Welcome............... Welcome...............Welcome...Welcome...........Welcome...........Welcome...........Welcome...........

Monday, September 16, 2024

ഓർമ്മയിലെ ഓണത്തെളിമയിൽ...

മലയാള മണ്ണിൻ്റെ നെഞ്ചുലക്കുന്ന ദുരന്തത്തിൽ ഒരു വലിയ സങ്കടപ്പെയ്ത്തിൻ്റെ അലകൾ അടങ്ങാത്ത ആഴം നീന്തിക്കടന്നാണ് ഇപ്രാവശ്യം ഓണം വരുന്നത്...

ഒരു രാത്രി ഇരുണ്ട് വെളുത്തപ്പോൾ ഒരു ഗ്രാമം തന്നെ തുടച്ച് നീക്കിയ ആഘാധത്തിൽ നിന്നും നമ്മൾ ഇനിയും മോചിതരായിട്ടില്ല... വർഗവും വർണ്ണവും നോക്കിയിട്ടായിരുന്നില്ല ഓരോ  പ്രതിസന്ധിയിലും നാം ഒത്തൊരുമിച്ചത്... പകരം വെക്കാനാവാത്ത നഷ്ടങ്ങളിൽ നിന്നും അതിജീവിക്കാൻ നാം ഓരോരുത്തരും ഓരോരുത്തരെയും ചേർത്ത് പിടിക്കേണ്ടതുണ്ട്... ആഘോഷങ്ങളും ആചാരങ്ങളും അതിര് വിടാതെ നമ്മെ വിട്ടുപോയവരെ സ്മരിച്ച് കൊണ്ട്, ഒരിക്കലും നികത്താനാവാത്ത  നഷ്‌ടങ്ങളിൽ വേദനയായി അവശേഷിക്കുന്നവർക്ക് വേണ്ടി നമുക്കൊന്നിക്കാം...

ഓണവും നല്ലോരോർമ്മകളാണ്...

മലയാളത്തിൻ മാനവർക്കെല്ലാം  ആമോദത്തോടെ ഒത്തൊരുമിക്കാനൊരവസരവുമാണ്... ചുറ്റിലും നിറയുന്ന ആഘോഷങ്ങളുടെ പൊലിവോടെ എന്നത്തേക്കും ഓർത്തു വെക്കാവുന്ന ഒരുപാട് സന്തോഷങ്ങളുടെ നിറവോടെയും വർണ്ണങ്ങളോടെയും വീണ്ടും ഒരോണം... 

പണ്ട് മുതലുള്ള ഓണക്കാലം ഓർക്കുമ്പോൾ തന്നെ, മുറ്റത്തും തൊടിയിലും മഴത്തുള്ളികളാൽ മഴവില്ല് തിളങ്ങുന്ന ഓരോ പുൽക്കൊടി തുമ്പിലും പലവർണ്ണപ്പൂക്കൾ വിടർന്ന് നിൽക്കുന്ന പൂക്കാലമാണ് മനസ്സിൽ വിരിയുക...

പലവിധ പൂക്കൾ കൊട്ടക്കണക്കിന് ഇറക്കുമതി ചെയ്യുന്ന ഇക്കാലത്ത്  അങ്ങാടി വാണിഭം സാധാരണക്കാരൻ്റെ കീശ കാലിയാക്കുമ്പോൾ, ഇപ്പോഴും ഓർമകളിൽ നിർമ്മലമായി ഇളം കാറ്റിൽ ഇളകിയാടുന്ന തുമ്പയും തെച്ചിയും ഓണപ്പൂക്കളും അയൽപക്ക മുറ്റത്ത് തൃക്കക്കരക്കോലം വെച്ച് കുഞ്ഞിപ്പൂക്കളം തീർക്കുന്നുണ്ട്... 

കർക്കിടകം കുലംകുത്തി പെയ്തു തീർന്ന ഇടവേളയിൽ ചിങ്ങം പൊൻവെയിൽ പട്ടുടയാട അണിഞ്ഞെത്തുമ്പോൾ  പൂത്തുമ്പികളും പൂമ്പാറ്റകളും ഒരു മൂളിപ്പാട്ടോടെ ആഘോഷത്തിമിർപ്പിലാകും... 

ഓർമയുടെ ഓണത്തെളിമയിൽ എൻ്റെ കുട്ടിക്കാലം വലിയ ആഘോഷങ്ങളോ സന്തോഷങ്ങളോ നിറഞ്ഞതായിരുന്നില്ല....  കൂടപ്പിറപ്പുകളും കൂട്ടുകാരും സ്കൂളിന് പത്ത് ദിവസങ്ങൾ ഓണാവധി കിട്ടിയ സന്തോഷത്തിൽ ആർപ്പുവിളികളോടെ ഓടിക്കളിക്കുന്നതും ആഹ്ലാദത്തോടെ ഊഞ്ഞാലാടുന്നതും ഒരു ജനൽപ്പുറക്കാഴ്ചകൾ മാത്രമായി എന്നിൽ ഒതുങ്ങിയിരുന്നു.... 

ഏകന്തതകൾ മടുപ്പിച്ച നാളുകൾ ഓരോന്നായി മറയുമ്പോൾ, ഓണത്തിൻ്റെ ഒരു മാസം മുമ്പേ എൻ്റെ ഓണക്കാലത്തെ ആർഭാടമായി വരവറിയിച്ചിരുന്നത് റേഡിയോയിലെ വിവിധ നിലയങ്ങളാണ്... അതിലൂടെ  ഓണപാട്ടുകളും നാടകങ്ങളും ചലച്ചിത്ര ഗാനങ്ങളും ശബ്ദരേഖകളും നേരിട്ട് കാണുന്നതിനേക്കാൾ മികവോടെ മനസ്സിൽ പതിഞ്ഞിരുന്നു.... 

അത് പോലെ ഒരു  പ്രത്യേകതയായിരുന്നു,  ഓണവിശേഷങ്ങൾ കൊണ്ട്  നിറപ്പകിട്ടാർന്ന മാസികകളും വാർഷികപ്പതിപ്പുകളും... അതെല്ലാം കിട്ടാവുന്നിടത്ത് നിന്നെല്ലാം സംഘടിപ്പിച്ച് ഒരു വർഷം കൊണ്ട് വായിച്ച് തീർക്കാനാവാത്ത കഥകളും നോവലുകളും ആഴ്ചകൾ കൊണ്ട് ആവേശത്തോടെ വായിച്ചു തീർത്തു... 

മാവേലിയും പൂക്കളവും കഥകളിയും ചിത്രങ്ങൾ ആലേഖനം ചെയ്ത് ഓണാശംസ കാർഡുകൾ കിട്ടുന്നതായിരുന്നു ആ കാലത്തെ മറ്റൊരു വലിയ സന്തോഷം... പ്രിയപ്പെട്ട ആരുടെയൊക്കെയോ മനോഹരമായ ഓണം ആശംസാ സന്ദേശങ്ങളുമായി പുഞ്ചിരി മായാത്ത മുഖത്തോടെ പോസ്റ്റ്മാൻ ചിങ്ങമാസത്തിലെ ഓരോ ദിവസങ്ങളിലും പടികടന്ന് വന്നിരുന്നു...

വീടിന് മുമ്പിലുള്ള വലിയ മൈതാനത്ത് നിന്നും, ഓണത്തിൻ്റെ അന്ന് പകൽ മുഴുവൻ പലതരം ഓണക്കളികളുടെ ആരവങ്ങൾ കാതിൽ അലക്കും... ഉത്രാട ദിനത്തിലും തിരുവോണ നാളിലും അയൽപക്കങ്ങളിലെ ഓരോ വീട്ടിലെയും സ്നേഹങ്ങൾ പുത്തൻ വസ്ത്രങ്ങളണിഞ്ഞ് തൂക്ക് പാത്രം നിറച്ച് വ്യത്യസ്തമായ അട, അരി, പരിപ്പ്, സേമിയപായസങ്ങൾ കൊണ്ടാണ് എന്നെ കാണാൻ വന്നിരുന്നത്... ഒന്നും ഒഴിവാക്കാതെ പലതരം പായസമധുരം മത്ത് നിറച്ച് അന്നത്തെ വൈകുന്നേരം ആകുമ്പോഴേക്കും മറ്റൊരു പരുവത്തിലാകും വീട്ടിൽ എല്ലാവരും...

