണ് വായിക്കുന്നവരില്‍ ഏറെയും. വായന പൊതുവിജ്ഞാനത്തില്‍ അറിവു നേടാനുള്ള ഏക ഉപാധി എന്ന നിലയില്‍, വായനയെ ഗൗരവത്തോടെ സമീപിക്കുന്നവരില്‍ ഏറിയ പങ്കും വിദ്യാര്‍ത്ഥികള്‍ തന്നെയാവും.
     
പഠനകാലയളവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വായന നിര്‍ബന്ധമാണ്. അതിനുവേണ്ടി മാത്രമായും വായിക്കുന്നവരേറെയുണ്ട്. അവര്‍ക്ക് പഠിക്കാനും പരീക്ഷ എഴുതാനും മത്സരങ്ങളില്‍ പങ്കെടുക്കാനും, ഉയര്‍ന്ന ലക്ഷ്യത്തിലെത്താനും പഠനവുമായി ബന്ധപ്പെട്ട പല വിഷയങ്ങളുടെയും വായനയെ ആശ്രയിക്കണം. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മെയിന്‍ ലൈബ്രറി (സി.എച്ച്. മുഹമ്മദ്‌കോയ ലൈബ്രറി)യില്‍ വരുന്നവര്‍ അധികവും അവരുടെ സിലബസ് അടിസ്ഥാനമായ വിഷയങ്ങളുമായി ബന്ധപ്പെട്ട പഠനാവശ്യാര്‍ത്ഥമാണ് വരുന്നത്. അതല്ലാത്തവര്‍ ഏതെങ്കിലും ഒരു പ്രത്യേക വിഷയത്തിലുള്ള കാര്യങ്ങളെ കുറിച്ചുള്ള റഫറന്‍സിനുവേണ്ടിയും വരുന്നുണ്ട്. അവര്‍ പഠിക്കുന്ന അല്ലെങ്കില്‍ പഠിപ്പിക്കുന്ന വിഷയങ്ങളില്‍ വളരെ ഗഹനമായ രീതിയില്‍ ആധികാരികമായി റഫറന്‍സ് നടത്തുകയാണ് ചെയ്യുന്നത്. എല്ലാ വിഷയങ്ങളും ഇംഗ്ലീഷ് അടിസ്ഥാനമായതിനാല്‍ ഇംഗ്ലീഷ് പുസ്തകങ്ങളാണ് ലൈബ്രറിയില്‍ നിന്നും കൂടുതലായി പോകുന്നത്.
     
സര്‍വകലാശാലയെ സംബന്ധിച്ചിടത്തോളം ഇതൊരു അക്കാദമിക് ലൈബ്രറിയാണ്. അക്കാദമിക് വിദ്യാഭ്യാസ സ്ഥാപനമായതിനാല്‍ അതുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ഇവിടെ കൂടുതല്‍ ഉപയോഗിക്കുന്നത്. മുപ്പത്തിമൂന്നോളം ഡിപ്പാര്‍ട്ട്‌മെന്റല്‍ ലൈബ്രറികളോട് കൂടിയ മെയിന്‍ ലൈബ്രറിയാണ് ഗ്രാജുവേറ്റ് മുതല്‍ തുടര്‍ന്നുള്ള എല്ലാ പഠനവിഷയങ്ങള്‍ക്കും പുറത്തുനിന്നും വരുന്നവര്‍ ഉപയോഗിക്കുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയുടെ സിലബസുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളുടെയും, ഭാഷാസാഹിത്യ വിഷയങ്ങളുടെയും, വിദേശഭാഷയുടെയും അപൂര്‍വ്വ ഗ്രന്ഥങ്ങള്‍ ഇവിടത്തെ വിശാലമായ ലൈബ്രറിയിലുണ്ട്.
     
ഗവേഷണ പഠനവിഷയങ്ങള്‍ ഉപയോഗിക്കുന്നവരില്‍ ആണ്‍-പെണ്‍ വ്യത്യാസങ്ങളില്ല. എങ്കിലും കൂടുതലായി ഇവിടെ വരുന്നവരില്‍ അധികവും പെണ്‍കുട്ടികളാണ്. സര്‍വകലാശാലക്ക് കീഴിലെ അഫിലിയേറ്റഡായ കോളേജുകളുടെ അടിസ്ഥാനത്തിലുള്ള വിദ്യാര്‍ത്ഥികള്‍ അവര്‍ക്ക് ആവശ്യമുള്ള വിഷയങ്ങളെല്ലാം ഉപയോഗപ്പെടുത്താനാണ് അക്കാദമിക് ലൈബ്രറിയില്‍ വരുന്നത്. അതല്ലാത്തവര്‍ റഫറന്‍സിനു വേണ്ടി വരുന്നുണ്ട്. പുറത്തു നിന്നും വരുന്നവര്‍ ഒരു ദിവസം ലൈബ്രറി ഉപയോഗിക്കുന്നതിനും ദീര്‍ഘനാള്‍ ഉപയോഗിക്കുന്നതിനും പ്രത്യേകം മെമ്പര്‍ഷിപ്പ് എടുത്ത് അംഗമാവണം. പൊതുവെ പഠന വിഷയങ്ങളുമായി ബന്ധപ്പെടാത്ത സാഹിത്യകൃതികള്‍ പുറത്തേക്ക് പോവുന്നതും വായിക്കുന്നതും കുറവാണ്. അതിനുവേണ്ടി ആളുകള്‍ വരുന്നതും വളരെ കുറവാണ്.
     
ഓരോ വായനയും നമ്മുടെ ഇഷ്ടങ്ങളാണ്.... വായന നമ്മുടെ ബുദ്ധിപൂര്‍വ്വമായ തെരഞ്ഞെടുക്കലുകളാണ്. അത് പഠനത്തിനു വേണ്ടിയായാലും കാര്യഗൗരവത്തോടെ വായിച്ചു മനസ്സിലാക്കാനായാലും. അതിലപ്പുറം നമുക്കിഷ്ടപ്പെട്ട വായനയുടെ സുന്ദരാനുഭവം നിര്‍വ്വചിക്കാനാവാത്ത ഒരു അനുഭവസാക്ഷ്യമാണ്.

