
മലയിൽ തറവാട്.
‘മലയിൽ’ എന്ന പേര് സൂചിപ്പിച്ചതു പോലെ തറവാട് നിൽക്കുന്നത് ഏറെ ഉയരത്തിലാണ്.താഴെ നിന്നു നോക്കിയാൽ ആകാശം തൊട്ടുനിൽക്കുന്ന മരങ്ങൾ.മുകളിലേക്ക് കയറിപ്പോവാനായി കറുത്ത ഉരുളൻ കല്ലുകൾ ചേർത്തുവെച്ച കല്പടവുകൾ…. താഴെനിന്നും മുകൾവരെ പടവുകൾക്കിരുവശത്തും പൂത്തുലഞ്ഞു നിൽക്കുന്ന വെള്ളയും ചുമപ്പും നിറങ്ങളിൽ കടലാസുപൂക്കൾ…മുകളിലേക്കെത്തിയാൽ വീടിന്റെ മുറ്റം വരെ രണ്ടുവശത്തും വെട്ടിനിർത്തിയ ഇലച്ചെടികൾ….
പിച്ചവെച്ച് നടന്നു തുടങ്ങിയതിവിടെ….
ഇടക്ക് എപ്പോഴോ ഞങ്ങളുടെ കുടുംബം അവിടെനിന്ന് മറ്റൊരിടത്തേക്ക് പറിച്ചു നടപ്പെട്ടെങ്കിലും(കച്ചവടവുമായി ബന്ധപ്പെട്ട് മലപ്പുറത്തു നിന്നും ഏകദേശം 55 കിലോമീറ്റർ ദൂരം വരുന്ന നിലമ്പൂരിനടുത്തുള്ള ചുങ്കത്തറയിലേക്ക് ), ഇന്നും അനുഭവങ്ങൾ പച്ചയായ് തെളിഞ്ഞു നിൽക്കുന്ന ഓർമ്മകൾ…. അനുഭവങ്ങൾ ഏറെ പകർത്താൻ മാത്രം ഞാൻ അധികനാളൊന്നും അവിടെയുണ്ടായിട്ടില്ല…. പക്ഷെ അവിടെ കഴിഞ്ഞ ഓരോ നിമിഷങ്ങളും ഒരു പക്ഷെ അവിടെ വളരെക്കാലം താമസിച്ചു വന്നവരെക്കാൾ എനിക്ക് ഓർക്കാനാവുന്നുണ്ട്… ആവർത്തിച്ചു പറയാനാവുന്നുണ്ട്…. അത്രക്കിഷ്ടമാണ് എനിക്കവിടെ….!
എന്നിട്ടും നീണ്ട ഒരിടവേളക്ക് ശേഷമാണ് എനിക്ക് വീണ്ടും അവിടെയൊന്നു പോവാൻ കഴിഞ്ഞത്. ഇരുപത്തിയേഴ് വർഷങ്ങൾക്കു ശേഷം…! അതിനു കാരണം എന്റെ ഈ അവസ്ഥ തന്നെ… രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ കാലുകൾ തളരുന്നതുവരെ സ്കൂൾ അവധിക്കാലങ്ങൾ അവിടെയായിരുന്നു. ഒറ്റയ്ക്ക് ഒരാൾക്ക് നടന്നുപോവാൻ കഴിയാത്ത അങ്ങോട്ട് എനിക്ക് പോകുന്നതിനെ പറ്റി ചിന്തിക്കാൻ പോലും കഴിയുമായിരുന്നില്ല.
വീടിന്റെ ഒരു വശം ഉയർന്ന് കുത്തനെ നിൽക്കുന്ന തൊടിയിൽ ഒരുപാട് നാടൻ മാവുകളും പറങ്കിയും തെങ്ങുകളും കവുങ്ങുകളും…..കൊതിപ്പിക്കുന്ന മണമുള്ള തേനൂറുന്ന രുചിയോടെ നിറയെ തൂങ്ങിയാടുന്ന നാടൻമാങ്ങകൾ… ഒന്നു മെല്ലെ കാറ്റുലഞ്ഞാൽ നന്നായി പഴുത്ത മാങ്ങകൾ കൂട്ടമായി ഉതിർന്നു വീഴും…ഏതെങ്കിലും നാടൻ മാവുകൾക്കരികിലാവും അന്നു ഞങ്ങൾ കുട്ടികൾ കളിക്കുന്നത്… കളിക്കുമ്പോഴും മാങ്ങ വീഴുന്നുണ്ടോ എന്നാവും ഓരോരുത്തരുടെയും ശ്രദ്ധ…. മാങ്ങ വീണാൽ ആദ്യം മാവിൻ ചുവട്ടിൽ എത്തുന്നവർക്കത് സ്വന്തം….!