റേഡിയോയിലെ പ്രക്ഷേപണങ്ങളിൽ നിന്നും ടിവിയിലെ ശ്രോതാവായി മാറിയപ്പോൾ ഓണം മറ്റൊരു തലത്തിലേക്കായി... ടിവിയിൽ, രണ്ട് മണിക്കൂർ ദൈർഘ്യമുള്ള സിനിമകൾ നാലഞ്ച് മണിക്കൂർ ബാഹുല്യത്തിലും വിവിധ പരസ്യങ്ങളുടെ മേമ്പൊടികളോടെ മടുപ്പില്ലാതെ ചാനലുകൾ മാറ്റി മാറി കളിച്ചു...  എണ്ണിയാലൊടുങ്ങാത്ത ഓണം സ്പെഷ്യൽ പരിപാടികൾ എല്ലാം കണ്ട് വീട്ടിനകത്ത് തന്നെ ഒതുങ്ങിക്കൂടി പുറത്തിറങ്ങാതെ ആഘോഷിച്ചിരുന്ന ഓണക്കാലങ്ങൾ... വീണ്ടും അടുത്ത വർഷത്തിലെ ഓണാഘോഷത്തിലേക്ക് തിരിച്ച് വരാനായി ടിവിയിലെ മാവേലി മടങ്ങി പോകും... പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്ത, ആരും മിണ്ടിപ്പറയാനില്ലാത്ത ഒരു നീണ്ട ഇടവേളയുടെ മടുപ്പോടെ ഞാനും  കാത്തിരിക്കും... അതായിരുന്നു അന്നത്തെ ഓണം... 

ജോലി കിട്ടിയതിന് ശേഷമാണ് ഓണപരിപാടികൾ നേരിട്ട് കാണുന്നതും അനുഭവിക്കുന്നതും... ജാതിമത ഭേദമന്യേ സഹപ്രവർത്തകർ ഒരുമിച്ച് ഓണത്തെ വരവേൽക്കുമ്പോൾ എല്ലാവരുടെയും കൂട്ടത്തിൽ ഓണം ആഘോഷിക്കാൻ ഒരു തുടക്കകാരിയുടെ ചമ്മലോടെ ഞാനും ഉണ്ടായിരുന്നു... ഡ്യൂട്ടിയുടെ ഇടവേള നേരങ്ങളിൽ രാവിലെ പൂക്കളമൊരുക്കാനും, കളിതമാശകൾ പറയാനും, ഓണക്കോടിയിൽ  എല്ലാവർക്കും ഒപ്പം കൂടി സെൽഫി  ഫോട്ടോകളെടുക്കാനും... വേഷം കെട്ടിയ മാവേലി തമ്പുരാൻ ഓരോ സെക് ഷനിലും കയറിയിറങ്ങി മധുരം നൽകി ഓണവിശേഷങ്ങൾ പങ്കു വെക്കുന്നുണ്ടാകും... 

ഉച്ചക്ക്, കായ വറുത്തതും  ശർക്കര ഉപ്പേരിയും ഉപ്പും നെയ്യും സാമ്പാറും രസവും മോരും അവിയലും പുളിശ്ശേരിയും എരിശേരിയും തോരനും പുളിഇഞ്ചിക്കറിയും പപ്പടവും കൂട്ടി വാഴയിലയിൽ വിളമ്പുന്ന ഗംഭീര ഓണസദ്യ... ജോലി കിട്ടുന്നതിന് മുമ്പ് എല്ലാവർക്കും ഒപ്പമിരുന്നുള്ള ഒരു  ഓണസദ്യ ആസ്വദിച്ച് കഴിച്ചിട്ടില്ല... എവിടെയൊക്കെയോ ഉള്ള ആരുടെയൊക്കെയോ ഒപ്പം ഒരേ നിരയിൽ ഒന്നിച്ചിരുന്ന് സദ്യ കഴിക്കുമ്പോൾ ഓണം ഒരു നാടിൻ്റെ  ഒത്തൊരുമയുടെ ആവേശം കൂടിയാണ് അനുഭവിപ്പിക്കുന്നത്... ഇലയിൽ വിളമ്പിയ ഭക്ഷണം കുഴച്ച് കൂട്ടി ഒടുവിൽ പഴവും കുഴച്ച് പായസ മധുരവും നുണഞ്ഞ് ശ്വാസം വിടാൻ പോലും ഇടമില്ലാതെ അന്നത്തെ ദിവസം മറക്കാനാവാത്ത സന്തോഷത്തിൽ വയറും മനസ്സും നിറയ്ക്കുന്നു പൊന്നോണം....

Tuesday, September 10, 2024

ഒരു സ്വപ്നത്തിൻ്റെ ബാക്കി...

 (നോവലെറ്റ്)