Tuesday, December 17, 2013

കല്ല്യാണം കഴിക്കേണ്ട പെണ്ണിന്റെ 
പ്രായം പതിനാറോ പതിനെട്ടോ.....? !
ഒരു പെണ്‍കുട്ടിയെ കെട്ടിച്ചു വിടാന്‍ സ്ത്രീധനത്തിന്റെയും സൗന്ദര്യത്തിന്റെയും സമ്പത്തിന്റെയും പാരമ്പര്യത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും അതിര്‍വരമ്പുകള്‍ കടിഞ്ഞാണിടുന്നതിന്റെ ഇടയിലേക്ക് മറ്റൊരു വലിയ വാദപ്രതിവാദം കൊടുമ്പിരി കൊണ്ടിരിക്കുകയാണിപ്പോള്‍...
പെണ്‍കുഞ്ഞ് ജനിച്ചതു മുതല്‍ പലവിധ ആധികളാല്‍ സങ്കടപ്പെടുന്നത് മാതാപിതാക്കളാണ്. അവരിപ്പോള്‍ പെണ്‍കുട്ടികളെ കുറിച്ചുയര്‍ന്നുവന്ന പുതിയ പ്രശ്‌നത്തില്‍ എങ്ങനെ ഇടപെടണം എന്നറിയാത്ത മൂഡാവസ്ഥയിലാണെന്ന് തോന്നുന്നു. രാഷ്ട്രീയക്കാരും മതസംഘടനക്കാരും ഏറ്റെടുത്ത പ്രശ്‌നത്തിലിടപ്പെടാന്‍ മാതാപിതാക്കള്‍ക്കായി ഒരു സംഘടന ഉണ്ടായിരുന്നെങ്കില്‍ അവരുടെ പ്രതികരണം കൂടി അതിന്റെ ഇടയിലൂടെ കേള്‍ക്കുമായിരുന്നു. 
പെണ്‍കുട്ടിയുടെ  ജീവിതനിലവാരം ഏറെ ഉയരത്തിലെത്തിയിട്ടും ഇപ്പോഴും  വിവാഹപ്രായമെങ്കിലും സ്വന്തം ഇഷ്ടത്തിനു തീരുമാനിക്കാനാവാതെ, അതിനെ ശക്തമായി എതിര്‍ക്കാനാവാതെ അവള്‍ ചില അധികാരനിയന്ത്രണങ്ങളുടെ കെട്ടുകളില്‍ നിന്നും അടര്‍ന്നു മാറാനാവാത്ത വിധം ബന്ധിക്കപ്പെട്ടിരിക്കുകയാണ്.  
വിവരണാതീതമായി വര്‍ണ്ണപ്പൊലിമയോടെ ഉയര്‍ന്ന വിദ്യാഭ്യാസത്തിന്റെ മഹിമകള്‍ വാഴ്ത്തുന്ന ഈ കാലഘട്ടത്തിലും മാറ്റാനാവാത്ത സമൂഹത്തിന്റെ ചില ദുഷിച്ച മനസ്ഥിതിയിലേക്ക് മനപ്പൂര്‍വ്വമെന്നതുപോലെ അപരാധത്തിന്റെ ബലിയാടുകളായി, മുഷിപ്പിന്റെ മുറുമുറുപ്പോടെ, തീരാത്ത ദുരിതത്തിന്റെ അവശേഷിപ്പായി ഒരിക്കലും വറ്റാത്ത കണ്ണീരോടെ ജീവിതം എന്തിനോ വേണ്ടി ജീവിച്ചു തീര്‍ക്കുന്ന പെണ്‍ജന്മങ്ങള്‍ നമുക്കിടയില്‍ ഒരുപാടുണ്ട്.
കഴിഞ്ഞുപോയ കാലമല്ല, ഇനി നമ്മുടെ മുമ്പിലുള്ളത്. വീട്ടില്‍നിന്നും പുറത്തിറങ്ങാത്ത സ്ത്രീകളില്‍ നിന്നും ഇന്നിന്റെ സ്വാതന്ത്ര്യം അവള്‍ക്ക് ഒരുപാട് അവകാശങ്ങള്‍ നേടിക്കൊടുത്തിട്ടുണ്ട്. ആ അവകാശങ്ങള്‍ അവള്‍ പക്വതയോടെ കാര്യങ്ങളെ തീരുമാനിക്കുന്നതിലേക്കും തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതിലേക്കുമുള്ള ഉള്‍ക്കരുത്തിന്റെ ആര്‍ജ്ജവമായി പുതിയ കാലത്തില്‍ അവളിലൂടെ ചരിത്രം മാറ്റിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് കഴിഞ്ഞ കാലത്തെ ചില തെറ്റായ രീതിയുമായി ഇപ്പോഴത്തെ കാലത്തെയും ജീവിതാവസ്ഥയെയും വിലയിരുത്താനാവില്ല. 
ഒരു കാലത്ത് നടമാടിയിരുന്ന ശൈശവവിവാഹ ദുരന്തത്തില്‍ നിന്നും കൈപിടിച്ചുയര്‍ത്തി, പ്രായപൂര്‍ത്തിയായതിനു ശേഷം വിവാഹത്തിനുള്ള അവകാശം നേടിയെടുത്തിരുന്നെങ്കിലും, ചില അവഗണനകള്‍ വീണ്ടും ശൈശവവിവാഹത്തിന്റെ രൂപത്തില്‍ അന്ധകാരത്തിലേക്ക് പെണ്‍കുട്ടികളെ തള്ളിവിടുന്നു. അത് കുടുംബത്തിന്റെ ബാധ്യത തീര്‍ക്കാനാണോ അവള്‍ കുടുംബത്തിന് പേര്‌ദോഷം കേള്‍പ്പിക്കാതിരിക്കാനുള്ള ഒരു ശല്യമൊഴിവാക്കാനാണോ. ജീവിതത്തെ കുറിച്ച് എന്തെങ്കിലും അറിയാനും മനസ്സിലാക്കാനും തുടങ്ങും മുമ്പെ ഉറക്കത്തില്‍ കണ്ട ഒരു സ്വപ്നലോകത്തേക്കെന്ന പോലെ അവളെ തള്ളിവിടുമ്പോള്‍ അവള്‍ ശരിക്കും ഉറക്കത്തില്‍ നിന്നല്ല ഞെട്ടിയുണരുന്നത്. യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിഞ്ഞു  തുടങ്ങുമ്പോഴേക്കും അവള്‍ക്ക്  യഥാര്‍ത്ഥ ജീവിതസന്തോഷങ്ങള്‍ കൈവിട്ടു പോയത് എങ്ങനെയെന്ന് പോലും തിരിച്ചറിയാതെയാവുന്നു.
പക്വതയില്ലാത്ത പ്രായത്തില്‍ വികാരങ്ങളുടെ വേലിയേറ്റത്തില്‍പെട്ടു ചില പെണ്‍കുട്ടികളുടെ ജീവിതതാളം തെറ്റിപ്പോവുന്നത് നമ്മള്‍ കാണുന്നതാണ്. ശരിയായ തീരുമാനമെടുക്കാനാവാത്ത പ്രായത്തില്‍ കാര്യങ്ങള്‍ അറിയാതെ, അല്ലെങ്കില്‍ അറിയാന്‍ ശ്രമിക്കാതെ അറിവുകേടുകൊണ്ട് സംഭവിക്കുന്നതാണ് പല അബദ്ധങ്ങളും. 
വിവാഹത്തിന്റെ പ്രധാനലക്ഷ്യം സദാചാര സമൂഹത്തില്‍ സംശയത്തിന്റെ തുറിച്ച് നോട്ടമില്ലാതെ സ്വതന്ത്രരായി ഇണക്കിളികളെപോലെ ലോകം ചുറ്റിക്കറങ്ങാനുള്ള ലൈസന്‍സ് മാത്രമല്ല. ഒരു പക്വമതിയായ സഹധര്‍മ്മിണിക്ക്, ഒരു കുടുംബത്തിനെ അതിന്റെ എല്ലാ അര്‍ത്ഥത്തിലും നിയന്ത്രിച്ചു കൊണ്ടുപോവാന്‍ കഴിയണം. അതിനുള്ള അറിവും, സഹനവും, സഹിഷ്ണുതയും, സ്‌നേഹവും അവള്‍ക്കാര്‍ജ്ജിക്കാന്‍ കഴിയണം. ശരിയേത്, ആവശ്യമേത് എന്ന് തിരിച്ചറിയാനും കാര്യങ്ങളില്‍ വേണ്ടവിധത്തില്‍ ഇടപെടാനും ഒരു ഭദ്രതയുള്ള കുടുംബത്തിന്റെ കടിഞ്ഞാണ്‍ നിയന്ത്രിക്കാനും എല്ലാ കാര്യത്തിലും സാമാന്യബോധമുള്ള ഒരു നല്ല കുടുംബിനിക്കേ കഴിയൂ.
ഒരു പെണ്‍കുട്ടിക്ക് കുടുംബത്തില്‍ ചെയ്തു തീര്‍ക്കാനുള്ള ഒരുപാടു കടമകളുണ്ട്. അതിനവള്‍ക്ക് മാനസികമായ തയ്യാറെടുപ്പുകള്‍ ആവശ്യമുണ്ട്. കുടുംബത്തിന്റെ ചട്ടക്കൂടില്‍ നിന്നുകൊണ്ട്  അച്ചടക്കമുള്ള, ബഹുമാനമുള്ള നല്ല തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ സ്ത്രീക്കുള്ള പങ്ക് നിസ്സാരമല്ല.
പല പെണ്‍കുട്ടികളും സ്വപ്നങ്ങളുടെ മായാലോകത്താണ്. വിവാഹവേദികളില്‍ ക്ഷണിക്കപ്പെട്ടവരുടെ മുമ്പില്‍ മേനി നിറയെ സ്വര്‍ണ്ണത്തിന്റെയും പതിനായിരങ്ങളാല്‍ അലംകൃതമായ വസ്ത്രങ്ങളുടെയും പരസ്യകോലങ്ങളായി വിവാഹധൂര്‍ത്തുകളില്‍ ആഢംബരത്തിന്റെ ഇരകളായി അവര്‍ മാറുന്നു. ഇങ്ങനെയുള്ള ആഢംബരകോലാഹലങ്ങള്‍ക്കിടയില്‍ വിവാഹം എന്നത്  സ്വപ്നം കാണാന്‍ പോലുമാവാത്ത, പാവപ്പെട്ട പെണ്‍കുട്ടികള്‍ പതിനെട്ടും ഇരുപത്തെട്ടും പ്രായം കഴിഞ്ഞ് നില്‍ക്കുമ്പോള്‍ അതിനൊരു പരിഹാരമുണ്ടാക്കാനല്ല വിവാഹവിവാദസംഘടനകള്‍ വായിലെ തുപ്പല്‍ വറ്റിക്കുന്നത്.
സ്വന്തം കുടുംബത്തിന്റെ അവസ്ഥകളെന്താണെന്നറിയാത്ത പെണ്‍കുട്ടികളാണ് അതുവരെ ജീവിച്ചുവളര്‍ന്നതില്‍ നിന്നും വ്യത്യസ്തമായ മറ്റൊരു കുടുംബത്തിന്റെ ഉത്തരവാദിത്വത്തിലേക്ക് ഒന്നുമറിയാതെ സാങ്കല്‍പ്പികമായ സ്വപ്നജീവിതത്തിലേക്കെന്ന പോലെ വലതുകാല്‍വെച്ച് കയറിചെല്ലുന്നത്. യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിഞ്ഞ് തുടങ്ങുമ്പോള്‍ അടക്കിവെച്ച അസ്വസ്ഥകള്‍ ചെറിയ ചെറിയ പ്രശ്‌നങ്ങളായി മുളപൊട്ടി തുടങ്ങും. അതുപിന്നെ പരിഹരിക്കപ്പെടാനാവാത്ത വലിയ കുടുംബപ്രശ്‌നങ്ങളായി പൊട്ടിത്തെറിക്കുകയും ചെയ്യും. ഒടുവില്‍ വിവാഹബന്ധം വേര്‍പ്പെടുത്തുന്ന അവസ്ഥയിലേക്കെത്തുന്നു. ഇന്നിപ്പോള്‍ വിവാഹം നടക്കുന്നതിനേക്കാള്‍ വിവാഹമോചനങ്ങള്‍ പെരുകി കൊണ്ടിരിക്കുകയാണ്. കുടുംബങ്ങള്‍ക്കുള്ളില്‍ വെച്ച് പറഞ്ഞു തീര്‍ക്കാവുന്ന ഏറ്റവും ചെറിയ ചില പ്രശ്‌നങ്ങളാണ് വലിയ തെറ്റിദ്ധാരണകളില്‍ കുടുങ്ങി തമ്മില്‍ തല്ലി തീര്‍ക്കുന്നത്. 
സ്ത്രീ ഒരു ഉപകരണം മാത്രമായി മാറ്റപ്പെടുമ്പോള്‍ എല്ലാ അവകാശങ്ങള്‍ക്കും അര്‍ഹതയുള്ള ഒരു വ്യക്തിയാണെന്നത് അവള്‍ക്ക് കൂടി ബോധ്യപ്പെടാനുള്ള സാധ്യത തള്ളിക്കളയുകയാണ്. കാലം മാറിക്കൊണ്ടിരിക്കുന്നതിനനുസരിച്ച് ഏതറ്റംവരെയെത്താമെന്ന വൃഗ്രതയിലാണ് ഇന്നിന്റെ പോക്ക്. എല്ലാറ്റിനും മേലാധികാരം അവകാശപ്പെടുന്ന പുരുഷന്മാരുടെ അടിമകളാക്കി അടിച്ചമര്‍ത്താനുള്ളതല്ല സ്ത്രീകള്‍. സ്ത്രീയും പുരുഷനും ഇണയും തുണയുമാണ്. അടിസ്ഥാനപരമായ യാഥാര്‍ത്ഥ്യങ്ങളെ തള്ളിക്കളയാന്‍ ആര്‍ക്കുമാവില്ല. 
മാനസികവും ശാരീരികവുമായ പക്വതയോടെ കാര്യങ്ങളെ സമീപിക്കുന്ന ഒരു പെണ്‍കുട്ടിക്ക് ഒരിക്കലും അവളുടെ അവകാശങ്ങള്‍ തള്ളിക്കളയാനാവില്ല. അറിയാതെ തെറ്റിലേക്ക് എടുത്തു ചാടുകയുമില്ല. അവളുടെ അവകാശങ്ങള്‍ എങ്ങനെ പാലിക്കണമെന്ന് യാഥാര്‍ത്ഥ്യബോധത്തോടെ, കാര്യങ്ങള്‍ വേണ്ടവിധത്തില്‍ കൈകാര്യം ചെയ്യാനുള്ള തിരിച്ചറിവോടെ ജീവിതനിലവാരം മെച്ചപ്പെടുത്താന്‍ അവള്‍ക്ക് കഴിയും. അവളുടെ ഉത്തരവാദിത്വം നിറവേറ്റാന്‍ അവള്‍ക്ക് മാത്രമേ കഴിയൂ. കാരണം. അവള്‍ മകളാണ്, സഹോദരിയാണ്, കൂട്ടുകാരിയാണ്, സഹധര്‍മ്മിണിയാണ്, അമ്മയാണ്.  അതിനവള്‍ക്കു വേണ്ടത് ശക്തമായ പിന്തുണയാണ്. പിതാവിന്റെ, സഹോദരന്റെ, കൂട്ടുകാരന്റെ, ഭര്‍ത്താവിന്റെ, മകന്റെ. ഈ തണലും സംരക്ഷണവും പെണ്ണിനു തുണയുണ്ടായാല്‍, അവള്‍ എവിടെയും കാമാര്‍ത്തിയാല്‍ അക്രമിക്കപ്പെടില്ല. സ്ഥാനമാനങ്ങളുടെ പേരില്‍ അവഗണിക്കപ്പെടില്ല. ഒന്നിനും അര്‍ഹതയില്ലെന്ന കാരണത്താല്‍ തള്ളിമാറ്റപ്പെടില്ല.
ജീവിതം ദൈവത്തിന്റെ വരദാനമാണ്. അത് ആണിനും പെണ്ണിനും ഒരുപോലെ അവകാശപ്പെട്ടതാണ്. അത് തുല്യമായി പങ്കിട്ടെടുക്കേണ്ടതിനെ കുറിച്ച് തീരുമാനിക്കപ്പെടണം. അത് എങ്ങനെ, എപ്പോള്‍, ഏത് രീതിയില്‍ വേണമെന്ന് പക്വതയോടെ തീരുമാനിക്കപ്പെടട്ടെ. 

