
'കാലം മായ്ച്ച കാല്‍പ്പാടുകള്‍' ഒരിക്കലും കാലത്തിന് മായ്ക്കാനാവാത്ത എന്റെ ഓര്‍മ്മകളാണ്..... ഓര്‍മ്മ വെച്ച കാലം മുതല്‍ അനുഭവിച്ചതെല്ലാം മനസ്സിലുണ്ട്. ഋതുഭേദങ്ങളുടെ വര്‍ണ്ണങ്ങളില്‍ പൂക്കാലം പോലെ തെളിഞ്ഞും, ഇടക്കൊക്കെ കാലില്‍ മുള്ള് തറക്കുന്ന നൊമ്പരം പോലെ നീറിയും പുകഞ്ഞും......
തിരുവനന്തപുരത്തുള്ള എന്റെ സുഹൃത്ത് സുജചേച്ചിയുടെ 'വെറുതെയൊരുവള്‍' എന്ന പുസ്തകം വായിച്ചപ്പോള്‍ എവിടെയൊക്കെയോ മറഞ്ഞുകിടന്ന ഓര്‍മ്മകള്‍ പകര്‍ത്തിവെയ്ക്കാന്‍ പ്രേരണയായി. ഓര്‍മ്മകളെ ക്രമപ്പെടുത്തി എഴുതാനുള്ള സാഹിത്യമറിയില്ല. വെട്ടിയും തിരുത്തിയും മാറ്റിയും കുറേ എഴുതി..... എന്നിട്ടും പകര്‍ത്തി വെച്ചവയില്‍ വായനയുടെയും അറിവില്ലായ്മയുടെയും പരിമിതിയില്‍ അബദ്ധങ്ങളേറെയുണ്ട്.... അതിന് നല്ല അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും തന്ന് പ്രോത്സാഹനങ്ങളോടെ കൂടെ നിന്ന എന്റെ പ്രിയപ്പെട്ട കൂട്ടുകാരുടെ അകമഴിഞ്ഞ ആത്മാര്‍ത്ഥതയും ആഗ്രഹവുമാണ് 'കാലം മായ്ച്ച കാല്‍പ്പാടുകള്‍' വരികളായി താളുകളില്‍ പതിയാന്‍ ഇടയായത്....
ആദ്യ പതിപ്പ് പുറത്തിറങ്ങുന്നതിനു മുമ്പ് എടുത്ത പ്രിന്റുമായി പാണക്കാട് പോയി. ബഹുമാനപ്പെട്ട പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളവര്‍കളുടെയും ആദരണീയനായ മുഹമ്മദലി ശിഹാബ് തങ്ങളവര്‍കളുടെയും അനുഗ്രഹങ്ങളേറ്റു വാങ്ങുമ്പോള്‍ ഒരിക്കലും മറക്കാനാവാത്തൊരു അനുഭവസാക്ഷ്യമായിരുന്നു പ്രിയപ്പെട്ട മുഹമ്മദലി ശിഹാബ് തങ്ങളുപ്പയുമായുള്ള കൂടിക്കാഴ്ച്ച. ആ തേജസ്സ് മറഞ്ഞുപോയെങ്കിലും ആ അനുഗ്രഹങ്ങള്‍ എന്നും എന്നേടൊപ്പമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു.
അല്‍ഫാബെറ്റ് പബ്ളിഷേഴ്സ് എന്റെ പുസ്തകം 2009 ല്‍ ആദ്യപതിപ്പ് പുറത്തിറക്കി. 2009 മാര്‍ച്ച് 19ന് ബഹുമാനപ്പെട്ട എം. പി. അബ്ദുസ്സമദ് സമദാനി സാഹിബ് കോഴിക്കോട് ആകാശവാണി സീനിയര്‍ ആര്‍ട്ടിസ്റ് ശ്രീ. ആര്. കനകാംബരന് (ആര്.കെ മാമന്) ആദ്യ കോപ്പി നല്‍കിക്കൊണ്ട് മലപ്പുറം പ്രസ്സ് ക്ളബ്ബില്‍ വെച്ച് 'കാലം മായ്ച്ച കാല്‍പ്പാടുകള്‍' പ്രകാശിപ്പിച്ചു. ഇപ്പോള്‍ രണ്ടാമത്തെ പതിപ്പും അല്‍ഫാബെറ്റ് പബ്ളിഷേഴ്സിന്റെ സഹായത്തോടെ പുറത്തിറങ്ങി.