1
സുഖകരമായ ഒരു സ്വപ്നത്തില്‍ നിന്നും ഞെട്ടിയുണര്‍ന്നപ്പോള്‍ ശരീരം വിയര്‍പ്പില്‍ കുതിര്‍ന്നിരുന്നു. കണ്ടത് സ്വപ്നമായിരുന്നു എന്ന് മനസ്സിലാക്കിയെടുക്കാന്‍ ഏറെ സമയം വേണ്ടി വന്നു. സ്വപ്നം എന്താണെന്ന് വ്യക്തമായി ഓര്‍ക്കാന്‍ കഴിയുന്നില്ല. പക്ഷെ, സ്വപ്നത്തില്‍ നിറഞ്ഞ് നിന്നത് എവിടെയോ കണ്ട് മറന്ന ഒരു മുഖം.....! കിലുങ്ങുന്ന പൊട്ടിച്ചിരി ഇപ്പോഴും കാതില്‍ വന്നലയ്ക്കുന്നു... കണ്ണടച്ചു കിടന്നെങ്കിലും ഉറങ്ങാന്‍ കഴിഞ്ഞില്ല. ആ സ്വപ്നത്തിന്റെ ചൂടില്‍ ലയിച്ചു തിരിഞ്ഞു കിടന്നു. തന്റെ മേല്‍ ചുറ്റി പിടിച്ച സുജിയുടെ കൈ മെല്ലെ എടുത്തു മാറ്റി. നിഷ്കളങ്കമായ ഭാവത്തോടെ അവള്‍ ഉറങ്ങുന്നത് റൂമിലെ അരണ്ട വെളിച്ചത്തില്‍ ഒരു നിമിഷം ശ്രദ്ധിച്ചു. എന്തിനെന്നറിയാത്ത ഒരു ശൂന്യത അപ്പോള്‍ മനസ്സില്‍ നിറഞ്ഞു. ഉറക്കം വിട്ടകന്ന കണ്ണുകള്‍ തുറന്നു കിടക്കുമ്പോള്‍ സ്വപ്നത്തില്‍ കണ്ട മുഖം കണ്‍മുമ്പില്‍ നിറഞ്ഞു നില്‍ക്കുകയായിരുന്നു. ആരാണവള്‍.....?
അങ്ങിനെയൊരു മുഖം ഓര്‍മയില്‍ തപ്പികിടക്കെ വീണ്ടും ഉറങ്ങിയതെപ്പോഴാണെന്നറിഞ്ഞില്ല. ഉണര്‍ന്നപ്പോള്‍ പതിവിലും ഒരുപാട് വൈകിയിരുന്നു. ഉണര്‍ന്നിട്ടും എഴുന്നേല്‍ക്കാന്‍ മടിച്ച് അലസതയോടെ കിടന്നു.
കുളികഴിഞ്ഞ് ഈറന്‍ മുടി തുണികൊണ്ട് ചുറ്റിക്കെട്ടി, കൈയില്‍ ഒരു കപ്പ് ചായയുമായി സുജി അകത്തേക്ക് വന്നു.
“ഇതെന്താ, നേരം ഒരുപാട് വൈകിയല്ലോ..., എഴുന്നേല്‍ക്കുന്നില്ലേ.....?”
അതുകേട്ട് മെല്ലെ എഴുന്നേറ്റിരുന്നു. സുജി അയാളെ ശ്രദ്ധിച്ചു കൊണ്ട് അടുത്തിരുന്നു.
“എന്തുപറ്റി....., മുഖം വല്ലാതിരിക്കുന്നതെന്തേ....?”
“ഒന്നുമില്ല...”
വാഷ്ബെയ്സിനടുത്തു വന്ന് മുഖം കഴുകി. മുഖം തുടക്കാനായി ബെയ്സിനടുത്ത കണ്ണാടിയിലേക്ക് നോക്കിയപ്പോള്‍ അത്ഭുതപ്പെട്ടു. സ്വപ്നത്തില്‍ കണ്ട മുഖം കണ്ണാടിയില്‍....! പെട്ടെന്ന് വിശ്വസിക്കാനാവാതെ കണ്ണടച്ച് തുറന്നു. തുറിച്ച കണ്ണുകളോടെ കണ്ണാടിയുടെ മുമ്പില്‍ നില്‍ക്കുന്ന തന്നെത്തന്നെയാണ് കണ്ടത്. വല്ലാത്ത വിമ്മിട്ടത്തോടെ കുറേനേരം അവിടെ നിന്നു. സുജി മേശപ്പുറത്ത് വെച്ച ചായക്കപ്പുമെടുത്ത് പുറത്തേക്ക് നടന്നു.
സിറ്റൌട്ടില്‍ വന്നിരുന്നപ്പോള്‍  സ്വപ്നത്തില്‍ കണ്ട മുഖം അലട്ടാന്‍ തുടങ്ങി. ചായ മൊത്തിക്കുടിച്ചുകൊണ്ട് തറയില്‍ കിടന്നിരുന്ന പത്രം എടുത്ത് നിവര്‍ത്തി. പതിവിലും വിപരീതമായി അലസതയോടെയാണ് ഓരോ പേജും മറിച്ചത്. പത്ര വാർത്തകളിൽ ശ്രദ്ധ പതിയുന്നില്ല... പെട്ടെന്ന് ഉൾപേജിലെ ഒരു ചിത്രത്തിൽ അറിയാതെ കണ്ണുകളുടക്കി... ചരമ പേജിലെ സാമാന്യം നല്ല വലിപ്പമുള്ള ഒരു ഫോട്ടോയില്‍ ചിരിക്കുന്ന മുഖം.... ആ ഫോട്ടോയിലേക്ക് ശ്രദ്ധിച്ചു നോക്കിയപ്പോള്‍ ഒരു ഞെട്ടലോടെ തിരിച്ചറിഞ്ഞു.... വളരെ പരിചിതമായ മുഖം... ആ ചിരി.... അതെ, ഇതു തന്നെ താൻ സ്വപ്നത്തില്‍ കണ്ട മുഖം....! വീണ്ടും വീണ്ടും നോക്കി... എവിടെയോ കണ്ട് മറന്ന പോലെ...
ഇവളാരാണ്....? എങ്ങിനെ എന്റെ സ്വപ്നത്തില്‍ വന്നു.....? ഒരു ഉത്തരം തേടി ഫോട്ടോയിലെ വരികളിലേക്ക് കണ്ണും മനസ്സും തിരിഞ്ഞു. ഒന്നാം ചരമ വാര്‍ഷീകം. പേര് ശാരിക. തനിക്ക് കാണാന്‍ വേണ്ടിയെന്നത് പോലെ സ്വപ്നത്തിന്റെ ബാക്കിയായി പത്രത്തില്‍ പ്രത്യക്ഷപ്പെട്ടതാണോ...? ഉത്തരം കിട്ടാത്ത തന്റെ സംശയത്തിന് മറുപടിയായി അവള്‍ ഒരു കുസൃതിയോടെ ചിരിക്കുകയാണെന്ന് തോന്നി...
‘ഒന്നാം ചരമ വാര്‍ഷീകം’ എന്ന് വീണ്ടും വായിച്ചപ്പോള്‍ മനസ്സിലൂടെ ഒരു മിന്നല്‍ പിടഞ്ഞു.... ഈ മാസം ഈ ദിവസം ഇന്ന് തന്റെ ഒന്നാം വിവാഹവാര്‍ഷീകമാണ്. മനസ്സില്‍ വല്ലാത്തൊരു അസ്വാസ്ഥ്യം നിറഞ്ഞു. 
“ഇങ്ങിനെ ഇരുന്നാല്‍ മതിയോ...? കോളേജില്‍ പോവുന്നില്ലേ....?” അടുക്കളയില്‍ നിന്നും സുജി വിളിച്ചു ചോദിച്ചപ്പോഴാണ് സമയം ഏറെ ആയിട്ടുണ്ടെന്ന് മനസ്സിലായത്. യാന്ത്രീകമായി പിന്നെ എല്ലാം ചെയ്തു തീര്‍ക്കുകയായിരുന്നു.
കുളിച്ചു വന്ന് ഭക്ഷണം കഴിച്ചെന്നു വരുത്തി. എഴുന്നേല്‍ക്കുമ്പോള്‍ ഒന്നും കഴിക്കാതെ എഴുന്നേറ്റതിലുളള പരിഭവങ്ങളുമായി സുജി മേശപ്പുറത്തു നിന്ന് പാത്രങ്ങളെടുത്തു വെച്ചു. ഡ്രസ്സു മാറാനൊരുങ്ങുമ്പോള്‍ മുഖം നിറയെ ചിരിയുമായി സുജി പിറകില്‍ വന്നു നിന്നു.
“ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകതയെന്താണെന്ന് അറിയുമോ....?”
അത് കേട്ടപ്പോള്‍ പെട്ടെന്ന് ഒരു ഞെട്ടലാണ് ഉളളിലുണ്ടായത്. പത്രത്തിലെ ഫോട്ടോ ആണ് മനസ്സില്‍ തെളിഞ്ഞത്. പിന്നെ അറിയാമെന്ന മട്ടില്‍ ഒന്നു പതുക്കെ മൂളി.
“എങ്കീ ഇന്നീ ഷര്‍ട്ടിട്ടാല്‍ മതി....” പിറകിൽ മറച്ചു പിടിച്ച പുതിയ ഷര്‍ട്ടിന്റെ പാക്കറ്റ് കുസൃതിയോടെ കണ്ണിറുക്കി നിറചിരിയോടെ സുജ അവൻ്റെ നേർക്ക് നീട്ടിപ്പിടിച്ചു.
പകരം സമ്മാനം കൊടുക്കാനില്ലാതെ ഒരു നിമിഷം പതറി നിന്നു. പിന്നെ സുജിയെ തന്നിലേക്ക് ചേര്‍ത്തു പിടിച്ചു... അപ്പോള്‍ കുറ്റബോധമാണ് തോന്നിയത്. കുറച്ച് നേരത്തേക്കാണെങ്കിലും താനിവളെ തൻ്റെ ഹൃദയത്തില്‍ നിന്നകറ്റിയോ....?
അവന്റെ നെഞ്ചില്‍ മുഖമമര്‍ത്തി നിന്ന സുജി മെല്ലെ ചോദിച്ചു.
“ഇന്ന് നേരത്തെ വരുമോ.....? വൈകുന്നേരം അമ്പലത്തില്‍ പോവാന്‍....”
“ വരാം....” കാരണമറിയാതെ മനസ്സിനെ പിടിച്ചുലച്ച അസ്വസ്ഥകളില്‍ നിന്നും ആശ്വാസം കിട്ടാൻ പുറത്ത് എവിടെയെങ്കിലും പോവുന്നത് തന്റെയും ആവശ്യമാണെന്ന് തോന്നി. മാത്രമല്ല, വൈകിട്ട് ഒന്നിച്ച് പുറത്ത് പോകുമ്പോൾ അവൾക്കിഷ്ടമുള്ളത് എന്തെങ്കിലും വാങ്ങിക്കൊടുക്കണം....
കോളേജിലെത്തിയപ്പോഴും ക്ളാസ്സിലേക്ക് പോവുമ്പോഴും രാത്രിയിൽ കണ്ട സ്വപ്നത്തിന്റെ അസ്വാസ്ഥ്യവും പത്രത്തില്‍ വന്ന ചരമ ഫോട്ടോയിലെ മുഖവുമായിരുന്നു മനസ്സ് നിറയെ....
എങ്ങനെ അറിയും ആ കുട്ടിയെ കുറിച്ച്..? ആരോട് ചോദിക്കും...? എവിടെയുളളതാണെന്നോ ആരാണെന്നോ അറിയാതെ....
ക്ളാസ്സില്‍ അറ്റന്റന്‍സ് എടുത്ത്, പഠിപ്പിച്ച ഭാഗങ്ങള്‍ വായിക്കാന്‍ നിര്‍ദേശിച്ച് ക്ളാസ്സിലൂടെ വെറുതെ നടന്നു. 
സൂരജിന്റെ സീറ്റ് ഒഴിഞ്ഞിരിക്കുന്നത് ശ്രദ്ധിച്ചു. മനഃപ്പൂര്‍വ്വം ക്ളാസ്സ് കട്ട് ചെയ്യുന്ന കുട്ടിയല്ല സൂരജ്.... മറ്റ് കുട്ടികളുടെ ബഹളങ്ങളിൽ നിന്നെല്ലാം ഒഴിഞ്ഞ് തന്റേതായ ലോകത്ത് മാത്രം സഞ്ചരിക്കുന്ന നിഷ്കളങ്കമായ പുഞ്ചിരി മായാത്ത അവൻ്റെ മുഖം... സൌമ്യമായ പെരുമാറ്റം... അവനെ കാണുമ്പോൾ എവിടെയോ കണ്ട് മറന്നൊരു മുഖം പോലെ തോന്നിക്കാറുണ്ട്.... അതുകൊണ്ടായിരിക്കാം അവനോട് ഒരു പ്രത്യേക ഇഷ്ടം തോന്നിയിട്ടുളളത്. സൂരജിന് എന്തുപറ്റി എന്ന് അടുത്ത സീറ്റിലെ കുട്ടിയോട് അന്വേഷിച്ചു. വ്യക്തമായൊരു ഉത്തരം കിട്ടിയില്ല.
ക്ളാസ്സ് കഴിഞ്ഞ് സ്റ്റാഫ് റൂമിലെത്തിയപ്പോള്‍ അന്ന് ലീവ് എടുത്താലോ എന്ന് തോന്നി. എല്ലാവരില്‍ നിന്ന് അകന്ന് കുറച്ചുനേരം ഒറ്റക്കിരിക്കാന്‍ വല്ലാത്തൊരു മോഹം. തൻ്റെ സീറ്റിൽ നിന്നും മാറി ഒഴിഞ്ഞ ഒരു കോണില്‍ പോയിരുന്നു. അപ്പോഴും മനസ്സില്‍ നിറഞ്ഞു നിൽക്കുന്നത് തലേന്നത്തെ സ്വപ്നം. ഒരു മാന്ത്രികവലയത്തിലകപ്പെട്ടത് പോലെ,  യഥാർത്ഥ അനുഭവമായി തോന്നിയ സാന്നിധ്യം. വ്യക്തമായി കണ്ട  പ്രസന്നഭാവത്തിലുള്ള മുഖം... അതുതന്നെ ഇന്നത്തെ പത്രത്തിൽ വന്നതും... അതാണ് ഏറെ അതിശയപ്പെടുത്തുന്നത്.... ചിന്തകൾ നൂലാമാലയായി കെട്ടുപ്പിണഞ്ഞ് അസ്വസ്ഥതകൾ തലക്ക് കനം കൂട്ടി. കണ്ണുകളടച്ച് കസേരയിലേക്ക് ചാഞ്ഞ് കിടന്നു.