Sunday, November 18, 2012
അവാര്‍ഡ് തിളക്കത്തില്‍ ആയിശ 
മാരിയത്ത് സി.എച്ച്‌
അര നൂറ്റാണ്ടിലേറെയായി മലയാളികളുടെ ഇടയില്‍ പരിചിതയായ, ത്യാഗത്തിന്റെയും സഹനത്തിന്റെയും പ്രതീകമായ കലാകാരി നിലമ്പൂര്‍ ആയിഷ നിലമ്പൂരിലെ മുക്കട്ടയില്‍ കൊച്ചുമകനും പേരക്കുട്ടികള്‍ക്കുമൊത്ത് താമസിക്കുന്നു. അവരിപ്പോള്‍ ആരാധകരുടെയും പ്രിയപ്പെട്ടവരുടെയും സന്ദര്‍ശനങ്ങളും ഫോണ്‍വിളികളും സ്വീകരണചടങ്ങും അഭിനന്ദന പ്രവാഹങ്ങളുമായി തിരക്കില്‍ മുങ്ങിനില്‍ക്കുകയാണ്.
നാടകത്തിന് ഇതുവരെ വാങ്ങിക്കൂട്ടിയ അവാര്‍ഡുകള്‍ക്കും അംഗീകാരങ്ങള്‍ക്കും കണക്കില്ലെങ്കിലും ആദ്യമായി സിനിമക്ക് സംസ്ഥാന സര്‍ക്കാറിന്റെ നല്ല നടിക്കുള്ള അവാര്‍ഡ് വൈകിയ വേളയിലെങ്കിലും കിട്ടിയതിന്റെ ആഹ്ലാദത്തില്‍ ബാല്യവും കൗമാരവും യൗവ്വനവും ഒന്നിച്ച് തിരിച്ച് വന്ന സന്തോഷമാണ് ഇപ്പോള്‍ ആയിഷാത്തക്ക്.
സിദ്ദീഖ് സംവിധാനം ചെയ്ത ഊമക്കുയില്‍ പാടുമ്പോള്‍ എന്ന ചിത്രത്തിലെ കഥാപാത്രത്തിനാണ് ആയിഷക്ക് അവാര്‍ഡ്. കലയും സാഹിത്യവും ഇഷ്ടപ്പെടുന്ന ഒരു പതിമൂന്നുകാരി പെണ്‍കുട്ടി. അവളെ അതിന് വിലക്കുന്ന മാതാപിതാക്കള്‍. ആ വിലക്കിനെ മറികടക്കാന്‍ അവള്‍ക്ക് പ്രചോദനമേകുന്ന വല്ല്യുമ്മ. ആ വല്ല്യുമ്മയുടെ വേഷമാണ് നിലമ്പൂര്‍ ആയിഷ ചെയ്തത്. സ്വന്തം ജീവിതം പോലെത്തന്നെ പുരോഗമന ചിന്തകളുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിച്ചതിന് അംഗീകാരം കൂടി കിട്ടിയപ്പോള്‍ അതിന് ഇരട്ടിമധുരം.
1952-ല്‍ 16-ാം വയസ്സില്‍ അഭിനയത്തിന്റെ തുടക്കത്തില്‍ സമുദായത്തിന്റെ സദാചാരവിലക്കുകളോടെ കലകളിലേക്കും നാടകത്തിലേക്കും ഇറങ്ങിയപ്പോള്‍ അനുഭവിക്കേണ്ടി വന്നത് ഏറെ വേദനിപ്പിക്കുന്ന അനുഭവങ്ങളായിരുന്നു. എല്ലാവരില്‍ നിന്നും അകറ്റി നിര്‍ത്തലും അവഗണനയുമായിരുന്നു.
ആദ്യം അഭിനയിച്ച നാടകം തന്നെ രണ്ടായിരം വേദികളില്‍ അഭിനയിച്ചുകൊണ്ട് പല ട്രൂപ്പുകളിലായി ഒരുപാട് നാടകത്തില്‍ അഭിനയിച്ചിട്ടുണ്ട്. എഴുപത്താറാം വയസ്സിലും ചെറുപ്പക്കാരെ വെല്ലുന്ന ചുറുചുറുക്കും പ്രസരിപ്പും ആത്മവിശ്വാസം തുളുമ്പുന്ന വാക്കുകളും ആയിഷാത്തക്ക് പുതിയ അംഗീകാര തിളക്കത്തില്‍ വീണ്ടുമൊരു യൗവനം തിരിച്ചു നല്‍കിയിരിക്കുന്നു.
പതിമൂന്നാമത്തെ വയസ്സില്‍ വിവാഹിതയാവുകയും അഞ്ചു ദിവസത്തെ ദാമ്പത്യജീവിതത്തിനൊടുവില്‍ വിവാഹമോചനം നേടുകയും ചെയ്തു. ആ ബന്ധത്തില്‍ പിറന്ന മകള്‍ക്കുവേണ്ടിയും ജീവിതോപാധിക്കായി, ഒരു സാധാരണ പെണ്‍കുട്ടി എന്നതിലപ്പുറം ഒരു മുസ്‌ലിം പെണ്‍കുട്ടി അഭിനയപാത തിരഞ്ഞെടുത്തതില്‍ സമുദായങ്ങളുടെയും സമൂഹത്തിന്റെയും പ്രതിഷേധങ്ങളോടെ ഉയര്‍ന്നുവന്ന എതിര്‍പ്പുകള്‍ക്കും തടസ്സങ്ങള്‍ക്കും ഇടയിലും ഉറച്ച തീരുമാനത്തില്‍ അഭിനയവഴിയില്‍ നിന്നും പിന്‍മാറിയില്ല. സമൂഹത്തിന്റെ പ്രതിഷേധങ്ങള്‍ പ്രതികാരങ്ങളായും പ്രതിരോധങ്ങളായും വഴിമുടക്കാന്‍ ശ്രമിച്ചപ്പോഴൊക്കെ മനോധൈര്യത്തിന്റെ പിന്‍ബലത്തില്‍ അവര്‍ പിടിച്ചു നിന്നു.
ആ സമയത്ത് ആയിരക്കണക്കിന് നാടകവേദികളില്‍ തിളങ്ങി നില്‍ക്കുമ്പോള്‍ തന്നെ സിനിമയിലേക്കും ചുവടുമാറ്റം നടത്തി. മലയാളത്തിലെ ആദ്യ കളര്‍ ചിത്രമായ 'കണ്ടംബെച്ച കോട്ടി'ലൂടെയാണ് നിലമ്പൂര്‍ ആയിഷ സിനിമയിലെത്തുന്നത്. പിന്നീട് 'കുട്ടിക്കുപ്പായം, കുപ്പിവള, കാട്ടുപൂക്കള്‍, കാവ്യമേള....' തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ പ്രേക്ഷകര്‍ എക്കാലത്തും ഓര്‍മ്മിപ്പിക്കപ്പെടുന്ന വേറിട്ട അഭിനയമികവ് അവര്‍ തന്റേതായ ശൈലിയില്‍ നെയ്‌തെടുത്തു.
മലയാളത്തില്‍ പേരെടുത്ത എല്ലാ കലാകാരന്മാരുടെയും കൂടെ അഭിനയിക്കാനും ഒരുപാടു പേരെ പരിചയപ്പെടാനും അവസരവും ഭാഗ്യവും ഒത്തുവന്ന ആയിഷാത്ത കൂടെയുണ്ടായിരുന്നവരെ കുറിച്ച് പറയുമ്പോള്‍ അഭിമാനം കൊണ്ടു.
വര്‍ഷങ്ങള്‍ക്കു ശേഷം നാടകങ്ങള്‍ക്കിടയിലും 'അമ്മക്കിളിക്കൂട്' എന്ന സിനിമയിലൂടെ വീണ്ടും അഭിനയത്തിലേക്ക് തിരിച്ചു വന്ന ആയിഷാത്ത ജീവിതത്തിലും അഭിനയത്തിലും പലവേഷങ്ങള്‍ ചെയ്യേണ്ടിവന്ന തിക്താനുഭവങ്ങളിലൂടെ പുതുതലമുറക്ക് പ്രചോദനമേകിക്കൊണ്ട് ഇപ്പോഴും അഭിനയത്തിന്റെ പടവുകള്‍ ചവിട്ടിക്കയറാനുള്ള മോഹത്തില്‍ ഇനിയും അഭിനയിച്ചു തീര്‍ന്നിട്ടില്ലാത്ത അഭിനയമോഹങ്ങള്‍ പങ്കുവെക്കുന്നു.
1. ആദ്യമായാണ് സംസ്ഥാന അവാര്‍ഡ് ലഭിക്കുന്നത.് ഊമക്കുയില്‍ പാടുമ്പോള്‍ എന്ന സിനിമയില്‍ അഭിനയിച്ചപ്പോള്‍ അവാര്‍ഡ് കിട്ടുമെന്ന പ്രതീക്ഷയുണ്ടായിരുന്നോ? അവാര്‍ഡ് ലഭിച്ചപ്പോള്‍ എന്തു തോന്നുന്നു?
എനിക്ക് സിനിമ അഭിനയത്തിന് ആദ്യമായാണ് സംസ്ഥാന അവാര്‍ഡ് കിട്ടുന്നത്. നാടകങ്ങള്‍ക്ക് ഒരുപാട് അവാര്‍ഡുകള്‍ കിട്ടിയിട്ടുണ്ടെങ്കിലും സിനിമക്ക് ഇത് ആദ്യമായാണ്. അതിന്റെ സന്തോഷം വളരെ വലുതാണ്. എന്റെ അഭിനയത്തിനുള്ള മഹത്തായ ഒരു അംഗീകാരമായാണ് ഞാനിതിനെ കാണുന്നത്.
അവാര്‍ഡ് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. അവാര്‍ഡ് കിട്ടി എന്നറിഞ്ഞപ്പോള്‍ ആദ്യം വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ചിത്രത്തിന് അവാര്‍ഡ് ലഭിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. അതുപോലെ അതില്‍ അഭിനയിച്ച പെണ്‍കുട്ടിക്കും.
2. കലാരംഗത്തേക്ക് വരുന്നതിന് കരുത്തു നല്‍കിയ വല്യുമ്മയുടെ കഥാപാത്രമാണ് ഊമക്കുയിലില്‍ എന്നു പറഞ്ഞു. എന്തായിരുന്നു വല്യുമ്മയുടെ സമീപനം? ഏതു രൂപത്തിലുള്ളതായിരുന്നു കഥാപാത്രം?
ഒരു പതിമൂന്ന് വയസ്സുകാരിയായ പെണ്‍കുട്ടിയാണ് നായിക. ആ പെണ്‍കുട്ടിയുടെ കലാ-സാഹിത്യ താല്‍പര്യത്തിന് തടസ്സം നില്‍ക്കുന്ന മാതാപിതാക്കള്‍. അവളെ പഠിപ്പിക്കാനും ഡോക്ടറാക്കാനും കഷ്ടപ്പെടുന്ന പിതാവും അതിനായി ബാങ്കില്‍ കാശ് നിക്ഷേപിക്കുന്ന മാതാവും. അവളുടെ പഠനത്തിന്റെ ഉന്നതിക്കായി മലയാളം മീഡിയത്തില്‍ നിന്നും ഇംഗ്ലീഷ് മീഡിയത്തിലേക്ക് മാറ്റിച്ചേര്‍ത്തുന്നു അവളുടെ നിസ്സഹായാവസ്ഥയില്‍ ആ പെണ്‍കുട്ടിയുടെ ആഗ്രഹങ്ങള്‍ക്ക് കൂട്ടു നില്‍ക്കുന്നതും അവളെ പ്രോത്സാഹിപ്പിക്കുന്നതും വല്യുമ്മയാണ്. ആ വല്യുമ്മയുടെ കഥാപാത്രമാണ് ഞാന്‍ ചെയ്തത്.
3. ആദ്യമായി അഭിനയ രംഗത്തേക്കു വരാനുണ്ടായ സാഹചര്യം? അതിനെ സമുദായവും കുടുംബവും എങ്ങനെ നേരിട്ടു?
മുസല്‍മാന് വിദ്യാഭ്യാസം തീരെ പാടില്ല എന്ന് പറയുന്ന, അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നടമാടിക്കൊണ്ടിരിക്കുന്ന കാലമായിരുന്നു അത്. വിദ്യാഭ്യാസം അനിവാര്യമാണെന്ന് ബോധ്യപ്പെടുത്താനും ജന്മിത്വത്തിനും മുസ്‌ലിം സമുദായത്തിലെ അന്ധവിശ്വാസങ്ങള്‍ക്കും എതിരായി പ്രവര്‍ത്തിക്കാനും നിലകൊണ്ടിരുന്ന നാടക ട്രൂപ്പിലൂടെയാണ് ഞാന്‍ അഭിനയരംഗത്തേക്ക് വന്നത്.
അന്ന് സമുദായം അതിന് വളരെ ഭീകരമായ മുഖഛായയാണ് നല്‍കിയിരുന്നത്. അടിയും ഇടിയുമൊക്കെ ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്. അപ്പോഴൊക്കെ കുടുംബത്തിന്റെ നല്ല പ്രചോദനമുണ്ടായിരുന്നു. രണ്ട് സഹോദരന്മാര്‍ എപ്പോഴും എന്റെ കൂടെ ഉണ്ടാകുമായിരുന്നു.
4. കലാ രംഗത്തെ മറക്കാനാവാത്ത ജീവിതാനുഭവങ്ങള്‍?
ഏറ്റവും മറക്കാന്‍ കഴിയാത്തത് മണ്ണാര്‍ക്കാട് നാടകം കളിക്കാന്‍ പോയപ്പോള്‍ ഒരു കുട്ടിയെ നാടകം പഠിപ്പിച്ചു എന്ന പേരില്‍ ഒരാള് വന്നിട്ട് എന്റെ ചെവിടടക്കി തന്ന അടിയായിരുന്നു. അതേറ്റപ്പോള്‍ കണ്ണില്‍ നിന്നും പൊന്നീച്ച പാറി. അന്ന് പ്രായം പതിനാറ്. പക്ഷെ ഇന്ന് എഴുപത്തിയാറ് വയസ്സായപ്പോഴേക്കും ആ ചെവിയുടെ കേള്‍വിശക്തി നന്നെ കുറഞ്ഞു.
പിന്നൊരിക്കല്‍ മഞ്ചേരി മേലാക്കത്ത് നാടകം കളിച്ചുകൊണ്ടിരിക്കുമ്പോള്‍ വെടിയുണ്ട എന്റെ നേരെ ചീറിവന്നു. ഡയലോഗ് പറഞ്ഞുകൊണ്ട് ഞാന്‍ മാറിയപ്പോള്‍ വെടിയുണ്ട സ്റ്റേജില്‍ ചെന്ന് തറച്ചു.
സന്തോഷമുള്ള അനുഭവങ്ങളുമുണ്ട്. ഇരിട്ടിയില്‍ നാടകം കളിക്കാന്‍ പോയപ്പോള്‍ 'കേരളത്തിന്റെ വീരപുത്രി' എന്ന സ്വര്‍ണമെഡല്‍ കിട്ടി. പിന്നെ പല സ്ഥലങ്ങളില്‍ ചെല്ലുമ്പോഴും 'കേരളത്തിന്റെ നൂര്‍ജഹാന്‍' ഇതാ എത്തിക്കഴിഞ്ഞു എന്ന് വിളിച്ചു പറയുന്നത് കേട്ടിട്ടുണ്ട്. ചിലയിടത്ത് 'മുസ്‌ലിം വനിത നാടകത്തിലേക്കല്ല, നരകത്തിലേക്ക്' എന്ന മുദ്രാവാക്യം ഉയരും. അതൊക്കെ അന്ന് ഒരു ആവേശമായിരുന്നു. നമ്മെ അനുകൂലിക്കാനും വിമര്‍ശിക്കാനും കുറേ ആളുകളുണ്ടല്ലോ എന്ന സന്തോഷവും.
5. ഇടക്ക് അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കാന്‍ കാരണം?
കെ.ടി. മുഹമ്മദിന്റെ ട്രൂപ്പില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു ഞാന്‍. അവിടെ വെച്ച് പെട്ടെന്ന് ഒരു ദിവസം അദ്ദേഹം പറയുകയാണ്, ഇതുവരെ സഹകരിച്ചതിന് നന്ദി, ഇനി മുതല്‍ നിങ്ങളുടെ സഹകരണം ഞങ്ങള്‍ക്ക് ആവശ്യമില്ല. രാവിലെ നാടകത്തിന് പോവാനായി ഒരുങ്ങിയിരിക്കുകയായിരുന്നു. അതു കേട്ടപ്പോള്‍ ഞെട്ടിപ്പോയി. അങ്ങനെ ആ നാടകം ഒഴിവാക്കി.
പുരോഗമന ആശയക്കാരനായ കെ.ടി. മുഹമ്മദിന്റെ ട്രൂപ്പില്‍ നിന്ന് ഇങ്ങനെ പറഞ്ഞപ്പോള്‍ ഞാനിതുവരെ ചെയ്തതൊക്കെ തെറ്റായിരുന്നോ എന്ന് എനിക്ക് തോന്നിപ്പോയി.
അതുവരെ പിടിച്ചുനിന്നിട്ടും നാടകത്തിലൂടെ ഒന്നും സമ്പാദിക്കാന്‍ കഴിഞ്ഞിട്ടില്ലായിരുന്നു. അതിനാല്‍ ജീവിക്കാന്‍ ആ പ്രതിസന്ധിഘട്ടത്തില്‍ എനിക്ക് മറ്റൊരു മാര്‍ഗ്ഗം കണ്ടെത്തേണ്ടത് അത്യന്താപേക്ഷിതമായിരുന്നു. അങ്ങനെയാണ് ഗള്‍ഫിലേക്ക് പോവുന്നത്, അതും ഗദ്ദാമയാണെണ് അറിഞ്ഞു കൊണ്ടു തന്നെയാണ് പോയത്.
മൂന്ന് മാസത്തെ ഗദ്ദാമ ജോലി ചെയ്തപ്പോള്‍ അവിടത്തെ മാമയെ (ഉമ്മയെ) നോക്കുകയും ആശുപത്രിയില്‍ കൊണ്ടുപോവുകയും ചെയ്യുന്നത് മാത്രമായി എനിക്കവിടെ ജോലിക്കയറ്റം കിട്ടി. അത്ര നല്ല അറബിയെ ഈ ഗള്‍ഫ് നാട്ടില്‍ മറ്റാര്‍ക്കും കിട്ടിയിട്ടുണ്ടാവില്ല എന്നതായിരുന്നു എന്റെ ഭാഗ്യം. കുറഞ്ഞ നാള്‍ കൊണ്ട് അവിടത്തെ ഭാഷ മനസ്സിലാക്കാനും അവരുടെ പ്രിയപ്പെട്ടവളാകാനും എനിക്കു കഴിഞ്ഞു... അങ്ങനെ പത്തൊമ്പത് വര്‍ഷത്തോളം ഞാനവിടെ താമസിച്ചു.
രണ്ടാം വരവിനു പിന്നില്‍?
ഗള്‍ഫില്‍ നിന്നും തിരിച്ചു വന്നതിനുശേഷം നിലമ്പൂര്‍ ബാലന്റെ ഡെത്ത് ആനിവേഴ്‌സറി നടക്കുകയാണ്. അന്ന് അദ്ദേഹത്തിന്റെ മകന്‍ പറഞ്ഞു: 'നിങ്ങള്‍ വരണം, സംസാരിക്കണം. നിങ്ങള്‍ക്ക് ഒരു അവാര്‍ഡ് ഞങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്.' അങ്ങനെ ആ അവാര്‍ഡ് ഏറ്റുവാങ്ങിയപ്പോള്‍ ഞാന്‍ കഷ്ടപ്പെട്ടതെല്ലാം പറഞ്ഞു. അപ്പോഴാണ് ഇബ്രാഹിം വെങ്ങര നാടകത്തിനോടും നാടകസമിതിയോടും മറ്റും എതിര്‍പ്പില്ലെങ്കില്‍ എന്റെ ഒരു നാടകസമിതിയുണ്ട്. അതില്‍ അഭിനയിക്കാന്‍ വരണം എന്ന് പറയുന്നത്.
മൂന്ന് മാസം ഞാന്‍ മറുപടി കൊടുത്തില്ല. കാരണം എനിക്ക് നാടകത്തോട് അത്രമാത്രം വെറുപ്പ് വന്നിരുന്നു. പിന്നെ നാലാം മാസമായപ്പോഴേക്കും നാട്ടില്‍ ജീവിക്കാന്‍ ഒരു മാര്‍ഗ്ഗവുമില്ലാതായി. ജീവിതം കഴിഞ്ഞു കൂടണ്ടെ. അപ്പൊ എനിക്ക് തോന്നി, എന്തുകൊണ്ട് നാടകത്തില്‍ അഭിനയിച്ചുകൂടാ എന്ന്. അങ്ങനെയാണ് വീണ്ടും ഞാന്‍ നാടകത്തിലേക്ക് വരുന്നത്.
6. മുസ്‌ലിം സ്ത്രീയെന്ന നിലയില്‍ എങ്ങനെയാണ് ഈ മേഖല നോക്കിക്കാണുന്നത്?
മുസ്‌ലിം സ്ത്രീ എന്ന നിലയില്‍ വളരെ നല്ല അഭിപ്രായമാണ് എനിക്കീ മേഖലയെ കുറിച്ച് പറയാനുള്ളത്. കാരണം, ഒരുപാട് ആളുകളെ മാറ്റാന്‍ കഴിഞ്ഞിട്ടുണ്ട്. മുസ്‌ലിം സ്ത്രീകളുടെ വിദ്യാഭ്യാസരംഗത്തെ മുന്നേറ്റം ഏറെ ആശ്വാസം നല്‍കുന്നു.
കലാരംഗത്തെ നല്ല പ്രകടനം കൊണ്ടാണ് ഞാന്‍ മുന്നേറിയിട്ടുള്ളത്. എനിക്ക് അഞ്ചുവരെ പഠിക്കാനുള്ള ഭാഗ്യമേയുണ്ടായിരുന്നുള്ളൂ. വളര്‍ന്നു വരുന്ന യുവതലമുറക്ക് വിദ്യാഭ്യാസം കൊടുക്കാന്‍ കഴിഞ്ഞു എന്നുള്ളതാണ് ഞങ്ങളുടെ നേട്ടം. നാടകപ്രസ്ഥാനത്തിലൂടെ ഒരുപാട് പ്രവര്‍ത്തിച്ചിട്ടാണ് ഞങ്ങള്‍ക്കത് നേടിയെടുക്കാന്‍ കഴിഞ്ഞിട്ടുള്ളത്. ഇപ്പോള്‍ വളരെയധികം സന്തോഷമാണ് അക്കാര്യത്തില്‍.
താങ്കള്‍ ഈ രംഗത്തേക്കു വരുമ്പോള്‍ സമുദായം ദൃശ്യ- ശ്രാവ്യ മേഖലകളിലെ സാധ്യതകളോട്് ഒരടഞ്ഞ സമീപനമായിരുന്നു സ്വീകരിച്ചിരുന്നത്. ഇന്നത് ഏറെക്കുറെ മാറിയിട്ടുണ്ട്. ഈ മാറ്റത്തെ എങ്ങനെ വിലയിരുത്തുന്നു.
തീര്‍ച്ചയായും അന്നത്തെ അപേക്ഷിച്ച് ഇന്നത്തെ ആളുകള്‍ക്ക് കലയോടുള്ള സമീപനത്തില്‍ വളരെയധികം മാറ്റം വന്നിട്ടുണ്ടെങ്കിലും ഇന്നും നാടകം എന്നു പറഞ്ഞാല്‍ ചിലര്‍ക്ക് ഒരു മടുപ്പാണ്. എല്ലാ രംഗങ്ങളിലും മേഖലകളിലും ഇന്ന് മുസ്‌ലിം സമുദായത്തിലുള്ളവരുണ്ട്. മുസ്‌ലിം സമുദായത്തിലുള്ള സ്ത്രീകളുണ്ട്. അതിനൊന്നും ഇന്ന് എതിര്‍പ്പില്ല. കലയോടുള്ള എതിര്‍പ്പുകള്‍ കാരണം നാടകത്തിലേക്കും ആളുകള്‍ തീരെ വരില്ല. വന്നവര്‍ക്കു തന്നെ തീരെ പിടിച്ചുനില്‍ക്കാന്‍ പറ്റാത്തവരുമുണ്ട്. എന്നാല്‍ നാട് നന്നാക്കാന്‍ നാടകം തന്നെയാണ് ഏറ്റവും നല്ല മാര്‍ഗ്ഗം.
7. കലാ രംഗത്തെ അടുപ്പവും പരിചയവും കൂടുതല്‍ ആരോടാണ്?
കൂടുതല്‍ പേരുണ്ട്. എന്നാലും ഇപ്പോഴും കൂടുതല്‍ അടുപ്പമുള്ളതും കടപ്പാടുകളുള്ളതും നിലമ്പൂര്‍ ബാലന്റെ കുടുംബത്തോടാണ്.
കലയോടുള്ള സമീപനത്തില്‍ ആദ്യകാല കലാകാരന്മാരില്‍ നിന്നും എന്ത് വ്യത്യസ്തതയാണ് പുതുതലമുറയില്‍ കാണുന്നത്?
ആദ്യകാലത്ത് നമുക്ക് അഭിനയത്തിന് കാശ് ചോദിച്ച് വാങ്ങിക്കൊണ്ട് വില പറയലായിരുന്നു. പക്ഷെ, ഇന്ന് അതല്ല. ഇന്ന് നന്നായി വില പേശിക്കൊണ്ടു തന്നെയാണ് അഭിനയിക്കാനൊരുങ്ങുന്നത്. ആ ഒരു വലിയ വ്യത്യാസമുണ്ട്.
8. സ്വാധീനം ചെലുത്തിയ വ്യക്തി.?
തീര്‍ച്ചയായും ഡോ. ഉസ്മാന്റെ ഒരു സ്വാധീനമുണ്ടായിരുന്നു. അതുപോലെ കുഞ്ഞുക്കുട്ടന്‍ തമ്പുരാനും മറ്റു പലരും സ്വാധീനിച്ചിട്ടുണ്ട്.