ചെറുകഥാകൃത്ത് ഇ. ഹരികുമാര്സാര്, കന്നഡ വിവര്‍ത്തക പാര്‍വ്വതി ജി. ഐത്താള്, കെ. ജയകുമാര്‍സാര്‍.... കാലം മായ്ച്ച കാല്‍പ്പാടുകളുടെ വരികളിലൂടെ കടന്നുപോയ ഓരോരുത്തരും എന്റെ സങ്കടങ്ങള്‍ക്ക് മേല്‍ തണലായി സ്നേഹം കൊണ്ട് സാന്ത്വനമായി തലോടിയ ആശ്വസത്തില്‍ മനസ്സു നിറഞ്ഞു... ഒരു മുന്നൊരുക്കവുമില്ലാതെ എഴുതിയ കാലം മായ്ച്ച കാല്‍പ്പാടുകള്‍ സാധാരണക്കാരായ ഒരു വായനക്കാരനില്‍ നിന്നും മറ്റു വായനക്കാരിലേക്ക് കൈമാറുമ്പോള്‍ അവരില്‍നിന്നും പകര്‍ന്നു കിട്ടിയ പ്രശംസയും പ്രോത്സാഹനവും എനിക്കു കിട്ടാവുന്ന ഏറ്റവും വലിയ അംഗീകാരമായിരുന്നു. അതൊക്കെ ഞാന്‍ പ്രതീക്ഷിച്ചതിലും അപ്പുറമാണ്.
രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് കാലം മായ്ച്ച കാല്‍പ്പാടുകളുടെ ആദ്യപതിപ്പ് ഇറങ്ങുമ്പോള്‍ ഒരുപാട് ആശങ്കകളുടെ മുള്‍മുനയിലായിരുന്നു ഞാന്‍.... അതുവരെ നാലാള് കൂടുന്നിടത്ത് പ്രത്യക്ഷപ്പെടാതിരുന്ന എനിക്ക്, പത്ര-ദൃശ്യ മാധ്യമങ്ങളിലൂടെ അറിയപ്പെട്ടു തുടങ്ങിയപ്പോള്‍ ഒരുപാട് പൊതുവേദികള്‍ പങ്കിടുന്നതിനും പലവിധ പുരസ്കാരങ്ങള്‍ നേടുന്നതിനും അവസരമുണ്ടായി. എന്റെ ജീവിതത്തിനു അവിശ്വസനീയമായ ഒരുപാട് മാറ്റം വരുത്തിയ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍.....
ഇപ്പോള്‍ കാലത്തിനു മായ്ക്കാനാവാത്ത ഓര്‍മ്മകളായി കാലം മായ്ച്ച കാല്‍പ്പാടുകളുടെ രണ്ടാം പതിപ്പ് ചെറിയ തിരുത്തലുകളോടെ, പുതിയമുഖവുമായി ഇറക്കുമ്പോള്‍ മനസ്സു നിറഞ്ഞ സന്തോഷം ആര്‍ക്കു മുമ്പില്‍ കടപ്പാടുകളായി സമര്‍പ്പിക്കണം എന്നെനിക്കറിയില്ല... എന്നെ എല്ലാവിധത്തിലും സഹായിച്ചവരോടും, എന്തിനും ഏതിനും എന്റെ കൂടെ നിന്ന് എനിക്കെപ്പോഴും പ്രോത്സാഹനമേകുന്ന എന്റെ ഉപ്പ, ഉമ്മ, സഹോദരങ്ങള്‍, ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എല്ലാവരോടും എത്ര നന്ദി രേഖപ്പെടുത്തിയാലും എനിക്ക് മതിയാവില്ല....
ഒരുപാട് സങ്കടങ്ങള്‍ക്കിടയിലും എല്ലാം മറക്കുന്ന വലിയ വലിയ സന്തോഷങ്ങളായി എഴുത്തുകളും ചിത്രംവരകളുമായി ഞാന്‍ പ്രതീക്ഷിച്ചതിനേക്കാള്‍ എന്നെ ഉയര്‍ത്തിയ സര്‍വ്വശക്തനായ അല്ലാഹുവിന്റെ അളവറ്റ കാരുണ്യമാണിത്... അനുഗ്രഹമാണിത്.... അല്ലാഹു തന്ന എല്ലാ നന്മകളിലും മനസ്സു നിറഞ്ഞ പ്രാര്‍ത്ഥനകളോടെ അല്ലാഹുവിനെ സ്തുതിക്കുന്നു.. അല്‍ഹംദു ലില്ലാഹ്.
ഈ പുസ്തകത്തിനു വേണ്ടി ആല്‍ഫാബെറ്റ് പബ്ളിഷേഴ്സുമായി ബന്ധപ്പെടേണ്ട നമ്പര്‍. 9809921105