 2
“ഏയ്.., ഇതെന്താ നിശാന്ത് സാര്‍ ഇവിടെ ഒറ്റക്ക് വന്നിരിക്കുന്നത്....?” പുഞ്ചിരിയോടെ ദേവിക ടീച്ചര്‍ മുന്നില്‍ വന്നു നിന്നു. പെട്ടെന്നുള്ള ചോദ്യം കേട്ട് ഞെട്ടലോടെ കണ്ണുകൾ തുറന്നു... മുഖത്ത് ചിരി വരുത്തി മറുപടി ഒന്നും പറഞ്ഞില്ല. അവര്‍ നിശാന്തിൻ്റെ  അടുത്തേക്ക് വന്ന്, ഒരു കസേര എടുത്ത് അഭിമുഖമായി ഇരുന്നു. 
അഞ്ചാറു മാസമേ ആയിട്ടുളളൂ ദേവിക ടീച്ചര്‍ മലയാളം അദ്ധ്യാപികയായി കോളേജിലെത്തിയിട്ട്. ആരുമായും കൂടുതല്‍ അടുപ്പം കാണിക്കാറില്ല. അത്യാവശ്യത്തിനു മാത്രം സംസാരിക്കാറുളള ദേവിക ടീച്ചര്‍ സൌഹൃദം കാണിച്ച് അടുത്ത് വന്നിരുന്നപ്പോള്‍ അത്ഭുതമായി. അതു മറച്ചു വെക്കാതെ ചോദിച്ചു.
“ടീച്ചര്‍ക്കെന്തോ പറയാനുണ്ടെന്നു തോന്നുന്നു....?”
എന്തേ അങ്ങിനെ തോന്നീത്....?” ചെറുചിരിയോടെ ടീച്ചര്‍ തിരിച്ചു ചോദിച്ചു. എന്തോ പറയാനുള്ള തയ്യാറെടുപ്പോടെ കുറച്ച് നേരത്തെ മൌനത്തിന് ശേഷം പറഞ്ഞു.
“പറയാനുണ്ടായിട്ടു തന്നെയാ ഞാന്‍ സാറിന്റെ അടുത്ത് വന്നത്....” പുഞ്ചിരിച്ചു കൊണ്ടിരുന്ന ദേവിക ടീച്ചറിന്റെ മുഖത്തു പൊടുന്നനെ വിഷാദം കലർന്ന് ഗൗരവം നിറഞ്ഞു.
“പറയൂ ടീച്ചര്‍....” അവര്‍ക്ക് പറയാനുളളതെന്താണെന്നറിയാനുള്ള ആകാംക്ഷയോടെ കാതോര്‍ത്തു.
അവർ കൈയ്യിലുണ്ടായിരുന്ന പത്രം മെല്ലെ നിവര്‍ത്തി. അതില്‍ ഒരു ചിത്രത്തിലേക്ക് തൊട്ടുകാണിച്ച് ടീച്ചര്‍ ചോദിച്ചു.
“ഈ കുട്ടിയെ സാറിന് അറിയുമോ...?”
സ്വപ്നത്തില്‍ കണ്ട അവളുടെ ഫോട്ടോ മറ്റൊരു പത്രത്തിലും...! ആ ഫോട്ടോ വീണ്ടും അപ്രതീക്ഷിതമായി കണ്ട  ഞെട്ടലോടെ ടീച്ചറിനെ നോക്കി. പെട്ടെന്ന് ഒരാവേശത്തോടെ ശബ്ദം ഉയർന്നു...
“ഈ കുട്ടിയെ ടീച്ചര്‍ക്ക് അറിയാമോ...?!”
താന്‍ ചോദിച്ചതു തന്നെ നിശാന്ത് തിരിച്ച് ചോദിക്കുന്നതു കേട്ടപ്പോള്‍ ദേവിക ടീച്ചറാണ് അത്ഭുതപ്പെട്ടത്.
“അപ്പോള്‍ സാറിന് ഇവളെ അറിയാം അല്ലേ....?” മെല്ലെയാണ് ചോദിച്ചതെങ്കിലും ദേവിക ടീച്ചറുടെ ശബ്ദം വല്ലാതെ കനത്തു... 
“ഇല്ല... എനിക്കറിയില്ല...”
“പിന്നെ അറിയുമോന്ന് ചോദിച്ചത്...?” സംശയത്തോടെ ടീച്ചറിന്റെ നെറ്റി ചുളിഞ്ഞു.
“അത് പറഞ്ഞാല്‍ ടീച്ചര്‍ വിശ്വസിക്കുമോ...?” നിശാന്തിന്റെ മുഖഭാവം ദൈന്യതയായി മാറി. 
നിശാന്ത് എന്താണ് പറയാന്‍ പോവുന്നത് എന്നറിയാന്‍ ദേവിക ടീച്ചര്‍ അത്ഭുതവും അമ്പരപ്പും നിറഞ്ഞ വിടർന്ന കണ്ണുകളോടെ അയാളുടെ മുഖത്തേക്ക് നോക്കി.
“സത്യം... ഈ കുട്ടി ഇന്നലെ രാത്രി മുഴുവന്‍ എന്റെ കൂടെയുണ്ടായിരുന്നു...” നിശാന്തിന്റെ സ്വരം ഒന്ന് പതറി. പിന്നെ മെല്ലെ മന്ത്രിച്ചു. “കൂടെ എന്ന് പറയുമ്പോൾ, സ്വപ്നത്തില്‍.....” വിയര്‍പ്പു ഒപ്പാനെന്ന പോലെ മുഖം അമര്‍ത്തിത്തുടച്ചു കൊണ്ട് തുടര്‍ന്നു.
“സ്വപ്നത്തില്‍ കണ്ടത് മറക്കാമായിരുന്നു.... പക്ഷെ, അതുതന്നെ ഇന്നത്തെ പത്രങ്ങളിലും... ഒരിക്കലും ശ്രദ്ധയില്‍പെട്ടിട്ടില്ലാത്ത ഒരാള്‍... വിശ്വസിക്കാനാവുന്നില്ല....” രാവിലെ മുതൽ മനസ്സിൽ വിങ്ങി നിറയുന്ന ഭാരം മുഴുവന്‍ ഒരാളുടെ മുമ്പില്‍ ഇറക്കി വെച്ച ആശ്വാസത്തോടെ വിറയലോടെ പറഞ്ഞ് നിര്‍ത്തി. വീണ്ടും ആകാംക്ഷ മുറ്റിയ ഭാവത്തോടെ ശബ്ദം താഴ്ത്തി ചോദിച്ചു.
“ഇനി പറയൂ ടീച്ചര്‍ക്കെങ്ങിനെ അറിയും...., ഈ കുട്ടിയെ....?”
അതിനു മറുപടി പറയാതെ ടീച്ചര്‍  തിരിച്ചു ചോദിച്ചു.
“സാറിനു സമ്മതമാണെങ്കില്‍ നമുക്ക് ഒരിടംവരെ പോവാം...?”
“എങ്ങോട്ട്...?”
“അതൊക്കെ അപ്പോള്‍ പറയാം...” കൂടുതലൊന്നും പറയാതെ ദേവികടീച്ചര്‍ എഴുന്നേറ്റു. നിശാന്തിന്റെ അഭിപ്രായമറിയാന്‍ കാത്തു നിന്നു.
“പോവാം....”
ദേവികടീച്ചര്‍ക്ക് എന്തൊക്കെയോ അറിയാമെന്നു തോന്നുന്നു. അതുകൊണ്ടാണല്ലോ അവര്‍ ആ വിഷയവുമായി തന്റെ അടുത്തേക്ക് വന്നത്.... സ്വപ്നത്തിന്റെ ഉടമയെക്കുറിച്ചറിയാനുളള തിടുക്കമായിരുന്നു അപ്പോള്‍ മനസ്സില്‍.
ഉച്ചയ്ക്കു ശേഷം രണ്ടുപേരും ലീവെടുത്തു. 
ബസിലായിരുന്നു യാത്ര. അരമണിക്കൂറിനുള്ളില്‍ ദേവിക ടീച്ചര്‍ പറഞ്ഞ സ്ഥലത്ത് ബസ്സിറങ്ങി. വീതി കുറഞ്ഞ ഇടവഴിയിലൂടെ നടക്കുമ്പോള്‍ എന്തൊക്കെയോ ഒരുപാട് ചോദിക്കാനും പറയാനുമുണ്ടായിട്ടും രണ്ടുപേരും നിശ്ശബ്ദരായിരുന്നു. ഭംഗിയുളള ഒരു പഴയ വീടിന്റെ മുമ്പില്‍ ദേവിക ടീച്ചര്‍ നിന്നു. കൂടെ നിശാന്തും......