Monday, October 1, 2012
ബ്ലോഗെഴുത്തില്‍ സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കുന്നവര്‍ 
മാരിയത്ത്. സി.എച്ച്‌
ങ്ങിങ്ങ് ഉയര്‍ന്നുതുടങ്ങിയ പ്രധാനപ്പെട്ട ചില ബ്ലോഗെഴുത്തുകളെ കുറിച്ചും എഴുത്തുകാരെ കുറിച്ചും അറിഞ്ഞ് തുടങ്ങിയിട്ടും കുറേ നാള്‍ കാത്തിരിക്കേണ്ടി വന്നു ബ്ലോഗില്‍ എഴുത്തിന് എന്റെ ഹരിശ്രീ കുറിക്കാന്‍...
കമ്പ്യൂട്ടറും നെറ്റും സംഘടിപ്പിച്ച് ബ്ലോഗിന്റെ വിശാലതയിലേക്ക് അതിന്റെ സാധ്യതകളും ഭാഷയും മനസ്സിലാക്കി എഴുത്തില്‍ ഒരു തുടക്കക്കാരിയുടെ എല്ലാ അങ്കലാപ്പോടും കൂടി അനേകായിരം ബ്ലോഗെഴുത്തുകാരുടെ ഇടയിലേക്ക് അംഗമായിത്തീര്‍ന്നപ്പോള്‍ കുറേ നാളത്തെ ഒരാഗ്രഹം സാധിച്ചതില്‍ പറഞ്ഞറിയിക്കാന്‍ കഴിയാത്തൊരു സന്തോഷമായിരുന്നു.
എന്തെഴുതണം, എങ്ങനെ എഴുതണം എന്നൊന്നും ഒരു രൂപമില്ലാതെ നേരത്തെ കുറിച്ചു വെച്ച ചിലതുകള്‍ കുറിച്ച് ആദ്യമായി ബ്ലോഗിലൊരു പോസ്റ്റിട്ടപ്പോള്‍ മുതല്‍ ആകാംക്ഷയുടെ മുള്‍മുനയില്‍ കാത്തിരിക്കാന്‍ തുടങ്ങി. ഒരു കമന്റിനു വേണ്ടി...! അതാണ് ബ്ലോഗെഴുത്തിന്റെ തുടക്കം.
ഒരു കമന്റുകളും കിട്ടാത്ത എന്റെ പോസ്റ്റ് ദിവസങ്ങളോളം അനാഥമായി കിടന്നു... നമ്മള്‍ എഴുതി പോസ്റ്റിട്ടത് മറ്റുള്ളവരിലേക്ക് എത്തിച്ചു കൊടുക്കേണ്ട സാധ്യതകള്‍ മനസ്സിലായത് പിന്നെയും കുറേ നാള്‍ കഴിഞ്ഞാണ്... നല്ല എഴുത്തിന് ജീവന്‍ നല്‍കുന്ന ഊര്‍ജമായിരുന്നു അതിനെ പ്രോത്സാഹിപ്പിക്കുന്ന കമന്റുകള്‍.
ബ്ലോഗില്‍ പോസ്റ്റിട്ട സൃഷ്ടികള്‍ക്ക് അധികം വൈകാതെ അഭിപ്രായങ്ങളോടെ സന്ദര്‍ശകരും പിന്തുടര്‍ച്ചക്കാരും വന്നു തുടങ്ങിയപ്പോള്‍ ചെറുതായി എന്തെങ്കിലുമൊക്കെ എഴുതാനാവുന്നുണ്ടെന്ന ധൈര്യം വന്നു. കമന്റുകളിലൂടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും വന്നപ്പോള്‍ എന്തെങ്കിലും എഴുതണമെന്ന പ്രേരണയില്‍ ബ്ലോഗിലിടുന്ന പോസ്റ്റിന്റെ നിലവാരം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളായിരുന്നു പിന്നീടുള്ള എഴുത്തുകള്‍.
സാഹിത്യരംഗത്ത് അറിയപ്പെടുന്ന എഴുത്തുകാരെയും വായനക്കാരെയും അപേക്ഷിച്ച് സാധാരണക്കാരുടെ ഇടയിലേക്ക് എഴുത്തിന്റെയും വായനയുടെയും വലിയൊരു ലോകമൊരുക്കാന്‍ ബ്ലോഗിന് കഴിയുന്നുണ്ട്. പുറംലോകവുമായി കൂടുതല്‍ ബന്ധമില്ലാത്ത വീട്ടമ്മമാര്‍ക്കും അതിലുപരി വീട്ടിനുള്ളില്‍ തന്നെ പല സാഹചര്യങ്ങളാലും മറ്റു വിഷമങ്ങളാലും ഒതുങ്ങി കൂടിയവര്‍ക്കും ബ്ലോഗിലെ എഴുത്തും വായനയും വലിയൊരു ആശ്വാസമാണ്.
തെരഞ്ഞെടുത്ത ചില ബ്ലോഗിന്റെ വായന വ്യത്യസ്തമായ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്നു. കഥകള്‍, കവിതകള്‍, അനുഭവങ്ങള്‍, ചിന്തകള്‍, നര്‍മ്മം എന്നിവക്കു പുറമെ സാമൂഹികം, രാഷ്ട്രീയം, സമകാലികം തുടങ്ങിയ ജീവിതത്തിന്റെ വ്യത്യസ്ത മേഖലകള്‍ കൈകാര്യം ചെയ്യുന്ന ബ്ലോഗ് വായനയുടെയും കാഴ്ചയുടെയും പരിധിക്കപ്പുറം നില്‍ക്കുന്നു. സാധാരണക്കാരന്റെ ഉള്ളിലെ ചിന്തകള്‍ക്കും പ്രതികരണങ്ങള്‍ക്കും ബ്ലോഗിന്റെ വിശാലത എളുപ്പത്തില്‍ കൈകാര്യം ചെയ്യാവുന്ന ആശയവിനിമയത്തിന് അവസരമൊരുക്കുന്നു....
സ്ത്രീ-പുരുഷ ഭേദമന്യേ ചിന്തകളെയും സങ്കല്‍പ്പങ്ങളെയും വിശ്വസാഹിത്യത്തിന്റെ മേമ്പൊടിയില്ലാതെ, മുഖ്യധാരാ പ്രസിദ്ധീകരണങ്ങളുടെ മേല്‍ക്കോയ്മകളില്ലാതെ, മനസ്സിലുള്ള ആശയങ്ങളും, അറിഞ്ഞതും അറിയാനുള്ളതും തങ്ങള്‍ക്ക് പറയാനുള്ളതുമെല്ലാം മറ്റുള്ളവരുമായി പങ്കിടാനുള്ള വേദിയാണ് ബ്ലോഗ്.
തുടര്‍ച്ചയായി എഴുതിക്കൊണ്ടിരിക്കുന്നവര്‍ക്ക് ഇടക്ക് ചെറിയ ഒരിടവേള വന്നാലും വീണ്ടും എന്തെങ്കിലും എഴുതണം എന്നത് ജീവിതത്തിന്റെ ഒരു നിര്‍ബന്ധ ശീലമാക്കി ക്കഴിഞ്ഞു ബ്ലോഗെഴുത്ത്...
പല കാരണങ്ങളാലും മറ്റു പ്രസിദ്ധീകരണങ്ങളില്‍ പ്രസിദ്ധികരിക്കപ്പെടാതെ പോയ സൃഷ്ടികളുടെ അകാലമൃത്യുവില്‍ നിന്നുള്ള പുനര്‍സൃഷ്ടികളായിരിക്കും ഒരു സാധാ ബ്ലോഗ് പോസ്റ്റ്. എന്തും തുറന്നു പറയാനുള്ള ചങ്കുറപ്പോടെ വെട്ടിത്തുറന്നു കാണിക്കുന്ന ചില ബ്ലോഗ് പോസ്റ്റുകളും അവയിലെ നിത്യ സന്ദര്‍ശകരായ വായനക്കാരുടെയും പിന്തുടര്‍ച്ചക്കാരുടെയും വളരെയധികം പ്രാധാന്യമര്‍ഹിക്കുന്ന അഭിപ്രായങ്ങളും നിര്‍ദേശങ്ങളും വിമര്‍ശനങ്ങളും കണ്ടാല്‍ മറ്റുള്ള വായനാപ്രസിദ്ധീകരണങ്ങളുടെ തലങ്ങള്‍ക്കപ്പുറത്തേക്ക് സ്വദേശങ്ങളിലും വിദേശങ്ങളിലും ഒരുപോലെ വായിക്കപ്പെടുന്ന വലിയ മാധ്യമമായി ബ്ലോഗെഴുത്തും അംഗീകരിക്കപ്പെട്ടിരിക്കുന്നു എന്ന് മനസ്സിലാക്കാന്‍ കഴിയും.
വായന ഇല്ലാതായിക്കൊണ്ടിരിക്കുന്നു എന്ന് വിലപിക്കുന്ന അവസരത്തിലും 'ഈ' വായന ബ്ലോഗെഴുത്തിന്റെയും മറ്റും രൂപത്തില്‍ ഓരോ സെക്കന്റിലും അപ്‌ഡേറ്റ് ചെയ്തുകൊണ്ടിരിക്കുന്നു. അത് വളരെ എളുപ്പത്തില്‍ എത്രയോ പേര്‍ വായിച്ചുകൊണ്ടിരിക്കുന്നു. ഒടുവില്‍ ചില ബ്ലോഗെഴുത്തുകാരുടെ സൃഷ്ടികള്‍ ആത്മസാക്ഷാത്കാരമായി പുസ്തകരൂപം കൈവന്നിട്ടുള്ളത് വായനയുടെയും എഴുത്തിന്റെയും പൂതിയ കാഴ്ചപ്പാടുകളുടെ വലിയൊരു മുന്നേറ്റം തന്നെയാണ്.