വീടിന്റെ പിറകുവശത്ത് ഉയർന്നു നിൽക്കുന്ന വലിയ പാറകളുണ്ട്. അവക്കിടയിലൂടെ സമൃദ്ധമായി ഒഴുകിയെത്തുന്ന ചോലവെള്ളം പനിനീർപോലെ തെളിഞ്ഞതാണ്…. ചോലയുടെ തണുപ്പും കുളിരും പച്ചപ്പും അനുഭവിച്ചറിഞ്ഞ് അതിന്റെ അടുത്ത് പോയി ഇരിയ്ക്കാൻ എന്തു രസമായിരുന്നു...!! അവിടെയിരുന്ന് നോക്കിയാൽ താഴെ തൊടിയിലെ കവുങ്ങുകൾക്കരികിലൂടെ തെളിഞ്ഞ് ഒഴുകുന്ന കടലുണ്ടി പുഴ കാണാം…
തിങ്ങിനിൽക്കുന്ന മരച്ചില്ലകൾക്കിടയിലൂടെ വെയിൽ പൊട്ടുകൾ തെളിയുന്ന തൊടിയിലൂടെ എല്ലാവരുടെയും ഇടയിൽ നിന്നും മാറി അതിലെയൊക്കെ ഒറ്റയ്ക്ക് നടക്കുമായിരുന്നു…. പേടിപ്പെടുത്തുന്ന പാറകളുടെ ഇടയിൽ നിന്നും കാലുതെന്നി താഴെക്കെത്തിയാൽ ബാക്കിവെക്കാനൊന്നുമുണ്ടാവില്ല… എന്നിട്ടും എത്രയോ പേർ ഒരു അപകടവും പറ്റാതെ അവിടെ കളിച്ചു വളർന്നു…. അണ്ണാറക്കണ്ണന്മാർ ഓടിക്കളിക്കുന്ന, കരിയിലകൾ നിറഞ്ഞ തൊടിയിൽ വീണു പരന്നു കിടക്കുന്ന മഞ്ചാടിമണികൾ പെറുക്കി ഞാൻ നടന്നു… ഇതായിരുന്നു മലയിൽ തറവാട്ടിലെ എന്റെ ബാല്യകാലം.

ഒരു കുടുംബ സംഗമത്തെക്കുറിച്ച് എടുത്ത തീരുമാനം കുഞ്ഞിപ്പ ആപ്പയും( ഉപ്പാന്റെ അനിയൻ) അബ്ദുള്ളാക്കയും (മൂത്താപ്പയുടെ മകൻ) പറഞ്ഞപ്പോൾ ഇങ്ങിനെയൊരു പരിപാടി നേരത്തെയാവാമായിരുന്നു എന്നാണ് എനിക്കാദ്യം തോന്നിയത്.
വളരെ പെട്ടെന്നെടുത്ത തീരുമാനമായിരുന്നത് കൊണ്ട് എല്ലാം തിരക്കിട്ടായിരുന്നു. ഒരു കുടുംബത്തിലെ എല്ലാവരും കൂടി സംഗമിക്കുന്നു…. അതും മലയിൽ തറവാട്ടിൽ വെച്ച്.
തറവാട്ടിലെ ഗൃഹനാഥനായിരുന്ന അഹമ്മദ്കുട്ടി ഹാജിയുടെയും ഇത്തീരു ഹജ്ജുമ്മയുടെയും പത്തുമക്കളും അവരുടെ ഭാര്യമാരും മക്കളും പേരക്കുട്ടികളും…. അങ്ങിനെ നീണ്ടുപോവുന്നു. ഇവരെല്ലാം ഒത്തുചേരുന്ന സംഗമം….!