3
വലിയ തൊടിയും നിറയെ മരങ്ങളുമുളള ആ വീടിന്റെ അടുത്തൊന്നും മറ്റ് വീടുകളുണ്ടായിരുന്നില്ല. ദേവിക ടീച്ചര്‍ കോളിംഗ് ബെൽ അമർത്തിയപ്പോൾ, ഒരു സ്ത്രീ വന്ന് വാതില്‍ തുറന്നു. ആ വീട്ടിലെ അമ്മയാണെന്ന് തോന്നുന്നു. സന്തോഷവും സങ്കടവും വേര്‍തിരിക്കാനാവാത്ത മുഖഭാവം.... ദേവിക ടീച്ചറോട് പരിചയത്തോടെ ചിരിച്ച അവര്‍ നിശാന്തിനെ സംശയത്തോടെ നോക്കി. അതു മനസ്സിലാക്കി ദേവി ടീച്ചര്‍ പറഞ്ഞു.
“ഇതാണ് നിശാന്ത് സാര്‍...”
അത് കേട്ടപ്പോള്‍ ഒരു ഞെട്ടലോടെ അവര്‍ നിശാന്തിനെ ഉറ്റുനോക്കി. അവരുടെ മുഖത്തെ ആ ഞെട്ടല്‍ നിഷാന്ത് അറിഞ്ഞു. അപ്പോള്‍ അവരുടെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു. തങ്ങളെ അകത്തേക്ക് ക്ഷണിക്കുമ്പോള്‍ അവരുടെ ശബ്ദം ഇടറുന്നുണ്ട്. ഒന്നും വ്യക്തമാവാത്ത അസ്വസ്ഥതയോടെ ദേവിക ടീച്ചറിന്റെ കൂടെ അകത്തേക്ക് കയറി. നിശാന്തിനോട് ഇരിക്കാന്‍ പറഞ്ഞു കൊണ്ട് ടീച്ചര്‍ ആ സ്ത്രിയോടു ചോദിച്ചു.
“മോനെവിടെ....?"
“അകത്തുണ്ട്...." ഏറെ പതുക്കെയാണ് അവർ മറുപടി പറഞ്ഞത്... അതു പറഞ്ഞ് അവര്‍ അകത്തേക്ക് തിരിഞ്ഞു.
“സാറിവിടെ ഇരിക്കൂട്ടോ.... ഞാനിപ്പൊ വരാം...." ചിരപരിചിതയെപ്പോലെ ടീച്ചറും അവരുടെ കൂടെ അകത്തേക്ക് കയറിപ്പോയി.
അവിടെ ഇരുന്നു കൊണ്ട് ചുറ്റും ശ്രദ്ധിച്ചു. നിശബ്ദത തളം കെട്ടിയ വീട്.... എങ്കിലും എന്തോ ഒരു വശ്യത അവിടെയുളളതായി തോന്നി. ഷോകേസില്‍ സൂക്ഷിച്ചിരിക്കുന്ന കൌതുകവസ്തുക്കളില്‍ കണ്ണും നട്ട് വെറുതെ ഇരിക്കുമ്പോഴും ദേവിക ടീച്ചര്‍ തന്നെ എന്തിനാണ് ഇങ്ങോട്ടു കൂട്ടിക്കൊണ്ട് വന്നിരിക്കുന്നതെന്ന സംശയം ഉളളില്‍ വിങ്ങി.
“സര്‍...” വാതില്‍ക്കല്‍ നിന്നും പരിചിതമായ ശബ്ദം കേട്ട് തിരിഞ്ഞു നോക്കി. തന്റെ അടുത്ത് വന്ന് നില്‍ക്കുന്ന സൂരജിനെ കണ്ടപ്പോള്‍ അത്ഭുതപ്പെട്ടു. മുടിയെല്ലാം പാറിപ്പറന്ന്.... കലങ്ങിയ കണ്ണുകൾ... മുഖം ചുവന്നുതുടുത്തിരുന്നു.... പഴയ പ്രസന്ന ഭാവത്തിന് പകരം മുഖത്ത് വിഷാദം... ആളാകെ മാറിയിട്ടുണ്ട്.
“എന്താടോ താനിവിടെ...? തന്റെ വീടാണോ ഇത്....? തനിക്കെന്താ സുഖമില്ലേ...?” ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിച്ചുകൊണ്ട് ഇരിക്കുന്നിടത്തു നിന്ന് എഴുന്നേറ്റു ചെന്ന്, അവന്റെ തോളില്‍ കൈ വെച്ചു. എല്ലാ ചോദ്യങ്ങള്‍ക്കും മറുപടിയായി സൂരജ് നിശാന്തിന്റെ കൈ പിടിച്ചു.
“സര്‍ വരൂ....” നിശാന്തിന്റെ കൈ പിടിച്ച് അവന്‍ അകത്തേക്ക് നടന്നു. കൂടെ പോവുമ്പോള്‍ ഒരു ചമ്മലുണ്ടായിരുന്നു. ഒരു പരിചയവുമില്ലാത്ത വീട്ടിനുള്ളിലേക്ക് കയറുകയാണ്.... ദേവിക ടീച്ചറിനെയും വാതില്‍ തുറന്നു തന്ന സ്ത്രീയെയും കണ്ടില്ല. അടച്ചിട്ട് കിടക്കുന്ന റൂമിന് നേരെയാണ് സൂരജ് നടന്നത്. വാതില്‍ തുറന്ന സൂരജിന്റെ കൂടെ അകത്തേക്ക് കയറിയപ്പോള്‍ ഞെട്ടിപ്പോയി. പത്രത്തില്‍ കണ്ട അതേ ഫോട്ടോ ഒരു വലിയ ചില്ലുകൂട്ടില്‍ ചുമരില്‍ തൂങ്ങിക്കിടക്കുന്നു.... സൂരജ് കുറേനേരം അതിലേക്ക് നോക്കിനിന്നു. പിന്നെ നിശാന്തിന്റെ നേരെ തിരിഞ്ഞ് ഇടറിയ ശബ്ദത്തിൽ പറഞ്ഞു.
“ഇത് എന്റെ ചേച്ചി... ശാരിക. സാർ ഇവിടെ വരുമെന്ന് ചേച്ചിക്കറിയാമായിരുന്നെന്ന് തോന്നുന്നു....” 
അത് പറഞ്ഞ് സൂരജ് അലമാര തുറന്ന് ഒരു ചെറിയ ഡയറി എടുത്ത് നിശാന്തിന്റെ നേരെ നീട്ടി.
“സാറ് ഇതിൽ എഴുതിയത് വായിച്ചു നോക്കൂ...” പറയുമ്പോള്‍ സൂരജിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി....
വിശ്വസിക്കാനാവാത്ത അമ്പരപ്പോടെ ഡയറി വാങ്ങി. ആദ്യത്തെ പേജ് വിറക്കുന്ന കരങ്ങളോടെ തുറന്നു. ആദ്യ പേജിൽ തന്നെ...
“എൻ്റെ പ്രിയപ്പെട്ട നിശാന്ത് സാറിന്..." ഓരോ പേജുകൾ യാന്ത്രികമായി മറിഞ്ഞു...
"സാർ ഇന്നും എന്നെ നോക്കിയില്ല...
എന്നെ അറിയുന്നില്ല..."
"എൻ ആത്മാവിൽ നിറയുന്ന കനവാണ് നീ...
എൻ കനവിൽ ആളുന്ന കനലാണ് നീ...
നിത്യ കാഴ്ചയായ് നിറയുന്നു നീ...
കാണാ കാഴ്ചയിലും നിറവാകുന്നു നീ...
നീയറിയാതെ കാണുമ്പോഴൊക്കെയും
സ്വന്തമെന്തെന്നറിയുന്നു ഞാൻ...
നീയെന്നുമെൻ്റേതെന്നറിയുന്നു ഞാൻ...
നീയില്ലാതെ എൻ ജന്മമെത്ര ശൂന്യം... 
നീയില്ലെങ്കിൽ എന്തിനെൻ ജീവൻ...."
കാര്യങ്ങള്‍ മറ നീക്കി തെളിഞ്ഞു തുടങ്ങി. കാലിന്നടിയിലൂടെ തണുപ്പ് അരിച്ചു കയറി.... ശരീരമാകെ വിറച്ച് തളരുന്ന പോലൊരു തോന്നല്‍.... മുറിയിലാകെ വേർതിരിച്ചറിയാനാവാത്ത ഒരു സുഗന്ധം നിറഞ്ഞു... അവളുടെ സാമീപ്യമാണോ...? തലയുയര്‍ത്തി നോക്കി. 
മുറിയില്‍ ദേവിക ടീച്ചറും, സൂരജിന്റെ അമ്മയുമുണ്ടായിരുന്നു... 
അമ്മയില്‍ നിന്ന് നേർത്തൊരു തേങ്ങലുയര്‍ന്നു...... നിശാന്ത് ഒന്നും മിണ്ടാതെ അവിടെ നിന്നും പുറത്തേക്കിറങ്ങി. കൂടെ ദേവിക ടീച്ചറും....
സ്ഥലകാല ബോധമില്ലാതെ നിശാന്ത്  വേഗതയോടെ മുന്നോട്ട് നടന്നു... നിശാന്തിൻ്റെ ഒപ്പം എത്താൻ ദേവിക ടീച്ചറും നടത്തത്തിന് വേഗത കൂട്ടി... വലിയ ഒരു തണൽ മരത്തിനോട് ഓരം ചേർന്ന് അവർ നിന്നു... നെറ്റിയിലൂടെ ഒലിച്ചിറങ്ങിയ വിയർപ്പ് കർച്ചീഫ് കൊണ്ട് തുടച്ച്, നിശാന്ത് ദേവിക ടീച്ചറിനെ നോക്കി.
"ടീച്ചർ, എനിക്ക് ഒന്നും അറിയുന്നില്ല... ഈ കുട്ടി എന്തിന് ഇങ്ങനെ ഒരു അബദ്ധം കാണിച്ചു എന്ന് എനിക്ക് ഇപ്പോഴും മനസ്സിലാകുന്നില്ല..."
"സാറിന് ഇതിൽ ഒരു പങ്കുമില്ലെന്ന് എല്ലാവർക്കുമറിയാം..." ദേവിടീച്ചര്‍ പതുക്കെ പറഞ്ഞു.