ബ്ലോഗെഴുത്തും വായനയും അതര്‍ഹിക്കുന്ന മറ്റൊരു നല്ല സൗഹൃദത്തിലേക്ക് സ്‌നേഹബന്ധങ്ങളെ ഉയര്‍ത്തുന്നുണ്ട്. ഒന്നും ചെയ്യാനില്ലാതെ ജീവിതം മടുപ്പോടെ തള്ളിനീക്കുന്നവരുടെ ഇടയില്‍ അവനവന് മറ്റുള്ളവര്‍ക്കു വേണ്ടി ചെയ്യാന്‍ കഴിയുന്ന, അതും തങ്ങളിലെന്തെങ്കിലുമുണ്ടെന്ന് ഒന്നും അവകാശപ്പെടാനില്ലാത്ത ആത്മവിശ്വാസത്തിന്റെ പ്രതീകങ്ങളായ ചിലര്‍ നമുക്കിടയിലുണ്ട്. വീടിന്റെ അകത്തളങ്ങളിലിരുന്ന് പുറംലോകത്തിന്റെ സ്പന്ദനങ്ങളറിഞ്ഞ് കാര്യങ്ങള്‍ നിയന്ത്രിച്ച് വേണ്ടത് വേണ്ടുന്ന വിധത്തില്‍ കൊണ്ടുപോവാന്‍ അവര്‍ക്ക് കഴിയുന്നു. നന്മയുടെ, സാന്ത്വനത്തിന്റെ തലോടലായി സ്‌നേഹത്തിന്റെ തണലായി ഇത്തിരിയെങ്കിലും കാരുണ്യമേകാന്‍ ഇതുപോലുള്ള ബ്ലോഗുകളിലൂടെയും സൈറ്റുകളിലൂടെയും അവര്‍ക്ക് കഴിയുന്നുണ്ട്.... ഇതിലൂടെ കൂട്ടുകൂടുന്നവര്‍ ഒത്തൊരുമിക്കുന്ന സ്‌നേഹക്കൂട്ടായ്മകളും സംഘടനകളും സംഗമങ്ങളും അതിലൂടെ ഉണ്ടാകുന്ന ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ എത്രയോ പേര്‍ക്ക് സഹായങ്ങളായിട്ടുണ്ട്.
ഹാറൂണ്‍ സാഹിബിന്റെ 'ഒരു നുറുങ്ങ് http:// haroontp.blogspot.in/' എന്ന ബ്ലോഗ് വീടിന്റെ ടെറസില്‍ നിന്നും വീണ് അരക്കു താഴെ തളര്‍ന്നു കിടന്ന അവസ്ഥയില്‍ സമയം കളയാന്‍ വേണ്ടി ഉപയോഗിച്ചു തുടങ്ങിയതായിരുന്നു. ബ്ലോഗിലൂടെ കുറേ ആളുകളുമായി പരിചയപ്പെടാനും പരിചയപ്പെട്ടവരില്‍ ആരും അറിയാതെ ഒറ്റപ്പെട്ട് കഴിഞ്ഞുകൂടുന്ന ചിലരെ പുറം ലോകത്തിനു പരിചയപ്പെടുത്താനും അവര്‍ക്കു വേണ്ട സഹായങ്ങള്‍ ചെയ്തു കൊടുക്കാനും അദ്ദേഹത്തിന് ബ്ലോഗിലൂടെ സാധിച്ചിട്ടുണ്ട്. ഇതിനെ കുറിച്ച് പറയുമ്പോള്‍ ഹാറൂണ്‍ സാഹിബിന് നൂറ് നാവാണ്... ''ഇതിലൂടെ അര്‍ഹരായ കുറേ ആളുകള്‍ക്കു വേണ്ടി എന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞു എന്നുള്ളതില്‍ വളരെയധികം ചാരിതാര്‍ഥ്യം തോന്നിയിട്ടുണ്ട്. ഈ അവസ്ഥയില്‍ വീടിനകത്തിരുന്നു കൊണ്ട് മറ്റുള്ളവര്‍ക്കു വേണ്ടി ആശ്വാസകരമായ കാര്യങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞിട്ടുള്ളതിലുള്ള മാനസിക സംതൃപ്തി വളരെ വലുതാണ്...''
അസ്ഥികളിലെ സഹിക്കാനാവാത്ത വേദനയില്‍ നടക്കാന്‍ പ്രയാസമനുഭവിക്കുന്ന കണ്ണൂരിലെ ശാന്ത ടീച്ചര്‍ ശാന്ത കാവുമ്പായി 'മോഹപ്പക്ഷി http://santhatv.blogspot.in/' എന്ന തന്റെ ബ്ലോഗെഴുത്തിനെ കുറിച്ച് പറഞ്ഞപ്പോള്‍ തന്നെ ആവേശത്തോടെ വാചാലയായി... ''ഞാനൊരു എഴുത്തുകാരിയായത് ബ്ലോഗ് വഴിയാണ്... എന്റെ എഴുത്ത് പുറം ലോകത്ത് അറിയപ്പെട്ടതും അംഗീകരിച്ചതും ബ്ലോഗിലൂടെയാണ്... നമുക്ക് ഏറ്റവും സത്യസന്ധമായി എഴുതാനും പ്രസിദ്ധീകരിക്കാനും അതിലൂടെ അങ്ങോട്ടും ഇങ്ങോട്ടും പ്രതികരിക്കാനും എളുപ്പത്തില്‍ സാധിക്കും... പത്രത്തേക്കാള്‍ നെറ്റ് കണക്ഷന്‍ വഴി ലോകത്തെവിടെയുമുള്ളവരുമായി ഏത് സമയത്തും കാര്യങ്ങള്‍ വിനിമയം ചെയ്യാന്‍ കഴിയുന്നുണ്ട്.'' ബ്ലോഗെഴുത്തിന്റെ ആത്മവിശ്വാസത്തോടെ ശാന്ത ടീച്ചറുടെ രണ്ട് പുസ്തകങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്. മോഹപ്പക്ഷി (കവിതാ സമാഹാരം- കൈരളി ബുക്‌സ്), കാവുമ്പായിയിലെ അങ്ങേമ്മ (ലിഖിതം ബുക്‌സ് കണ്ണൂര്‍).
പ്രീത കുടവൂര്‍ 'പ്രവാഹിനി. http://pravaahiny.blogspot.in/' തളരാത്ത മനസ്സുമായി കാലത്തിനൊപ്പം പ്രവഹിക്കുന്നവള്‍. ഒമ്പതാം ക്ലാസ്സില്‍ പഠിക്കുന്ന സമയത്ത് നട്ടെല്ലില്‍ ഒരു മുഴ വന്ന് ഓപ്പറേഷന്‍ കഴിഞ്ഞതാണ്. 2000 ഡിസംബര്‍ ആയപ്പോഴാണ് പൂര്‍ണമായി നടക്കാന്‍ കഴിയാതെയാവുന്നത്. സ്‌കോയിലോസിസ് (നട്ടെല്ലിന് ഉണ്ടാകുന്ന ഒരുതരം വളവ്), പാരാപ്ലീജിയ എന്നീ രണ്ടു രോഗങ്ങളാണ് പ്രീതയെ തളര്‍ത്തിയത്. ഇപ്പോള്‍ ചികിത്സയുടെയും പ്രാര്‍ഥനകളുടെയും ഫലമായി ഒറ്റക്ക് എഴുന്നേറ്റിരിക്കാനും വീല്‍ചെയറിലേക്ക് നീങ്ങിയിരിക്കാനും കഴിയുന്നുണ്ട്.
''മനസ്സില്‍ തോന്നുന്നതൊക്കെ എഴുതിയിടാന്‍ സൗകര്യമുള്ളത് ബ്ലോഗിലൂടെയാണ്. മറ്റുള്ളതിലൊക്കെ എഴുതാനും പറയാനും ഒരു പരിധിയുണ്ട്. എഴുതിയത് മറ്റുള്ളവര്‍ വായിക്കുന്നുണ്ടോ കമന്റുകളിടുന്നുണ്ടോ എന്നുള്ളതിലല്ല... നമ്മുടെ മനസ്സില്‍ തോന്നുന്നതെന്തും ബ്ലോഗില്‍ എഴുതിയിടുന്നതിലുള്ള സന്തോഷം തന്നെയാണ് ഏറ്റവും വലിയ കാര്യം. അതിനു പുറമെ വീട്ടിലിരുന്ന് ചെയ്യുന്ന മുത്തുമാല, കമ്മല്‍ തുടങ്ങിയ ക്രാഫ്റ്റ് വര്‍ക്കുകളും ഗ്ലാസ് പെയിന്റിങ്ങുകളും ചിത്രങ്ങളും ബ്ലോഗിലൂടെ പുറംലോകത്തെ കാണിക്കാനും വില്‍പന നടത്താനും സാധിക്കുന്നുണ്ട്. ബ്ലോഗിലൂടെയും ഫേസ്ബുക്കിലൂടെയും ഒത്തിരി സുഹൃത്തുക്കളെ കിട്ടി. ഫേസ്ബുക്കിലെ കൂട്ടുകാര്‍ ഒരു കൂട്ടായ്മയില്‍ വെച്ച് തന്നതാണ് എന്റെ കമ്പ്യൂട്ടര്‍. എന്റെ അടുത്തുള്ള മിക്കസാധനങ്ങളും- പ്രിന്റര്‍, സ്‌കാനര്‍, സ്പീക്കര്‍, യുപിഎസ്... ഇതെല്ലാം ഇതുപോലെ കിട്ടിയ സംഭാവനകളാണ്.'' സന്തോഷവാക്കുകളില്‍ എല്ലാവരോടുമുള്ള നന്ദി പ്രീതയുടെ സ്വരത്തില്‍ നിറഞ്ഞു.