ബന്ധങ്ങളിൽ ഏറ്റവുമടുത്ത (അകാലത്തിൽ വിട്ടുപിരിഞ്ഞ കുഞ്ഞുട്ടി മൂത്താപ്പയും ഈ അടുത്ത കാലത്ത് ഞങ്ങളെ വിട്ടുപോയ ഖദീജയുമടക്കം, വലിയാക്ക മൂത്താപ്പയും, ചെറിയത് മൂത്താപ്പയും, അമ്മായികാക്കയും) നമ്മെ വിട്ടുപോയെങ്കിലും അവരുടെ അസാന്നിദ്ധ്യം വിങ്ങുന്ന നൊമ്പരങ്ങളിൽ ഓർമ്മകൾ പുതുക്കി.
കൂട്ടവും കുടംബവും സംഗമിക്കുന്ന പലപല സാഹചര്യങ്ങളുണ്ട്. കല്ല്യാണങ്ങളോ മരണങ്ങളോ മറ്റെന്തെങ്കിലും കാരണങ്ങളാലുണ്ടാവുന്ന ഒത്തുചേരൽ, ആതൊന്നും പക്ഷേ ഇതുപോലെയൊരു കൂട്ടായ്മയാവില്ല.ഓരോരുത്തരും മറ്റിടങ്ങളിലായി കൂടുതൽ സൌകര്യത്തോടെ പുതിയ വീട് വെച്ചും കല്ല്യാണം കഴിഞ്ഞും ആ വലിയ വീടുമായി ഏറെക്കുറെ അകന്നകന്നു പോയിരുന്നു…. അവരിൽ പലരെയും ഒന്നു കണ്ടാൽ തിരിച്ചറിയാൻ പോലും കഴിയാത്തവരായി മറവിയിൽ മറഞ്ഞിരിക്കുന്നു…. അതെല്ലാം പുതുക്കിയെടുക്കാനുള്ള അവസരം.
ഒരു കാലത്ത് ഒരുപാട് അംഗങ്ങൾ ഒന്നിച്ച് താമസിച്ചു വളർന്ന ആ വീട്ടിൽ ഇപ്പോൾ പ്രായമായ മൂത്താപ്പയും മൂത്തുമ്മയും…!അന്നത്തെതിൽ നിന്നും പ്രത്യേകിച്ച് ഒരു മാറ്റവുമില്ലാതെ നിലനിൽക്കുന്ന തറവാട്ടിൽ അവരവിടെ താമസിക്കുന്നത് എങ്ങിനെയെന്ന് ഓർത്താൽ ഇന്നത്തെ കാലത്ത് ഒരു അത്ഭുതമാണ്…
ആ വീട്ടിലേക്ക് എത്തിപ്പെടാനുള്ള ബുദ്ധിമുട്ടുകൾ കാരണം ഒറ്റപ്പെട്ടുപോയ തറവാട്ടുമുറ്റത്തെ ഒത്തുചേരലിൽ ഒരു പങ്കാളിയായി ഞാനും…! എനിക്ക് അവിടേക്ക് എത്താൻ കഴിഞ്ഞത് അത്ഭുതമായാണ് ഇപ്പോഴും തോന്നുന്നത്. ഷാജിയുടെയും(അനിയത്തിയുടെ ഭർത്താവ്) അളിയാക്കയും (റെജിയുടെ ഭർത്താവ്) നാസിബിന്റെയും (ജ്യേഷ്ഠത്തിയുടെ മകൻ) കൂടെ മൂത്താപ്പമാരുടെ മക്കളുടെയും അമ്മായിമാരുടെ മക്കളുടെയും സഹായത്തോടെ അവിടേക്ക് എത്തപ്പെടാനായതിന്റെ സന്തോഷം മനസ്സിൽ അലതല്ലി… എല്ലാവരും ഏറെ കഷ്ടപ്പെട്ടെങ്കിലും, ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല അവിടെ എത്താൻ കഴിയുമെന്ന്… ആ സന്തോഷത്തിൽ നിറഞ്ഞ മനസ്സുമായി എല്ലാവരോടും വിശേഷങ്ങൾ പങ്കുവെച്ചു കൊണ്ട് ഞാനിരുന്നു… അതിനിടയിലും ഞാൻ ചുറ്റിലും ശ്രദ്ധിക്കുകയായിരുന്നു. അന്നത്തെ ആറുവയസ്സുകാരിയായി ഓർമ്മകൾ മനസ്സിൽ ഓടിയെത്തി. അന്നത്തെക്കാൾ അധികം മാറ്റമൊന്നും അവിടെയുണ്ടായിട്ടില്ല. എന്നിട്ടും അവിടെ ഞാനൊരു അപരിചിതയായതു പോലെ…
രക്തബന്ധം, കുടുംബബന്ധം, മുലകുടിബന്ധം എന്നിങ്ങനെ ഏതൊക്കെ വിധത്തിൽ ബന്ധങ്ങൾ വേർതിരിച്ചാലും അന്യോന്യം കണ്ടാൽ തിരിച്ചറിയാൻ കഴിയണമെങ്കിൽ കൂടുമ്പോൾ ഏറെ ഇമ്പമുണ്ടാക്കുന്നതിന് ഇതുപോലെ കുടുംബങ്ങൾ തമ്മിൽ ഇടക്കൊക്കെ കൂടിച്ചേരൽ അത്യാവശ്യമാണ്. ഒരേ ബന്ധത്തിൽപെട്ടവരായിട്ടും, ഒരേ രക്തത്തിൽ പിറന്നവരായിട്ടും പരസ്പരം കണ്ടും കേട്ടും പറഞ്ഞും എന്തെല്ലാം പുതിയ കാര്യങ്ങളാണ് അറിഞ്ഞത്. കഴിഞ്ഞുപോയ കുറെ വർഷങ്ങൾ കൂടിച്ചേരുമ്പോൾ പഴമയും പുതുമയും ഒന്നിക്കുന്നു… വന്നവരെല്ലാം ഓരോ കാലങ്ങളിൽ അവശേഷിപ്പിച്ച ഓർമ്മകൾ പുതുക്കിയെടുത്തു…. തറവാട്ടിലെ ഇപ്പോഴത്തെ തലമുതിർന്ന (മൊയ്ദീൻകുട്ടി ഹാജി) ഞങ്ങൾ സ്നേഹപൂർവ്വം വിളിക്കുന്ന കുഞ്ഞികാക്ക മൂത്താപ്പാക്ക് കുഞ്ഞാപ്പു മൂത്താപ്പ(അബു ഹാജി) പൊന്നാടയിട്ട് ആദരിച്ചു. കുട്ടികളുടെ കലാപരിപാടികളും വലിയവർക്കുള്ള ക്വിസ്സ് മത്സരങ്ങളും കലാപരിപാടികളിൽ പങ്കെടുത്തവർക്കെല്ലാം സമ്മാനങ്ങളും നൽകി പരിപാടി ഗംഭീരമാക്കി. വിദേശങ്ങളിലായതിനാലും, ദൂരസ്ഥലങ്ങളിൽ പഠിക്കുന്നതുകൊണ്ടുമുള്ള സാഹചര്യങ്ങൾ കാരണം ഇതിൽ പങ്കാളിയാവാനും കാണാനും കഴിയാത്തവരെ അടുത്ത സംഗമത്തിൽ കാണാൻ കഴിയുമെന്നും (ഇൻഷാ അല്ലാഹ്) വന്നവരെല്ലാം ഇനിയും ഇതുപോലെ എല്ലാ വർഷങ്ങളിലും ഒത്തുകൂടണമെന്ന ഉറപ്പോടെയും അവസാനിക്കാത്ത പ്രതീക്ഷകളോടെ നിറഞ്ഞ സന്തോഷത്തോടെ എല്ലാവരും യാത്ര പറഞ്ഞു പിരിഞ്ഞു ….
അറിഞ്ഞതും പറഞ്ഞതുമൊരുപാട്…
അറിയാനും പറയാനും ഇനിയുമൊരുപാട്…
മാഞ്ഞുപോവാത്ത ഓർമ്മകളുമായി
ഇനിയുമെന്നാണിങ്ങോട്ട്…
ഇതുപോലോരോ വർഷവും
ഒത്തുചേരുമെന്നാശിച്ചു
ഞാനാ തറവാട്ടുമുറ്റത്തുനിന്നും
വിട പറഞ്ഞു