“അവൾ എൻ്റെ അടുത്ത കൂട്ടുകാരി ആയിരുന്നു... കോളേജിൽ വന്ന നാൾ മുതൽ സാറിനെ കണ്ടപ്പോൾ അവൾക്ക് സാറിനോട് ഒരു ഇഷ്ടമുണ്ടെന്ന് അറിഞ്ഞു... എപ്പോഴും സാറിനെ കുറിച്ച് ഓരോന്നും പറയുന്നത് കേൾക്കുമ്പോൾ അപ്പോഴൊക്കെ അതൊരു തമാശയായിട്ടേ ഞാന്‍ ആദ്യം കരുതിയുള്ളൂ... അധികമൊന്നും സംസാരിക്കാത്ത അവൾക്ക് സാറിനെ കുറിച്ച് പറയുമ്പോൾ നൂറ് നാവായിരുന്നു... ഒടുവിൽ ഒരു നാൾ, അവളുടെ ഇഷ്ടം സാറിൻ്റെ അടുത്ത് നേരിൽ പറയാൻ  ധൈര്യം ഉണ്ടാക്കി ഉറപ്പിച്ചപ്പോഴാണ് സാറിന്റെ വിവാഹമായെന്നറിയുന്നത്... അവളാകെ തളര്‍ന്നു. അവള് കോളേജിൽ  പോകാതെയായി... കുറച്ച് ദിവസം മാറി നിൽക്കുമ്പോൾ അവള് എല്ലാം മറക്കുമെന്നാണ് കരുതിയത്... എല്ലാം മറന്നെന്നും ഒരു കുഴപ്പവുമില്ല എന്നും എന്നെ കാണുമ്പോഴൊക്കെ ചിരിച്ച് തമാശ പറയുമായിരുന്നു... സങ്കടങ്ങൾ പുറമേ കാണിച്ചിരുന്നില്ലെങ്കിലും അതിന്റെ ആഴം എത്രത്തോളമുണ്ടായിരുന്നു എന്ന് സാറിന്റെ വിവാഹത്തിന്റെ അന്ന് ഞങ്ങൾ അറിഞ്ഞു... പക്ഷെ, ഇതുപോലൊരു വിഢിത്തം അവള്‍ ചെയ്യുമെന്ന് ഒരിക്കലും  നിനച്ചിരുന്നില്ല.... അത്രക്കും സ്മാര്‍ട്ടായിരുന്നു അവള്‍.... ജീവിതത്തിലെ ഓരോ കാര്യങ്ങൾക്കും വ്യക്തമായ കാഴ്ചപ്പാട് ഉണ്ടായിരുന്നു അവൾക്ക്... എന്നിട്ടും..." ദേവിക ഒരു നിമിഷം മിണ്ടാതെ നിന്നു...
"സാറിനെ കുറിച്ച് ഓർത്ത് ജീവനോടെ നീറി നീറി കഴിയുന്നതിനേക്കാൾ ഇതാണ് ശരി എന്നവൾ കരുതിക്കാണും....” ഒരു നെടുവീർപ്പോടെ പറഞ്ഞ് നിർത്തുമ്പോൾ ദേവിക ടീച്ചര്‍ വിതുമ്പി.
നിശാന്ത് ഓര്‍മ്മകളില്‍ ശാരികയുടെ മുഖം പരതി.... താനറിയാതെ പോയ പൊട്ടിച്ചിരിയുടെ തൂവല്‍സ്പര്‍ശം ഒരു മിന്നല്‍ പോലെ മനസ്സില്‍ പാറിപ്പറന്നു...  അതെ, ഇപ്പോൾ ഓർക്കുന്നു... താന്‍ പലപ്പോഴും കണ്ടിട്ടുണ്ട് ശാരികയെ....  എവിടെയൊക്കെയോ വെച്ച്  മുഖത്തോട് മുഖം കാണുമ്പോൾ ഒരു പുഞ്ചിരി... എപ്പോഴൊക്കെയോ സംശയം തീർക്കാനും തിരുത്താനുമെന്ന പോലെയുള്ള മിണ്ടലുകൾ...
വിവാഹത്തിന് ഒരു മാസം അവധിയെടുത്ത് നാട്ടിൽ പോയി തിരികെ എത്തിയ താൻ ഈ മരണവാർത്ത പോലും അറിഞ്ഞില്ലല്ലോ... പക്ഷെ, അറിഞ്ഞാലും ആ കുട്ടിയെ ഓർത്ത് വെക്കാൻ തക്കതായ ഒന്നും അവളില്‍ നിന്നുണ്ടായിട്ടില്ലല്ലോ....?!
ദേവിക ടീച്ചറില്‍നിന്നും കേട്ടതൊക്കെയും  വിശ്വസിക്കാനാവാതെ അംഗീകരിക്കാനാവാത്തതു പോലെ തല കുടഞ്ഞു. അറിയാതെയാണെങ്കിലും തന്നില്‍ വന്നു പതിച്ച പാപം എത്ര വലുതാണ്.... താൻ കാരണം ഒരു ജീവനാണ് പൊലിഞ്ഞത്... ചെവിക്കുള്ളില്‍ കടലിരമ്പുന്നതു പോലെ.... തലയ്ക്ക് വല്ലാത്ത ഭാരം.
ദേവിക ടീച്ചറിന്റെ വീടിനടുത്തെത്തിയപ്പോള്‍ അവര്‍ നിന്നു. ശാരികയുടെ വീട്ടില്‍ നിന്നും അധികദൂരമില്ല ദേവിക ടീച്ചറുടെ വീട്ടിലേക്ക്. വീട്ടില്‍ കയറിയിട്ടു പോവാം എന്ന് ടീച്ചര്‍ ക്ഷണിച്ചപ്പോള്‍ 'പിന്നെയാവാം' എന്ന മറുപടിയോടെ യാത്ര പറഞ്ഞു.
കോളേജിലെത്തിയപ്പോള്‍ കിളിയൊഴിഞ്ഞ കൂടു പോലെ അവിടെ ശൂന്യമായിരുന്നു. ബൈക്കെടുത്ത് പോരുമ്പോള്‍ ശാരികയുടെ ഡയറി പ്രത്യേകം ബാഗിൽ സൂക്ഷിച്ചു. 
വീട്ടിൽ എത്തിയപ്പോൾ നേരം ഒരുപാട് ഇരുട്ടി തുടങ്ങിയിരുന്നു... സിറ്റൌട്ടില്‍ തന്നെയും കാത്തു നില്‍ക്കുന്ന സുജിയെ ഗേറ്റില്‍ നിന്നു തന്നെ കണ്ടു. അപ്പോഴാണ് രാവിലെ പോരുമ്പോള്‍ കൊടുത്ത വാക്ക് ഓര്‍മ വന്നത്. 
“എന്തേ ഇത്ര വൈകിയേ....?” കണ്ടപ്പോള്‍ തന്നെ, താൻ എത്താൻ പതിവിലും വൈകിയതിലുളള പരിഭ്രമത്തോടെ സുജി ചോദിച്ചു.
“ഒരു പഴയ സുഹൃത്തിനെ കണ്ടു.... സംസാരിച്ചു വൈകി... സോറി.” അപ്പോള്‍ അങ്ങിനെ പറയാനാണ് തോന്നിയത്. കൂടുതലൊന്നും പറയാന്‍ നില്‍ക്കാതെ ധൃതിയിൽ അകത്തേക്ക് കയറി. പിറകില്‍ തന്നെ സുജിയുമുണ്ടായിരുന്നു.
“നേരത്തെ എത്തുമെന്നു കരുതിയാ ഞാൻ....” അവളുടെ സ്വരത്തില്‍ പരിഭവം കലരുന്നുണ്ട്.... തന്റെ മുഖത്തെ ഭാവമാറ്റം അവള്‍ക്ക് മനസ്സിലാവാതിരിക്കാന്‍ ശാന്തതയോടെ പറഞ്ഞു.
“നീയൊരു ചൂട് ചായയെടുക്ക്.... വല്ലാത്ത തലവേദന....” 
സുജി അടുക്കളയിലേക്ക് തിരിഞ്ഞപ്പോള്‍ മേശ വലിപ്പില്‍ ശാരികയുടെ ഡയറി വെച്ച് പൂട്ടി. ഡ്രസ്സുപോലും മാറ്റാതെ കട്ടിലില്‍ കയറിക്കിടന്നു.
സുജി ചായയുമായി വരുമ്പോള്‍ നിശാന്ത് കണ്ണടച്ചു കിടക്കുകയായിരുന്നു. അവന്റെ ക്ഷീണിച്ച കിടപ്പുകണ്ട് അവള്‍ അന്ധാളിപ്പോടെ അവന്റെ അടുത്ത് വന്നിരുന്നു.
“അയ്യോ, എന്താ പറ്റീത്...?” 
പരിഭവങ്ങളെ കുടഞ്ഞെറിഞ്ഞ് അവള്‍ അവന്റെ അടുത്തേക്ക് ചേർന്നിരുന്ന് നെറ്റിയില്‍ മെല്ലെ തലോടി. അവളുടെ മൃദുവായ തണുത്ത വിരലുകളുടെ സ്പര്‍ശനമേറ്റപ്പോള്‍ ആശ്വാസത്തോടെ കണ്ണുകള്‍ തുറന്നു.
“പാവം സുജി... അവള്‍ക്കറിയില്ലല്ലോ തന്റെ മനസ്സിന്റെ വിങ്ങല്‍.... വേണ്ട, അവളറിയേണ്ട.... ഈ ദുഃഖം തന്റെ സ്വകാര്യ സങ്കടമായി ഉള്ളിലിരിക്കട്ടെ... ” കണ്ണുകൾ നിറയുന്നത് അവൾ കാണാതിരിക്കാൻ വീണ്ടും കണ്ണുകൾ അടച്ചു... 
ശാരികയുടെ മുഖം ഹൃദയത്തില്‍ നിന്നും മായ്ച്ചുകളയാനുളള ശ്രമം പരാജയപ്പെടുന്ന സങ്കടത്തില്‍ ദേവിക ടീച്ചര്‍ പറഞ്ഞ വാക്കുകള്‍ വീണ്ടും മനസ്സില്‍ നിറഞ്ഞു. 
താനറിയാതെ തന്നെ സ്നേഹിച്ചവള്‍... തനിക്കായി ജീവിതം വെടിഞ്ഞവള്‍.... എന്തേ ഇതൊന്നും താനറിയാതെ പോയത്....? ഉത്തരവാദിത്തമുള്ള കുടുംബ പ്രാരാബ്ധങ്ങള്‍ക്കിടയില്‍ എല്ലാ ബാധ്യതകളും തീര്‍ത്ത് സ്വസ്ഥമായെന്ന് ആശ്വാസിച്ച് ജീവിക്കാൻ തുടങ്ങിയപ്പോഴാണ് ഒരു തീരാത്ത നൊമ്പരമായി ശാരിക മുമ്പിലെത്തുന്നത്... അതും ഒരു അത്ഭുതമായി സ്വപ്നത്തിലൂടെ... വിശ്വസിക്കാന്‍ പ്രയാസമുളള യാഥാര്‍ത്ഥ്യം... ആ മുഖം ഒരു കനൽ പോലെ നെഞ്ചിൽ കനം വെച്ച് നിറഞ്ഞു...