യുവത്വത്തിന്റെ പടിവാതില്‍ക്കല്‍ വെച്ച് കാലുകള്‍ തളര്‍ന്ന് വീല്‍ചെയറിലേക്ക് അമര്‍ന്നുപോയവന്‍. എങ്കിലും അവന്‍ ചിരിക്കുന്നു. ചിന്തിക്കുന്നു. ഉത്സാഹഭരിതനാകുന്നു. പക്ഷെ, അനുഭവങ്ങളുടെയും യാഥാര്‍ഥ്യങ്ങളുടെയും തീക്ഷ്ണാനുഭവങ്ങള്‍ പലപ്പോഴും കടുകുമണിക്കുള്ളിലേക്ക് ഉള്‍വലിയാന്‍ പ്രേരണയായിട്ടുണ്ട്. അപ്പോഴൊക്കെയും ''നീ നിന്നെക്കാള്‍ താഴ്ന്നവരിലേക്ക് നോക്കൂ'' എന്ന പ്രവാചകവചനം മുറുകെ പിടിച്ച് മുന്നോട്ടുള്ള സഞ്ചാരപഥത്തിന് വെളിച്ചം പകര്‍ന്നു. ഏകാന്തതക്ക് കുറുകെ അഭിപ്രായങ്ങളിലേക്കും വിമര്‍ശനങ്ങളിലേക്കും നിര്‍ലോഭമായ സ്‌നേഹത്തിലേക്കും കാഴ്ചയെ തുറന്നുകാണിച്ചുകൊണ്ട്, അറിവുകള്‍ക്കു മേലെ പിന്നെയും അറിവുകളാണെന്ന തിരിച്ചറിവുമായി സാദിഖ്. എസ്. എം. കായംകുളം 'ഉള്‍ക്കാഴ്ച. http://smsadiqsm.blogspot.in/.'എന്ന ബ്ലോഗെഴുത്തുമായി നമുക്കിടയിലുണ്ട്.
മലപ്പുറം ജില്ലയില്‍ ഇരുമ്പുഴിയുള്ള മുനീര്‍ 'ഓര്‍മ്മകളുടെ നീലാകാശം. http://muneerinny.blogspot.in/' എന്ന തന്റെ ബ്ലോഗിനെ ഉപയോഗപ്പെടുത്തുന്നത് സുഹൃത്തുക്കള്‍ക്കിടയില്‍ പോലും നേരില്‍ തുറന്നുപറയാന്‍ കഴിയാത്ത കാര്യങ്ങളെല്ലാം പറയാനുള്ള നല്ലൊരു ഉപാധിയായിട്ടാണ്. അപകടത്തില്‍ പെട്ട് അരക്കുതാഴെ തളര്‍ന്നുപോയ സംഭവത്തിന്റെ ഒരിക്കലും മറക്കാനാവാത്ത ഓര്‍മകള്‍ പേറുന്നവനാണ് മുനീര്‍. 1993-ജനുവരി 28 ജനനവും മരണവുമാണെന്ന് ഓര്‍മിപ്പിച്ചുകൊണ്ട് ജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങളിലേക്ക് ഇറങ്ങിവന്ന അവന്‍ എപ്പോഴും മുഖത്ത് പുഞ്ചിരി സൂക്ഷിച്ച് ഹൃദയത്തില്‍ കാരുണ്യവും സ്‌നേഹവും നിറച്ച് ശലഭങ്ങളെ പോലെ, ദേശാടനക്കിളികളെ പോലെ സ്ഥലകാലങ്ങളും വസന്തവും തേടി നന്മയുടെ പ്രതിരൂപമായി സധൈര്യം ജീവിച്ചു കാണിക്കുന്നു.
മുഷ്ടി ചുരുട്ടാനും മുദ്രാവാക്യം വിളിക്കാനും കഴിയാതെ കൈകള്‍ക്ക് ബലക്കുറവോടെ ശബ്ദത്തിന് വിറയലോടെ ചങ്കിലും നെഞ്ചിലും കനലിട്ടുമൂടി വരാനിരിക്കുന്ന ഒരു മാറ്റത്തിന് കാതോര്‍ത്ത് കാത്തിരിക്കുന്ന ഒരാളുണ്ടിവിടെ. ഒരു വാഹനാപകടത്തില്‍ കഴുത്തിന് താഴെ തളര്‍ന്ന് കിടപ്പിലായ റയീസ.് 'കാക്കപ്പൊന്ന് http:// kaakkaponn.blogspot.in/'. ഒന്നര വയസ്സില്‍ അസ്ഥികളിലെ മജ്ജയില്ലാത്തതിനാല്‍ കഴുത്തിനു താഴെ ചലനശേഷി ഇല്ലാതായിട്ടും ജീവനേകും അക്ഷരങ്ങള്‍ക്കായി ജീവിതം സമര്‍പ്പിച്ച ശബ്‌നപൊന്നാട് 'എന്നേക്കുമുള്ള ഒരോര്‍മ - http:// shabnaponnad.blogspot.in/', ജനനം മുതല്‍ വളഞ്ഞുചുരുങ്ങിയ എല്ലുകളില്‍ പ്രതീക്ഷകള്‍ തകര്‍ത്ത ജീവിതം തിരിച്ചു പിടിക്കാനുള്ള ശ്രമം വിജയിപ്പിച്ച് ഒട്ടുമിക്ക പ്രസിദ്ധീകരണങ്ങളിലും കഥകളും കവിതകളും എഴുതി ചിത്ര രചനയിലും ഫാഷന്‍ ഡിസൈനിങ്ങിലും പരീക്ഷണങ്ങള്‍ നടത്തി തന്റേതായ ശൈലിയില്‍ ബ്ലോഗിലും ഫേസ് ബുക്കിലും സുഹൃത്തുക്കള്‍ക്കിടയില്‍ വലിയൊരു സ്ഥാനമുറപ്പിച്ച ആത്മവിശ്വസത്തിന്റെ മറ്റൊരു ആള്‍രൂപം റഫീന. പി. പി. 'പുല്‍ച്ചാടി- http://pulchaady.blogspot.in/' തുടങ്ങിയ ഒത്തിരി പേര്‍ തങ്ങളുടെ പരിമിതികളില്‍ ഒട്ടും പരാതികളില്ലാതെ നേരില്‍ കാണാത്തവരോട് തങ്ങള്‍ക്ക് പറയാനുള്ളതെല്ലാം മനസ്സില്‍ തോന്നുന്നതു പോലെ വെട്ടിത്തുറന്ന് പറഞ്ഞും പ്രവര്‍ത്തിച്ചും ഒത്തൊരുമിച്ചും സന്തോഷത്തോടെ പരസ്പരം കൈകോര്‍ത്ത് നിന്ന് ലോകത്തിനു മുന്നില്‍ ഒരു തളര്‍ച്ചയിലും തളര്‍ത്താത്ത തന്റേടത്തോടെ തലയുയര്‍ത്തി നില്‍ക്കുന്നു. ഏകാന്തതയുടെ വേലിയേറ്റങ്ങള്‍ സൃഷ്ടിച്ച മടുപ്പില്‍ നിന്നും ആത്മവിശ്വാസത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പോടെ അറിവുകള്‍ക്കുമേലെ ഇന്റര്‍നെറ്റിന്റെ അനന്തസാധ്യതയില്‍ ആശ്വാസം കണ്ടെത്തുന്നു.
ഇന്ന് ഏതൊരു സാധാരണക്കാരന്റെയും തുറന്ന ഇടപെടലുകളിലൂടെ സംവാദങ്ങളുടെയും അഭിപ്രായപ്രകടനങ്ങളുടെയും വിശാലതയില്‍ ഇന്റര്‍നെറ്റിന്റെ മാസ്മരികത ജീവിതത്തിന്റെ ഒരു ഭാഗമായിക്കഴിഞ്ഞിരിക്കുന്നു. ഒരു ദിവസത്തെ പത്രവായന പോലെ സെക്കന്റുകള്‍ക്കുള്ളില്‍, കുതിച്ചുപായുന്ന കാലത്തിന്റെ, തിരിച്ചുപിടിക്കാനാവാത്ത നിമിഷങ്ങളില്‍ ചിതറിത്തെറിക്കുന്ന വ്യത്യസ്തമായ ചിന്തകള്‍ തേടി പുത്തനറിവുകളോടെ വന്നെത്തുന്ന കാഴ്ചകള്‍ പുതുമകളോടെ അറിയാനും പങ്കുവെയ്ക്കാനും ഓരോരോ സൈറ്റുകളിലേക്കും ബ്ലോഗുകളിലേക്കും മാറിമാറി കണ്ണും മനസ്സും ആവേശത്തോടെ പാഞ്ഞടുക്കുന്നു...
എല്ലാറ്റില്‍നിന്നും ഒഴിഞ്ഞുമാറി ഒന്നും ചെയ്യാതെയിരുന്നവര്‍ പോലും ഇന്റര്‍നെറ്റിന്റെ സാധ്യതകള്‍ മനസ്സിലാക്കി വീടിന്റെ അകത്തളങ്ങളിലും മാറ്റത്തിന്റെ വേലിയേറ്റങ്ങള്‍ സൃഷ്ടിച്ചെടുത്ത് മനസ്സില്‍ തോന്നുന്ന കാര്യങ്ങളെല്ലാം വലിയ ആശയങ്ങളാക്കി ആത്മവിശ്വാസത്തോടെ മറ്റുള്ളവരോട് പങ്കുവെക്കുന്നു...
* * * *
അടുക്കളയിലെ പണിത്തിരക്കുകള്‍ക്കിടയില്‍ മരുമകളെ കാണാത്തതിനാല്‍ അന്വേഷിച്ചു ചെന്ന ആയിശുമ്മ കാണുന്നത് അവള്‍ കമ്പ്യൂട്ടറില്‍ തിരക്കിട്ട് ഞെക്കിക്കുത്തുന്ന കാഴ്ചയാണ്..... അവള്‍ അവരെ നോക്കി കണ്ണിറുക്കി ചിരിച്ചു കൊണ്ട് പറഞ്ഞു....
ഉമ്മാ ഇതാ... ഇപ്പൊ വരാം. ഞാനിന്നലെ എഴുതിവെച്ചത് ബ്ലോഗില്‍ ഒന്നു പോസ്റ്റിടട്ടെ....!
മരുമകളുടെ 'ബൂലോഗ'ത്തേക്ക് ഒന്നെത്തി നോക്കി കൊണ്ട് അവര്‍ പറഞ്ഞു.'ജ്ജ് ആ ഫേസ്ബുക്ക് നോക്കുമ്പോ ഇന്നെയും വിളിക്കണേ.....'

കാലം മായ്ച്ച കാല്‍പ്പാടുകള്‍
http://mariyath.blogspot.in/

          SocialTwist Tell-a-Friend 

Wednesday, June 13, 2012

ജനനി = ജന്മനിഷേധി....?അനിവ്വചനീയമാം മാതാവിനെ
എന്തു വിശേഷണങ്ങളാല്‍ നിര്‍വ്വചിക്കാനാവും
പുതുപര്യായങ്ങളാല്‍.....
കാലം കഥ മാറ്റി എഴുതി....

പാപങ്ങളെല്ലാം കഴുകി വെളുപ്പിക്കാന്‍
ചെയ്ത തെറ്റുകള്‍ക്ക് ന്യായീകരണങ്ങളാല്‍
ആരെയോ പഴി പറഞ്ഞു പഴുതടക്കുന്ന
അമ്മയെന്ന പര്യായത്തിന് എന്തു പേരിട്ടു വിളിക്കും.....?
പത്തുമാസം ചുമന്ന ഭാരം തള്ളിക്കളയാന്‍
പൊന്‍കുഞ്ഞിന്റെ പൊക്കിള്‍ കൊടി അറുത്തു മാറ്റാനും
ജീവന്‍തുടിപ്പുകളുയരുന്ന ചുടുനിശ്വാസം
എന്നെന്നേക്കുമായ് നിശ്ചലമാക്കാനും
മനമറയ്ക്കുന്നില്ല, കൈവിറക്കുന്നില്ല പെറ്റമ്മക്കും....

മടിത്തട്ടില്‍ കൈകാലിട്ടടിക്കുന്ന
പാല്‍പുഞ്ചിരിയുതിര്‍ക്കും പൈതലുകളില്ലാതെ
കിളിക്കൊഞ്ചലുകളിന്‍ താളമില്ലാതെ
താരാട്ടുപാട്ട് ഈണം മറക്കുന്നു....
തൊട്ടിലുകള്‍ ശൂന്യമായ് കാറ്റിലുഴലുന്നു....

അമ്മിഞ്ഞപ്പാലൂറിവരും വിങ്ങലുകളറിയാതെ
മനസ്സും മനസ്സാക്ഷിയും മരവിച്ച ചെയ്ത്തുകളാല്‍
പാപങ്ങളെല്ലാം കഴുകി വെളുപ്പിക്കാന്‍
ചെയ്ത തെറ്റുകള്‍ക്ക് ന്യായീകരണങ്ങളാല്‍
സ്വന്തം ഉദരത്തില്‍ പിറന്ന ജന്മം നിഷേധിച്ചവള്‍ ജനനിയോ.....?
രാക്ഷസിയാവുകയാണോ മാതൃത്വത്തിന്‍ പരിണാമങ്ങള്‍.....
അമ്മയെന്ന പര്യായത്തിനിയെന്തു പേരിട്ടു വിളിക്കണം...?Tuesday, June 5, 2012

നാട്ട്യങ്ങള്‍..

..

പുറംലോകത്തെ
പുതുമകളില്‍
മറഞ്ഞിരിക്കുന്ന
ഭാവഭേദങ്ങളറിയാത്ത
വേഷപ്പകര്‍ച്ചകള്‍ കണ്ട്
എന്റെ കണ്ണ് മഞ്ഞളിച്ചിരിക്കുന്നു....

വീഥികള്‍.
തിരക്കിലമര്‍ന്ന
നെട്ടോട്ടത്തിലും
ഒരു മുഖത്തും തെളിയുന്നില്ല
ഒന്നും.......

തിരിഞ്ഞ് നോക്കിയിട്ടും
തിരഞ്ഞെടുത്തിട്ടും
തൃപ്തി വരുന്നില്ല
ഒന്നിലും......

കുത്തുവാക്കുകളുടെ
ശരമേറുകളില്‍
പരസ്പരം
എറിഞ്ഞുടക്കുന്ന
സ്ഫടികങ്ങളായ്
സ്വാഭിമാനം.....

സ്നേഹം തൊട്ടു തീണ്ടാത്ത
പൊയ്പ്രകടനങ്ങളില്‍
കണ്ണില്‍ കണ്ണില്‍
പകയൊളിപ്പിച്ച്
പല്ലിളിക്കുന്നു
പകല്‍ മാന്യ(കളും)ന്മാര്‍.....

ഇതെല്ലാം കണ്ട്
കണ്ണ് മഞ്ഞളിച്ചിരിക്കുകയല്ല....,
കാഴ്ച തന്നെ മങ്ങിപ്പോയിരിക്കുന്നു.....Tuesday, May 22, 2012

മാര്‍ച്ച് 8.

നാളുകള്‍ക്ക് ശേഷം വീണ്ടും ഞാനിവിടെ എത്തുമ്പോള്‍
ഞാന്‍ നിങ്ങളില്‍ നിന്നോ നിങ്ങള്‍ എന്നില്‍ നിന്നോ ഒരുപാട് അകന്നുവോ.....?
ഒരു അകല്‍ച്ച മനഃപ്പൂര്‍വ്വമല്ലെങ്കില്‍ കൂടിയും അതൊരുപാട് ശൂന്യത സൃഷ്ടിക്കുന്നു....
കുറേ നാള്‍ അതു തുടരുകയാണെങ്കില്‍ ക്രമേണ മറന്നു പോവുകയും ചെയ്യും....
മറവി പലപ്പോഴും ഒരു അനുഗ്രഹമായത്തോന്നുമെങ്കിലും മറവിക്കിടയിലേക്ക് വന്നെത്തുന്ന
ഓര്‍മ്മകള്‍ സുന്ദരാനുഭവമാവുന്നു ചിലപ്പോഴൊക്കെ....

ഒരു തിരിച്ചു വരവില്‍ പറയാനൊരുപാടുണ്ട്.
ജീവിതം പലപ്പോഴും പലതുകൊണ്ടും നമ്മെ അത്ഭുതപ്പെടുത്താറുണ്ട്...
ഓരോ നിമിഷങ്ങളും നിമിത്തങ്ങളാല്‍ മാറിമറിയുന്നു...,
ഓരോ നിമിത്തങ്ങളും നിമിഷങ്ങളാല്‍ നിര്‍ണ്ണയിക്കുന്നു.
അപ്രതീക്ഷിതമായ ഓരോ അനുഭവങ്ങളും നിമിത്തങ്ങളായി ഓരോ വഴിത്തിരിവുണ്ടാക്കുന്നു....
ആ നിമിത്തങ്ങള്‍ ജീവിതത്തിന്റെ ഗതിവിഗതികളെ മാറ്റിമറിക്കുമ്പോള്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത ഈ വഴിത്തിരിവില്‍ ഒരു കാഴ്ചക്കാരിയായ് എല്ലാം നോക്കിക്കണ്ട് എന്റെ ജീവിതം ആസ്വദിക്കുകയാണ് ഞാനിപ്പോള്‍....

മാര്‍ച്ച് 8. വനിതാ ദിനം...
കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഈ വര്‍ഷത്തെ വുമണ്‍ അച്ചീവര്‍ (woman achiever of the year. 2011-2012) ആയി എന്നെ തിരഞ്ഞെടുത്തു.
അതിപ്പോഴെന്റെ ജീവിതം തിരിച്ചു പിടിച്ച ദിനമായി ആഘോഷമാക്കാനാണ് എനിക്കിഷ്ടം.
ഒരു ജോലി..... ഏതൊരാളുടെയും ജീവിതാഭിലാഷം.
കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ ഒരു ജോലി ശരിയാവുമ്പോള്‍ അത് എങ്ങനെ, അതെത്ര നാള്‍ എന്നൊന്നുമെനിക്കറിയില്ല.... ഒരു ദിവസമെങ്കില്‍ ഒരു ദിവസം.... അതു മാത്രമായിരുന്നു അപ്പോഴെന്റെ മനസ്സില്‍.
ഒരു ദിവസം കഴിഞ്ഞു കിട്ടിയാല്‍ ഒരാഴ്ച കഴിയാന്‍ പ്രയാസമുണ്ടാവില്ല എന്നെനിക്കറിയാമായിരുന്നു... ഒരു ആഴ്ച കഴിഞ്ഞു കിട്ടിയാല്‍ പിന്നെ തുടര്‍ന്നു പോവാമെന്നും എനിക്കുറപ്പുണ്ടായിരുന്നു.
ആ ഒരു ദിവസവും ഒരാഴ്ചയും പിന്നിട്ട് ഇപ്പോള്‍ രണ്ടു മാസമാവുന്നു, താത്ക്കാലികമാണെങ്കിലും ലൈബ്രറി അസിസ്റന്റായി കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ഒരംഗമായി ഞാനുമുണ്ട്....
അതിനിടയില്‍ കണ്ടതും കേട്ടതും അറിഞ്ഞതും അനുഭവിച്ചതും ഒരുപാടുണ്ട്.......
നാലുചുവരുകള്‍ക്കപ്പുറത്തു നിന്നും ഒരു പുതു ലോകം സൃഷ്ടിച്ച പുതിയ മാറ്റങ്ങള്‍ എന്റെ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍ കൂടിയാണ്.
ഇന്‍ഷാ അല്ലാഹ്..., ഇടവേളകള്‍ക്ക് വിട പറഞ്ഞ് ചില ഓര്‍മ്മപ്പെടുത്തലുകളോടെ ഇനിയും തുടരാം......