4
ഓരോന്ന് ആലോചിച്ച് കിടന്ന് ഉറക്കം വരാത്ത കണ്ണുകള്‍ തുറക്കുമ്പോള്‍ സുജി നല്ല ഉറക്കത്തിലായിരുന്നു. ചുറ്റിപ്പിടിച്ച് കിടക്കുന്ന അവളുടെ കൈ തന്റെ മേല്‍ നിന്ന് മെല്ലെ എടുത്തു മാറ്റി, അവളറിയാതെ എഴുന്നേറ്റു. ശബ്ദമുണ്ടാക്കാതെ മേശവലിപ്പ് തുറന്ന് ഡയറി എടുത്തു. ടേബിള്‍ ലാബിന്റെ അരണ്ട വെളിച്ചത്തില്‍ പേജുകള്‍ ഓരോന്നായി മറിച്ചു. അധിക പേജുകളും എഴുതാതെ വിട്ടിരിക്കുകയാണ്.... പകരം അതിലൊക്കെ തൻ്റെയും അവളുടെയും പേരുകൾ ചേർത്ത് എഴുതിയിരിക്കുന്നു... ഓരോ ചിത്രങ്ങൾ വരച്ച് അതിന് താഴെ  കുറിപ്പുകൾ... തന്നെ കണ്ട ആദ്യനാള്‍ മുതല്‍.... എഴുതിയവയില്‍ എല്ലാം തന്നെ തന്നോടൊപ്പമുള്ള സങ്കല്‍പ്പങ്ങള്‍.... തന്നോടായി പറയുന്ന വാക്കുകൾ കവിതകളായി കുറിച്ചിട്ട  സ്വപ്നങ്ങള്‍... തന്റെ വിവാഹത്തിന്റെ തലേദിവസത്തെ കുറിപ്പ്... അവസാന വരികള്‍....

“നീ എന്നെ വിട്ടു പോവുകയാണ്...
എന്നെ അറിയാതെ.....
നിന്റെ സ്നേഹം എനിയ്ക്കു നഷ്ടമാവുമെന്ന സത്യം യാഥാര്‍ത്ഥ്യമാവുകയാണ്...

ചുറ്റിനും മൗനം കനക്കുന്ന പുസ്തക കൂട്ടങ്ങളുടെ ഇടനാഴിയിൽ വെച്ചാണ് ആദ്യം കണ്ടത്..., ആ നിമിഷം മുതൽ പിന്നീടുള്ള ഓരോ നിനവിലും ആത്മാവിൽ ആടിത്തിമിർക്കുന്ന 
ആഘോഷമാണ് നീ...

നിനക്ക് ഞാൻ ആയിരത്തിൽ 
ആരോ ഒരാൾ മാത്രമായിരിക്കാം...
പക്ഷേ എനിക്ക് നീ ആൾക്കൂട്ടത്തിലും
ഏറെ പ്രിയപ്പെട്ട ഒരാൾ തന്നെയാണ്...

ഏറ്റവും പ്രിയപ്പെട്ടതായിട്ടും
ജീവൻ്റെ മിടിപ്പിനൊപ്പം 
തുടിക്കുന്ന ഇഷ്ടം 
സ്വന്തമാക്കാൻ കഴിയില്ല എന്നത് 
ഉള്ളു പിടയുന്ന സങ്കടവും 
ഉൾകൊള്ളാൻ കഴിയാത്ത സത്യവുമാണ്...

ഒരൽപനേരമെങ്കിലും 
നിൻ ഓർമകളിൽ നിന്ന് മാറ്റിവെക്കാനായെങ്കിൽ എന്ന് 
വാശി നിറച്ച് എത്ര അകലം കാണിക്കാൻ ശ്രമിച്ചാലും
മനസ്സിന് അതിനാവുന്നില്ല...

എല്ലാം വെറുതേ ആയിരുന്നുവെന്ന്
തിരിച്ചറിഞ്ഞതിൽ പിന്നെ,
നെഞ്ചിൽ കനം വെച്ച് വിങ്ങുന്ന വേദന എത്രത്തോളം ഉണ്ടെന്ന് 
പാതിരാത്രിയിലും 
ഉറക്കം വരാതെ കിടന്ന് അനുഭവിച്ചറിയണം...

ഹൃദയത്തിൽ ഭദ്രമായി സൂക്ഷിക്കുന്നത് കൊണ്ടാണ് നീ എനിക്ക് ഇപ്പോഴും 
ഇത്രമേൽ മനോഹരമായി തീരുന്നത്...

എന്റെ സ്വപ്നങ്ങള്‍, പ്രതീക്ഷകള്‍, സങ്കല്പങ്ങള്‍...
എൻ്റെ ശ്വാസത്തിൽ പോലും നീയാണ്...
നീയില്ലാതെ എനിക്കൊരു വസന്തമില്ല...
വേനലും വർഷവുമില്ല...
അത്രക്കും നീ എൻ്റെ ജീവനിൽ നിറയുന്നു...

ഇതെല്ലാം എന്റെ പൊട്ടത്തരങ്ങളാവാം...
വട്ടാണെന്ന് കളിയാക്കലുകളാവാം...
നിന്നെ ഞാന്‍ എത്രമാത്രം ഇഷ്ടപ്പെട്ടിരുന്നൂ എന്നറിയുമ്പോള്‍,
നീ എന്റെ അടുത്തുണ്ടാവില്ല..,
ഞാന്‍ ഈ ലോകത്തും.....
നിന്നോടുള്ള ഇഷ്ടം മനസ്സിൽ നിറച്ച് 
ഞാന്‍ പോവുകയാണ്....

പരസ്പരം തിരിച്ചറിയാതെ സ്നേഹത്തിന് വേണ്ടി ജീവൻ സമർപ്പിക്കുന്ന അവസാനത്തെ ഇര ഞാനാവട്ടെ...”

വ്യക്തമായി എഴുതിയ വരികള്‍ വായിച്ചു തീര്‍ന്നപ്പോള്‍ അതുവരെ നിയന്ത്രിച്ചിരുന്ന സങ്കടം കണ്ണീരായി ഒഴുകി. ചില സത്യങ്ങളുടെ യാഥാര്‍ത്ഥ്യങ്ങള്‍ സംഭവിക്കുന്നതെങ്ങനെയാണ്....? സ്വയം അറിയാതെ പോയൊരു കാര്യം വേദനയായി ഓര്‍മ്മപ്പെടുത്തി കൊണ്ട് ഒരു സ്വപ്നമായി വന്നതെന്തിനാണ്.... 
ഉത്തരം കിട്ടാത്ത ചോദ്യങ്ങളില്‍ ചിന്തകള്‍ ഉഴറി.... അപ്പോള്‍ അതുവരെ ഇല്ലാതിരുന്ന തണുത്ത കാറ്റ് തന്നെ തഴുകുന്നതറിഞ്ഞു..... കസേരയിലേക്കു ചാരിക്കിടന്ന്  കണ്ണടച്ചു. ശാരിക മുന്നില്‍ വന്നു നിൽക്കുന്നു.... അവള്‍ ചിരിക്കുകയാണ്.....
സ്വപ്നത്തില്‍ കണ്ടതിനേക്കാള്‍, ഫോട്ടോയില്‍ കണ്ടതിനേക്കാള്‍, നേരിൽ കണ്ടതിനേക്കാൾ, മനോഹരമായ ചിരി.... അവള്‍ നിശാന്തിന്റെ അടുത്തേക്കു വന്നു ചേര്‍ന്നിരുന്നു....
“എന്നെത്തേടി വന്നല്ലോ... എന്നെ അറിഞ്ഞല്ലോ..., അത്രയും മതി എനിയ്ക്ക്.... എനിയ്ക്കു ഒരുപാട്  സന്തോഷമായി.... ” 
നേർത്ത ചിരിക്കിടയില്‍ തേങ്ങല്‍ കലര്‍ന്നുവോ... അവളെ ആശ്വാസിപ്പിക്കാനായി അവൻ കൈ ഉയര്‍ത്തി.... അവള്‍ ഇരുന്നിടം ശൂന്യമായിരുന്നു.... ഒരു ഞെട്ടലോടെ ചുറ്റിനും നോക്കി... തന്റെ അടുത്ത് ആരുമില്ല. അപ്പോഴാണ് താനിവിടെ കസേരയില്‍ തന്നെ ഇരിക്കുകയായിരുന്നെന്ന് മനസ്സിലായത്. 
നിശാന്ത് അവിടെ നിന്നെഴുന്നേറ്റ് കട്ടിലില്‍ വന്നിരുന്നു. 
സുജി അപ്പോഴും ഗാഢമായ ഉറക്കത്തിലാണ്..... ഒരു കുഞ്ഞിന്റെ നൈർമല്യ ഭാവത്തോടെ ഉറങ്ങുന്ന സുജിയെ കുറേ നേരം നോക്കിയിരുന്നു.... 
ശാരിക ഇന്നലെ കണ്ട ഒരു സ്വപ്നം മാത്രമാണ്.... ഇവള്‍, ഇന്നെന്റെ കൂടെയുള്ള സത്യമാണ്.... 
തനിക്കിന്ന്, തൻ്റെ പ്രിയപ്പെട്ടവൾക്ക് വിവാഹ സമ്മാനമായി ഒന്നും കൊടുക്കാനാവാതെ പോയ കുറ്റബോധത്തോടെ അലിവോടെ അവളെ നോക്കി... സുജിയുടെ ശാന്തമായ ഉറക്കം നഷ്ടപ്പെടാതിരിക്കാനുള്ള ശ്രദ്ധയോടെ കൈക്കുമ്പിളിൽ അവളുടെ മുഖം കൂട്ടിപ്പിടിച്ച്, മുടിയിഴകൾ വീണ് കിടക്കുന്ന നെറ്റിയില്‍ മെല്ലെ ഒരു ഉമ്മ വെച്ചു....  ഉറക്കത്തിന്റെ ആലസ്യത്തോടെ സുജി കണ്ണുകൾ തുറന്നു... ചെറു പുഞ്ചിരിയോടെ അവള്‍ നിശാന്തിന്റെ നേര്‍ക്ക് തിരിഞ്ഞു കിടന്നു.
***
Saturday, July 2, 2011